തെരഞ്ഞെടുപ്പ് പ്രഖ്യാപനം എന്നായിരിക്കുമെന്ന് ‘പ്രവചിച്ച്’ പ്രധാനമന്ത്രി

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ഏഴിനായിരിക്കുമെന്ന് പ്രവചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രവചനം.

‘2016 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത് മാര്‍ച്ച് നാലിനായിരുന്നു. പക്ഷേ, ഞാൻ മനസ്സിലാക്കുന്നത് അടുത്ത മാസം ഏഴോട് കൂടി അതായത് മാർച്ച് ആദ്യവാരം അവസാനിക്കുന്നതോട് കൂടി ഈ തീയതി പ്രഖ്യാപിക്കും എന്നുള്ളതാണ്’- പ്രധാനമന്ത്രി മോദി പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിയതി പ്രഖ്യാപിക്കുന്നത് വരെ തെരഞ്ഞെടുപ്പ് നടക്കുന്ന അസം, പശ്ചിമ ബംഗാള്‍, പുതുച്ചേരി, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ പരമാവധി എത്താൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഏപ്രില്‍-മേയ് മാസങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓണവും വിഷുവും റംസാനും കണക്കിലെടുത്ത് വേണം തെരഞ്ഞെടുപ്പ് നടത്താനെന്നാണ് മുഖ്യരാഷ്ട്രീയകക്ഷികൾ ആവശ്യപ്പെട്ടതെങ്കിലും, പരീക്ഷകള്‍ കൂടി കണക്കാക്കിയാകും തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വ്യക്തമാക്കിയിരുന്നു.

നേരത്തെ കേരളം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ കമ്മീഷന്‍ പ്രതിനിധികള്‍ നേരിട്ടെത്തി സ്ഥിഗതികള്‍ വിലയിരുത്തിയിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഏപ്രിലിൽ മാസത്തില്‍ വേണമെന്നാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്‍റെയും ആവശ്യം. മേയിൽ തിരഞ്ഞെടുപ്പ് വേണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News