കരമന കൂട്ടമരണം; ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്; മറ്റുള്ളവരുടെ മരണത്തിലും സംശയം

തിരുവനന്തപുരം കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം ദുരൂഹമെന്ന് ക്രൈംബ്രാഞ്ച്. സ്വഭാവിക മരണമല്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. കൊലപാതക കുറ്റം ചുമത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കി. കാര്യസ്ഥന്‍ രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും.

ജയമാധവന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയ പൊലീസിന് അദ്ദേഹത്തിന്റെ കുടുംബത്തിലെ കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നടന്ന ഗൂഡാലോചനയെ കുറിച്ചുമുള്ള വിവരങ്ങളാണ് ലഭിച്ചത്.

അബോധാവസ്ഥയില്‍ വീട്ടില്‍ കണ്ട ജയമാധവന്‍ നായരെ ഓട്ടോയില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചുവെന്നായിരുന്നു രവീന്ദ്രന്‍ പൊലീസിന് നല്‍കിയ മൊഴി.

മരണത്തിന് മുമ്പ് സ്വത്തുക്കള്‍ വില്‍ക്കാന്‍ തനിക്ക് അനുമതി പത്രം നല്‍കിയെന്നും രവീന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ മൊഴി ശരിയില്ലെന്ന് സ്ഥാപിക്കുന്ന തെളിവുകളാണ് പൊലീസിന് ലഭിച്ചത്.

‘കൂടത്തില്‍’ തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍മാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടെയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയുടെയും നാട്ടുകാരനായ അനില്‍കുമാറിന്റെയും പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

കാര്യസ്ഥനടക്കമുള്ളവര്‍ക്കു കൊലപാതകത്തില്‍ പങ്കുണ്ടോയെന്നാണ് അന്വേഷിച്ചത്. തലയ്‌ക്കേറ്റ പരുക്കാണ് ജയമാധവന്‍ നായരുടെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിലുമുണ്ടായിരുന്നത്.

മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകള്‍ എങ്ങനെ സംഭവിച്ചു എന്നറിയാനാണ് ഫൊറന്‍സിക് പരിശോധന നടത്തിയത്. സ്ഥലത്തുനിന്ന് രക്തക്കറ പുരണ്ട തടിക്കഷ്ണം അടക്കം ശേഖരിച്ചിരുന്നു. സഹോദരന്‍ ജയപ്രകാശ് രക്തം ഛര്‍ദ്ദിച്ചാണ് മരിച്ചതെങ്കിലും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News