‘കേരളം പൊതുവേ പ്രതീക്ഷിക്കുന്ന ഒന്നാണ് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച’ ; ഡോ. സെബാസ്റ്റ്യന്‍ പോള്‍

കേരളം പൊതുവേ പ്രതീക്ഷിക്കുന്ന ഒന്നാണ് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ചയെന്ന് മാധ്യമ നിരീക്ഷകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍. ഭരണത്തുടര്‍ച്ച എന്നത് സാധാരണ ഗതിയില്‍ ചര്‍ച്ചാവിഷയമാകുന്ന ഒന്നല്ല. ഒന്നിടവിട്ട് എല്‍ഡിഎഫ്-യുഡിഎഫ് എന്നിങ്ങനെ ആയിരുന്നല്ലോ പോക്ക്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഇപ്രാവശ്യം എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നതാണ് പൊതു സംസാരമെന്നും സെബാസ്റ്റ്യന്‍ പോള്‍ കൈരളി ന്യൂസിനോട് വ്യക്തമാക്കി.

രണ്ടു സര്‍വ്വേകളും അസാധാരണമായ രീതിയില്‍ സമാനസ്വഭാവം കാണിക്കുന്നുണ്ട്. രണ്ട് സര്‍വ്വേകളുടെയും ഫലത്തിലും എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരും, ഭരണത്തുടര്‍ച്ച ഉണ്ടാകും എന്നാണ് കണക്കുകള്‍ പറയുന്നത്.

സര്‍വേയില്‍ പങ്കെടുത്തവരോട് ചോദിച്ച ചോദ്യങ്ങളില്‍ തന്നെ ഉത്തരം അടങ്ങിയിരുന്നു. എല്‍ഡിഎഫിന് പ്രതികൂലമായി ലഭിക്കേണ്ട ഉത്തരം അടങ്ങിയ ചോദ്യങ്ങള്‍ക്കുള്‍പ്പെടെ പാര്‍ട്ടിക്ക് അനുകൂലമായ രീതിയിലുള്ള ഉത്തരങ്ങളാണ് ലഭിച്ചത്. സര്‍വേയില്‍ പങ്കെടുത്തവര്‍, ഉത്തരം നല്‍കിയവര്‍, കൃത്യമായ രീതിയില്‍ അവരുടെ നിലപാട് വ്യക്തമാക്കി.

ഇന്ന് കേരളത്തില്‍ ചര്‍ച്ച ചെയ്യുന്നതായ എല്ലാ ചോദ്യങ്ങളും വന്നിട്ടുണ്ട്. ജനങ്ങള്‍ അങ്ങനെ പ്രതികരിക്കുമ്പോള്‍ അതില്‍ സ്വാഭാവികത ഉണ്ട്. കേരളം പൊതുവേ പ്രതീക്ഷിക്കുന്ന ഒന്നാണത്. ആ സംസാരത്തിന് നിരക്കുന്ന രീതിയില്‍ അനുയോജ്യമായ രീതിയില്‍ തന്നെയാണ് സര്‍വ്വേ ഫലങ്ങള്‍ വന്നിരിക്കുന്നത്. അതില്‍ അസാധാരണമായി ഒന്നും തന്നെ തോന്നുന്നില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി.

സര്‍വ്വേയില്‍ പലരുടെയും പ്രതികരണങ്ങള്‍ കാണുന്നതിനുള്ള അവസരവും എനിക്ക് ഉണ്ടായി. അങ്ങനെ വരുമ്പോള്‍ ആ സര്‍വ്വേ ഫലങ്ങള്‍ പൂര്‍ണമായും നിരാകരിക്കുന്ന കാര്യമില്ല. അതില്‍ ഒരു അടിസ്ഥാനമുണ്ട് സര്‍വേ നടത്തിയ ചാനലുകളുടെ സ്വഭാവം നിലപാട് അവരുടെ ഉദ്ദേശം ഒക്കെ നമുക്കറിയാം.

ഉദ്ദേശ ശുദ്ധിയോടെ ഒന്നും ആയിരിക്കണമെന്നില്ല അങ്ങനെ നടത്തിയത്. പക്ഷേ വെളിപ്പെട്ട കണക്കുകള്‍, പ്രസ്താവിക്കുന്ന പ്രതികരണം അത് ശരിയാണ് എന്നാണ് ഇന്നത്തെ കേരള സാഹചര്യങ്ങളില്‍ നിന്നും ആര്‍ക്കും ബോധ്യമാവും.

ജനാധിപത്യവും മാധ്യമവും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന എല്ലാ രാജ്യങ്ങളിലും ഇത്തരത്തിലുള്ള സര്‍വ്വേകള്‍ നടത്തപ്പെടാറുണ്ട്. അതിനൊരു അക്കാദമിക സ്വഭാവമുണ്ട്. അതിനപ്പുറത്തേക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുമോ , അല്ലെങ്കില്‍ ജനങ്ങളുടെ നിലപാട് കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണോ എന്നെനിക്കറിയില്ല.

എന്റെ തന്നെ വ്യക്തിപരമായ അനുഭവം പറയുകയാണ്. ഞാന്‍ 1997 ലും ലോക്‌സഭയിലേക്കു മത്സരിച്ചു. 2003ല്‍ മത്സരിച്ചപ്പോഴും ഈ രണ്ടു പ്രാവശ്യവും നടന്ന സര്‍വേകള്‍, അന്ന് ഇതുപോലെ വിപുലമായ സര്‍വേകളില്ലായിരുന്നു. പക്ഷേ പരിമിതമായ തോതില്‍ നടത്തപ്പെട്ട സര്‍വ്വേ ഫലങ്ങള്‍ എനിക്ക് എതിരായിരുന്നു.

പക്ഷെ ഫലം വന്നപ്പോള്‍ ഞാന്‍ ജയിക്കുകയും ചെയ്തു. പക്ഷേ, ആ അവസ്ഥയില്‍നിന്ന് കേരളം മാറി. വളരെ ശാസ്ത്രീയമായി രീതിയില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.

ഇവിടെ ഈ സര്‍വേ ഫലങ്ങള്‍ ഏറെക്കുറെ ശരിയാണ് എന്ന് ഞാന്‍ പറയാന്‍ കാരണം ഈ സര്‍വേ ഫലങ്ങള്‍ വരുന്നതിനു മുമ്പ് തന്നെ കേരളത്തിലെ പൊതു സംസാരം ഇതായിരുന്നു. പിണറായി വിജയന്‍ ഒരിക്കല്‍ കൂടി ജയിക്കാന്‍ പോകുന്നു, എല്‍ഡിഎഫിന് ഒരു അവസരം കൂടി കിട്ടാന്‍ പോകുന്നു, ഭരണത്തുടര്‍ച്ച, എന്നിങ്ങനെയുള്ള വാക്കുകള്‍ എത്രയോ കാലമായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്.

ആ ചാനലുകളുടെ ഭാഗത്തു നിന്ന് വ്യക്തിപരമായ സ്വന്തം താല്പര്യങ്ങളെ അടിസ്ഥാനമാക്കി വസ്തുതകളെ വളച്ചൊടിക്കാന്‍ ഉള്ള ശ്രമം ഉണ്ടായിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍. അതുകൊണ്ടുതന്നെയാണ് ഈ രീതിയിലുള്ള ഫലം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News