സച്ചിനെ രാഷ്ട്രീയം ‘പഠിപ്പിച്ച്’ സോഷ്യല്‍ മീഡിയ,അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ താങ്ങുവിലയ്ക്ക് മുംബൈ എടുത്തില്ലേ?

ഇതാണ് കര്‍ഷകരും പറയുന്നത്’; സച്ചിനെ രാഷ്ട്രീയം ‘പഠിപ്പിച്ച്’ സോഷ്യല്‍ മീഡിയ

ഐപിഎല്‍ താരലേലത്തിന് പിന്നാലെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനോട് രാഷ്ട്രീയം പറഞ്ഞ് സോഷ്യല്‍ മീഡിയ. ഐപിഎല്‍ താരലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിരുന്നു. അടിസ്ഥാന വില അഥവാ താങ്ങുവിലയ്ക്ക് വേണ്ടിയാണ് കര്‍ഷകരും സമരം ചെയ്യുന്നതെന്ന് സച്ചിന്‍ ഓര്‍ക്കേണ്ടതുണ്ടെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. ഒരു വ്യക്തിയുടെ താരമൂല്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് മിനിമം ലേല തുക നിശ്ചയിക്കുന്നത്. ഫ്രാഞ്ചൈസികള്‍ കളിക്കാരെ കുറഞ്ഞ വിലയ്ക്ക് ടീമിലെടുക്കുന്നത് അടിസ്ഥാന വില തടയും.

രാജ്യ തലസ്ഥാനത്ത് മാസങ്ങളായി സമരത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെയും പ്രധാന ആവശ്യങ്ങളിലൊന്ന് താങ്ങുവിലയുമായി ബന്ധപ്പെട്ടതാണ്. കര്‍ഷകര്‍ക്ക് അര്‍ഹമായ വില നിഷേധിക്കുന്നത് തടയിടാന്‍ താങ്ങുവിലയ്ക്ക് കഴിയും. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം ഏറ്റവും ആഘാതമേല്‍ക്കാന്‍ പോകുന്നത് താങ്ങുവിലയ്ക്കും കര്‍ഷകരുടെ വിപണിക്കുമാണ്. സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ നിന്നും പിന്തുണ എത്തിയതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. സമ്മര്‍ദ്ദം വര്‍ധിക്കുന്നതിനിടയിലാണ് സച്ചിന്‍ ‘രക്ഷകനായി’ അവതരിക്കുന്നത്. ട്വിറ്ററില്‍ അന്താരാഷ്ട്ര പിന്തുണയ്‌ക്കെതിരെ സച്ചിന്‍ കുറിപ്പ് പങ്കുവെച്ചു.

സച്ചിന്റെ കുറിപ്പിന് പിന്നാലെ കായിക രംഗത്തുള്ള സെലിബ്രറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കേന്ദ്രത്തിന് പിന്തുണയുമായി എത്തി. സച്ചിന്‍ ഉള്‍പ്പെടെയുള്ളവരുടെ ട്വീറ്റുകള്‍ തമ്മിലുള്ള സമാനത കണ്ടെത്തിയതോടെ കേന്ദ്ര സര്‍ക്കാരാണ് ട്വീറ്റിന് പിന്നിലെന്ന് വിമര്‍ശനമുയര്‍ന്നു. വിഷയത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News