യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ.സുബൈർ രാജിവെച്ചു. കത്വ- ഉന്നാവോ ഫണ്ട് വിവാദത്തിന് പിന്നാലെയാണ് രാജി. ഫണ്ട് തട്ടിപ്പിൽ നിന്ന് മുഖം രക്ഷിക്കാനുള്ള ലീഗ് ശ്രമമാണ് രാജിയിൽ കലാശിച്ചത്.
പി കെ ഫിറോസിനെ സംരക്ഷിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി നേതൃത്വം സുബൈറിനോട് രാജി ആവശ്യപ്പെട്ടതായാണ് വിവരം. കത്വ – ഉന്നാവ ഫണ്ട് വെട്ടിപ്പ് ബാങ്ക് രേഖകൾ സഹിതം പുറത്ത് വന്നതോടെ ദേശീയ ജനറൽ സെക്രട്ടറി സുബൈറിനെ പ്രതിക്കൂട്ടിലാക്കാൻ യൂത്‌ലീഗിലെ ഒരുവിഭാഗം ബോധപൂർവ്വം ശ്രമിച്ചിരുന്നു.
മാധ്യമങ്ങൾക്ക് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കുന്നതിൽ സുബൈർ പരാജയപ്പെട്ടു എന്ന കുറ്റപ്പെടുത്തലും ഉണ്ടായി. ഇതിൻ്റെ തുടർച്ചയാണ് രാജി എന്നാണ് ലഭിക്കുന്ന വിവരം. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെയടക്കം വെട്ടിപ്പിന് നേതൃത്വം നൽകിയവരെ ലീഗ് നേതൃത്വം രക്ഷിക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്.
ഗ്രൂപ്പിസത്തിന്റെ ഭാഗമായി സുബൈറിനെ ബലിയാടാക്കി തെരഞ്ഞെടുപ്പിന് മുമ്പ് മുഖം രക്ഷിക്കാനുള്ള ലീഗ് നീക്കമാണ് സുബൈറിൻ്റെ രാജിയിൽ കലാശിച്ചത്. ഇതിന്റെ ഭാഗമായി ഡൽഹി കേന്ദ്രീകരിച്ച് മറ്റു ചില പരാതി കൂടി പാർടി നേതൃത്വം സുബൈറിനെതിരെ ഉയർത്തിക്കൊണ്ടുവന്നതായും വിവരമുണ്ട്.
സമ്മർദ്ദത്തിലാക്കി രാജി ആവശ്യപ്പെട്ടു എന്നാണ് സൂചന. ഗൂഢാലോചന തിരിച്ചറിഞ്ഞ് സബൈർ രാജിവെച്ചു എന്നാണ് സുബൈറിനെ അനുകൂലിക്കുന്നവർ നൽകുന്ന വിവരം. ലീഗ് ദേശീയ പ്രസിഡൻ്റ് ഖാദർ മൊയ്തീൻ, സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ്‌തങ്ങൾ എന്നിവർക്ക് രാജിക്കത്ത് കൈമാറിയതായാണ് അറിവ്.
Get real time update about this post categories directly on your device, subscribe now.