വെഞ്ഞാറമൂട് കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ ഹക്ക് മുഹമ്മദിന്റെ ഭാര്യ മനോരമ പത്രാധിപര്‍ക്ക് എഴുതിയ കത്ത് ഇങ്ങനെ:
വെഞ്ഞാറമൂട് കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ ഹക്ക് മുഹമ്മദിന്റെ ഭാര്യയാണ് ഞാന്‍. സഹിക്കാന്‍ കഴിയാത്ത വേദനയോടെയാണ് ഈ കത്ത് എഴുതുന്നത്. നിവൃത്തികേട് കൊണ്ടാണ് ജീവിതത്തില്‍ ആദ്യമായി ഇങ്ങനെ ഒന്ന് എഴുതാന്‍ നിര്‍ബന്ധിതയാവുന്നത്.
കൊല്ലപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവും സി പി ഐ എം പ്രവര്‍ത്തകനുമായ ഹക്ക് മുഹമ്മദിന്റെയും മിധിലാജിന്റെയും രാഷ്ട്രീയ കൊലപാതകത്തെ സംബന്ധിച്ച്
ഫോറന്‍സിക് റിപ്പോര്‍ട്ട് കണ്ടെത്തല്‍ എന്ന പേരില്‍ മനോരമ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഞങ്ങളുടെ കുടുംബത്തെയാകെ വേദനിപ്പിക്കുന്നതാണ്. മരിച്ച പ്രിയപ്പെട്ടവരുടെ ഓര്‍മ്മയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെപ്പറ്റിയുള്ള നുണകള്‍ എങ്ങനെയാണ് സര്‍ സഹിക്കാന്‍ കഴിയുക?
നിങ്ങളുടെ അത്ര അറിവോ വിദ്യാഭ്യാസമോ ഇല്ലാത്ത ഒരു സാധാരണക്കാരിയാണ് ഞാന്‍. അത് കൊണ്ട് തന്നെ ഇന്ന് മനോരമ കൊല്ലപ്പെട്ട എന്റെ ഭര്‍ത്താവിനെ അപമാനിക്കുന്ന തരത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് കണ്ടെത്തല്‍ എന്ന പേരില്‍ ഒന്നാം പേജില്‍ എഴുതിയ വാര്‍ത്തയുടെ സത്യാവസ്ഥയെപ്പറ്റി ചില സംശയങ്ങള്‍ അങ്ങയോട് തന്നെ ചോദിക്കേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നു.
ഫോറന്‍സിക് റിപ്പോര്‍ട്ട് കണ്ടെത്തല്‍ എന്ന പേരില്‍ മനോരമ ഹക്കിനും മിധിലാജിനും എതിരെ ഇന്നത്തെ വാര്‍ത്തയിലൂടെ ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍ ഇവയാണ്.
1. വെഞ്ഞാമൂട് ഇരട്ട കൊലപാതകത്തില്‍ രാഷ്ട്രീയമില്ല എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.
2. കൊല നടത്താന്‍ എത്തിയവരാണ് വെഞ്ഞാറുമൂടില്‍ കൊലപാതകത്തിന് ഇരയായത്. കൃത്യം നടത്തുന്നതിനായി ഇവര്‍ ഗൂഢാലോചന നടത്തി.
3. എതിര്‍സംഘത്തിലെ ചിലരെ അപായപ്പെടുത്തുക എന്നതായിരുന്നു ഹക്കിന്റെയും മിഥിലാജിന്റെയും ലക്ഷ്യം.
4. മുഖംമൂടി ധരിച്ച്, ശരീരം മുഴുവന്‍ മൂടി പൊതിഞ്ഞാണ് കൊല്ലപ്പെട്ടവര്‍ ഉള്‍പ്പെടെ ആക്രമി സംഘം സ്ഥലത്തെത്തിയത്.
രണ്ട് സംഘങ്ങള്‍ തമ്മില്‍ ഉള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നും രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് തെളിവില്ല എന്നും ഫോറന്‍സിക് ലാബിലാണോ സര്‍ കണ്ടെത്തുന്നത്. ഫോറന്‍സിക് ലാബ് എന്ന് മുതലാണ് ഇത്തരം കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ തുടങ്ങിയത്. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണം എന്ന് ഫോറന്‍സിക് റിപോര്‍ട്ടില്‍ എവിടെയാണ് സര്‍ പറഞ്ഞിരിക്കുന്നത്.?
സര്‍, ഫോറന്‍സിക് വിഭാഗം എന്ന് മുതല്‍ക്കാണ് കൊലപാതകത്തിന്റെ കാരണം അന്വേഷിക്കാന്‍ തുടങ്ങിയത്. ശാസ്ത്രീയമായി ആയുധ പരിശോധനയും കുറ്റകൃത്യത്തിന്റെ ശേഷിപ്പുകളും പരിശോധിക്കാന്‍ നിയുക്തമായ ഒരു ഏജന്‍സിയാണോ കൊലപാതകത്തിന്റെ കാരണം കണ്ട് പിടിക്കുന്നത്. ഇതിന്റെ യുക്തിയെന്താണ്. പിന്നെ എന്തിനാണ് ഈ നാട്ടില്‍ പോലീസും മറ്റു സ്വതന്ത്ര അന്വേഷണ ഏജന്‍സികളും, എന്തിനാണ് കോടതികള്‍.
