സുജാതയ്ക്ക് തമിഴ്നാട് സർക്കാരിന്‍റെ പുരസ്കാരം

തമിഴ്നാട് സർക്കാരിന്‍റെ ഏറ്റവും വലിയ പുരസ്കാരങ്ങളിൽ ഒന്നായ കലൈമാമണി അവാർഡ് ആണ് സുജാതയെ തേടിയെത്തിയിരിക്കുന്നത്

മലയാളത്തിന്‍റെ അഭിമാന ഗായിക സുജാതയ്ക്ക് തമിഴ്നാട് സർക്കാരിന്‍റെ കലൈമാമണി പുരസ്കാരം. കലാ, സാഹിത്യ രംഗത്തെ മികവിന് തമിഴ്നാട് ഇയൽ അസൈ നാടക മൺട്രം നൽകി വരുന്ന പുരസ്കാരമാണ് കലൈമാമണി. മലയാളിയും സിനിമ സീരിയൽ നടിയുമായ ശാന്തി വില്യംസ്, സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, ശിവ കാർത്തികേയൻ, ഐശ്വര്യ രാജേഷ്, യോഗി ബാബു എന്നിവർക്കും പുരസ്കാരമുണ്ട്.

തമിഴ്നാട് സർക്കാരിന്‍റെ ഏറ്റവും വലിയ പുരസ്കാരങ്ങളിൽ ഒന്നാണ് വർഷാവർഷം നൽകി വരുന്ന കലൈമാമണി അവാർഡ്. മുൻപും സുജാതയെ തേടി ഈ പുരസ്കാരം എത്തിയിട്ടുണ്ട്.

മധുരമനോഹരമായ പാട്ടുകളാലും സ്വരമാധുരിയാലും തെന്നിന്ത്യൻ സംഗീത പ്രേമികളുടെ ഇഷ്ടം കവർന്ന ഗായികയാണ് സുജാത മോഹൻ. പന്ത്രണ്ട് വയസ്സ് മുതൽ മലയാള സിനിമയിൽ പാടി തുടങ്ങിയ സുജാത പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു.

ജന്മനാ സംഗീത വാസന പ്രകടമാക്കിയിരുന്ന സുജാത എട്ടാം വയസ്സിൽ കലാഭവനിൽ ചേർന്നതാണ് ജീവിതത്തിൽ വഴിത്തിരിവായത്. കലാഭവൻ സ്ഥാപകൻ ആബേലച്ചൻ രചിച്ച് പുറത്തിറക്കിയ ക്രിസ്തീയ ഭക്തി ഗാനങ്ങളിലാണ് ആദ്യം സുജാതയുടെ മധുരശബ്ദം ആദ്യം മലയാളി കേട്ടത്.

പത്താം വയസ്സിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയ സുജാത, ഒൻ‌പത് വയസ്സു മുതൽ യേശുദാസിനൊപ്പം ഗാ‍നമേളകളിൽ പാടി തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലത്ത് കൊച്ചു വാനമ്പാടി എന്ന പേരിലായിരുന്നു അറിയപ്പെട്ടത്.

‘ടൂറിസ്റ്റ് ബംഗ്ലാവ്’ (1975) എന്ന ചിത്രത്തിനു പിന്നണി പാടിയാണ് സുജാത ചലച്ചിത്ര രംഗത്തേക്കു വന്നത്. ഓ.എൻ.വി. കുറുപ്പ് എഴുതി എം.കെ. അർജ്ജുനൻ മാസ്റ്റർ ഈണമിട്ട ‘കണ്ണെഴുതി പൊട്ടു തൊട്ട്’ എന്ന ഗാനമാണ് സുജാത ആദ്യമായി പാടിയ സിനിമാഗാനം. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുറച്ചുനാൾ സിനിമാപിന്നണി ഗാനമേഖലയിൽ നിന്നും വിട്ടുനിന്ന സുജാത വിവാഹ ശേഷമാണ് പിന്നീട് സജീവമായത്.

കേരള, തമിഴ്‌നാട് സർക്കാരുകൾ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നിരവധി തവണ നൽകി ഈ ഭാവ ഗായികയെ ആദരിച്ചിട്ടുണ്ട്. അമ്മയുടെ വഴിയെ മകൾ​ ശ്വേത മോഹനും സംഗീതലോകത്തേക്ക് എത്തിയതോടെ മലയാളികളുടെ പ്രിയപ്പെട്ട സംഗീതകുടുംബമാണ് സുജാതയുടേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here