‘പുതുച്ചേരി ഭരണത്തകര്‍ച്ച’ ; ഹൈക്കമാന്റിനെതിരെ ഒരു വിഭാഗം നേതാക്കള്‍

പുതുച്ചേരിയില്‍ ഭരണം നഷ്ടമായതില്‍ ഹൈക്കമാന്റിനെതിരെ ഒരു വിഭാഗം നേതാക്കള്‍. പുതുച്ചേരിയിലെ പ്രശ്‌നങ്ങള്‍ ഹൈക്കമാന്റ് ലാഘവത്തോടെ കണ്ടത് സര്‍ക്കാരിന്റെ പതനത്തിന് വഴിയൊരുക്കിയെന്ന് വിമര്‍ശനം. കോണ്‍ഗ്രസ് നേതാവായ സ്പീക്കര്‍ ബിജെപിക്ക് പരോക്ഷ സഹായം നല്‍കിയെന്നും ആരോപണമുയര്‍ന്നുകഴിഞ്ഞു.

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലം പതിച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ ആഭ്യന്തരകലഹവും ശക്തമാവുകയാണ്. കേന്ദ്ര ഭരണ പ്രദേശത്തെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതില്‍ പാര്‍ട്ടി ഹൈക്കമാന്റിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം.

2018 മുതല്‍ തന്നെ സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഒന്നോ രണ്ടോ എംഎല്‍എമാര്‍ മാത്രമേ രാജിവയ്ക്കൂ.. അതിനാല്‍ സര്‍ക്കാര്‍ സുരക്ഷിതമായിരിക്കുമെന്നായിരുന്നു ഹൈക്കമാന്റ് കണക്ക്കൂട്ടല്‍.

ബിജെപിയുടെ അട്ടിമറി നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ സാധിക്കാത്തതിന് ഇത് പ്രധാന കാരണമായെന്ന് വിമര്‍ശകരായ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ പ്രതിസന്ധി അമിതാത്മവിശ്വാസത്തോടെയും ലളിതമായും ഹൈക്കമാന്റ് കണ്ടുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

അരഡസനിലേറെ സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ച ബിജെപി രീതി വ്യക്തമാണെന്നിരിക്കെയാണ് ഹൈക്കമാന്റ് വിഷയം ലാഘവത്തോടെ കണ്ടുവെന്ന വിമര്‍ശനമെന്നതും ശ്രദ്ധേയം.

പുതുച്ചേരി സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ വി പി ശിവകൊളുന്ത് ബിജെപിക്ക് പരോക്ഷ സഹായം നല്‍കിയെന്നുള്ള ആക്ഷേപവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്.

എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള നീക്കങ്ങളില്‍ നടപടി സ്വീകരിച്ചില്ല, നാമനിര്‍ദേശം ചെയ്യപ്പെട്ട ബിജെപി അംഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കി തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് സ്പീക്കര്‍ക്കെതിരായ വിമര്‍ശനം.

ബിജെപി അംഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കിയ സ്പീക്കറുടെ നടപടിയില്‍ വി നാരായണസ്വാമി തന്നെ കടുത്ത അതൃപ്തിയിലാണ്. കഴിഞ്ഞ ദിവസം സഭ വിട്ടിറിങ്ങിയത് ഇതിന്റെ ഭാഗമെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here