കൊലപാതകത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ലക്ഷ്യം കണ്ടത്തൊന്‍ നിലനില്‍ക്കുന്ന സംവിധാനമല്ല സര്‍ ഫോറന്‍സിക് ലാബ്. അത് താങ്കള്‍ക്ക് മാത്രമല്ല ഈ നാട്ടിലെ സാധാരണ മനുഷ്യര്‍ക്ക് പോലും ബോധ്യമുള്ള സംഗതിയാണ്.
സര്‍, പ്രിയപ്പെട്ടവന്റെ വേര്‍പാട് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയാതെ ജീവിക്കുന്ന ഒരു ഭാര്യയാണ് ഞാന്‍. സഖാവ് ഹക്കിന്റെ ഭാര്യ. കമ്മ്യൂണിസ്റ്റായതിനാല്‍ മാത്രം കോണ്‍ഗ്രസുകാര്‍ ക്രൂരമായി ഉത്രാട തലേന്ന് തെരുവില്‍ കൊലപ്പെടുത്തിയ സഖാവ് ഹക്കിന്റെ ഭാര്യ. ഞാന്‍ ഇതെഴുതുമ്പോള്‍ ഞങ്ങളുടെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍ എന്റെ അരികിലുണ്ട്.
അതില്‍ ഇളയ മകന്‍ അവന്റെ വാപ്പയെ കണ്ടിട്ട് പോലുമില്ല. അവനിന്ന് നാല്‍പത് ദിവസം പ്രായം തികയുന്നതെ ഉള്ളൂ. മരിച്ചവരെ വീണ്ടും വീണ്ടും കൊല്ലുന്നത് എന്തിനാണ് നിങ്ങള്‍? ജീവിച്ചിരിക്കുന്നവര്‍ക്ക് നിങ്ങള്‍ പറയുന്ന നുണകളോട് വിയോജിക്കാന്‍ എങ്കിലും കഴിയും. മരിച്ചവരോ? അവര്‍ക്ക് ഒരു കുതറല്‍ കൊണ്ട് പോലും നിങ്ങളുടെ നുണ പ്രചരണത്തോട് വിയോജിക്കാന്‍ കഴിയില്ല.
നാടിന്റെ ജീവനായി ജീവിച്ച രണ്ടു മനുഷ്യരെയാണ് ,അവരുടെ കുടുംബത്തെയും പ്രിയപെട്ട കൂട്ടുകാരെയുമാണ് വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകത്തില്‍ രാഷ്ട്രീയമില്ല എന്ന ഫോറന്‍സിക് റിപോര്‍ട്ടില്‍ ഒരിടത്തും പറയാത്ത നുണ ഒന്നാം പേജില്‍ തലകെട്ടായി നല്‍കുക വഴി താങ്കളുടെ പത്രം അപമാനിച്ചത്. അവര്‍ കൊലപാതകത്തിനു ഇറങ്ങി പുറപ്പെട്ടവരാണ് എന്ന അസംബന്ധം പറയുക വഴി മനോരമ ചെയ്യുന്നത് മറ്റൊന്നും അല്ല.
വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുമ്പോള്‍ കുറഞ്ഞ പക്ഷം അതില്‍ ഒരു ശതമാനം സത്യം എങ്കിലും കലര്‍ത്തുക. മരിച്ചവരെക്കുറിച്ച് ഓര്‍ത്തില്ലെങ്കിലും മരിക്കാത്ത അവരുടെ ഓര്‍മ്മകളില്‍ ജീവിക്കുന്ന ഉടഞ്ഞുപോയ മനുഷ്യരെ പറ്റിയെങ്കിലും ഓര്‍ക്കുക. ജീവിച്ചിരിക്കുന്നവരെ പറ്റി കള്ളം പറയും പോലെ അല്ല മരിച്ചവരെ പറ്റി കളവ് പറയുന്നത്.
അവരെ വെറുതെ വിടൂ സര്‍. മരിച്ചവരാണ് അവര്‍. നിങ്ങളുടെ രാഷ്ട്രീയ നിഴല്‍ യുദ്ധത്തില്‍ നിന്ന് അവരെ ഒഴിവാക്കുന്നത്, അവരെ പറ്റി നുണ പറയാതെ ഇരിക്കുന്നത്, മാധ്യമ പ്രവര്‍ത്തനത്തിന്റെ മാത്രമല്ല മനുഷ്യത്വത്തിന്റെ കൂടി ലക്ഷണമാണ്.
അങ്ങ് ഈ വാര്‍ത്ത തിരുത്തി കുറെക്കൂടി മനുഷ്യപ്പറ്റൊടെയും നെറിവോടെയും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകണം എന്ന് അപേക്ഷിക്കുന്നു. അങ്ങനെ ചെയും എന്ന് പ്രതീക്ഷിക്കുന്നു.
Get real time update about this post categories directly on your device, subscribe now.