കോവിഡ്: യുഎസില്‍ മരണം 5,00,000 കവിഞ്ഞു; 2022 വരെ ജനങ്ങള്‍ മാസ്ക് ധരിക്കേണ്ടി വരുമെന്ന് ഡോ. ഫൗച്ചി

യുഎസില്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം ഫെബ്രുവരി 21 ഞായറാഴ്ച 500,000 കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജീവന്‍ ത്യജിക്കേണ്ടി വന്ന അമേരിക്കന്‍ ജനതയുടെ ഇരട്ടിയോളമാണ് മഹാമാരി തട്ടിയെടുത്തത്.

അതേസമയം കോവിഡ് മരണം 500,000 കവിഞ്ഞതോടെ വൈറ്റ് ഹൗസില്‍ പ്രത്യേക വിജില്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു. അതോടൊപ്പം മൗനാചരണവും ഉണ്ടായിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഫെബ്രുവരി അവസാനത്തോടെ അമേരിക്കയിലെ കോവിഡ് 19 മരണം 500,000 ലെത്തുമെന്ന് മാസങ്ങള്‍ക്ക് മുമ്പു തന്നെ പ്രവചിക്കപ്പെട്ടിരുന്നു. അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28206650 ആയി.

2022 വരെ എല്ലാവരും മാസ്‌ക്ക് ധരിക്കുകയും സാമൂഹ്യ അകലവും പാലിക്കുകയും ചെയ്യണമെന്നാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. ആന്റോണി ഫൗച്ചി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അടുത്ത വർഷം മാസ്‌ക്കുകൾ ആവശ്യമുണ്ടോയെന്ന് സി‌എൻ‌എന്‍റെ ‘സ്റ്റേറ്റ് ഓഫ് യൂണിയനിൽ’ ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പകർച്ചവ്യാധിക്കു മുമ്പുള്ള ജീവിതത്തിലേക്ക് പൂർണമായും രാജ്യം എപ്പോൾ മടങ്ങിവരുമെന്ന് തനിക്കറിയില്ലെന്നും, വർഷാവസാനത്തോടെ അത് സാധ്യമാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി കോവിഡിനുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കാൻ തുടങ്ങുമെന്ന് ഡോ. ആന്റോണി ഫൗച്ചി അറിയിച്ചു.

യുവജനങ്ങളിൽ ഷോട്ടിന്റെ ഫലപ്രാപ്തി പരിശോധിക്കുന്ന പരീക്ഷണങ്ങളുടെ ഫലങ്ങൾക്കായി ഉദ്യോഗസ്ഥർ കാത്തിരിക്കുകയാണെന്നും പ്രായം കുറഞ്ഞ വിദ്യാർത്ഥികൾക്ക് വാക്സിൻ ലഭിക്കാൻ കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുമെന്നും ഡോ. ഫൗച്ചി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News