ബോളിവുഡ് താരങ്ങളായ കരീന കപൂറിനും സെയ്ഫ് അലി ഖാനും ഒരു ആൺകുഞ്ഞ് കൂടി പിറന്നു. ഇന്ന് വൈകുന്നേരം 4:45നാണ് കരീനയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തങ്ങൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് കരീനയും സെയ്ഫും ലോകത്തെ അറിയിച്ചത്.
“കുടുംബത്തിലേക്ക് ഒരംഗത്തേ കൂടി കാത്തിരിക്കുകയാണെന്ന വിവരം വളരെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു. അഭ്യുദയകാംക്ഷികൾക്കും അവരുടെ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി,” എന്നായിരുന്നു ഇരുവരുടേയും വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചത്.
ആരാധകർ സ്നേഹത്തോടെ സെയ്ഫീന എന്നു വിളിക്കുന്ന കരീന- സെയ്ഫ് ജോഡികൾ ആദ്യമൊന്നിക്കുന്നത് ‘തഷാൻ’ എന്ന ചിത്രത്തിന്റെ സെറ്റിലാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2012 ലാണ് ഇരുവരും വിവാഹിതരായത്. 2016 ഡിസംബറിൽ 20നാണ് മകൻ തൈമൂറിന്റെ ജനനം. പട്ടൗഡി കുടുംബത്തിലെ ഇളംതലമുറക്കാരനായ തൈമൂര്‍ അലി ഖാന്‍ ജനിച്ച അന്നു മുതൽ സമൂഹമാധ്യമങ്ങളിലെ താരമാണ്.
സെയ്ഫ് അലി ഖാൻ- കരീന ദമ്പതികളുടെ മകൻ എന്ന രീതിയിലായിരുന്നു ആദ്യം തൈമൂറിനു പിന്നാലെയുള്ള പാപ്പരാസി ക്യാമറകളുടെ നടപ്പെങ്കിൽ, ഇപ്പോൾ അവരോളമോ അവരിൽ കൂടുതലോ ഫാൻസുണ്ട് പട്ടൗഡി കുടുംബത്തിലെ ഈ കുഞ്ഞു രാജകുമാരന്. എവിടെപ്പോയാലും തൈമൂറിന് പിറകെയാണ് ക്യാമറകൾ. തൈമൂറിന്റെ കുസൃതികളും കുറുമ്പുകളും എന്തിന് ആംഗ്യങ്ങൾ പോലും പാപ്പരാസികൾക്ക് ഇന്ന് വാർത്തയാണ്. ബോളിവുഡ് താരങ്ങളുടെ മക്കളിൽ പാപ്പരാസികൾ വിടാതെ പിന്തുടരുന്ന ഒരാളാണ് തൈമൂർ.
ടോം ഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗമ്പി’ന്റെ ഹിന്ദി റീമേക്കായ ‘ലാൽ സിംഗ് ചദ്ദ’യാണ് പുറത്തിറങ്ങാനുള്ള കരീന ചിത്രം. ചിത്രത്തിൽ ആമിർ ഖാനാണ് നായകൻ. ചിത്രത്തിലെ കരീനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ഫെബ്രുവരി 14ന് പ്രണയദിനത്തിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
Get real time update about this post categories directly on your device, subscribe now.