
ഇടുക്കി ലൊക്കേഷന്‍ മാത്രമല്ല പശ്ചാത്തലവും ആക്കി നിര്‍മ്മിച്ച മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ വിജയമാണ് സിനിമാക്കാരുടെ മാപ്പില്‍ ഹൈറേഞ്ചിന്റെ ഗ്രാഫ് ഉയര്‍ത്തിയത്.
ഹൈറേഞ്ച് ഇപ്പോള്‍ സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനാണ്. സൗന്ദര്യം മാത്രമല്ല ഭാഗ്യവും കൊണ്ടുവരുന്നു ഇടുക്കിയെന്ന മിടുമിടുക്കിയെന്ന വിശ്വാസം സിനിമാക്കാരുടെ ഇടയില്‍ ശക്തമാണിപ്പോള്‍. മലയാളസിനിമാക്കാര്‍ മാത്രമല്ല അന്യഭാഷാക്കാരുമുണ്ട് ഇടുക്കി ലൊക്കേഷനാക്കി സിനിമ പിടിക്കാന്‍.
വാഗമണും തേക്കടിയും മൂന്നാറും ഒക്കെ സിനിമയില്‍ കണ്ട് പരിചയിച്ച ഇടുക്കിയിലെ സ്ഥലങ്ങളാണെങ്കില്‍ ഇപ്പോള്‍ പശ്ചാത്തലമാകുന്നത് അത്രയൊന്നും പരിചിതമല്ലാത്ത ഇടങ്ങളാണ് പ്രകൃതിയുടെ മടിത്തട്ടായ ഇടുക്കി സിനിമയുടെ ലൊക്കേഷനാകുന്നത് പുതിയ കാര്യമല്ല.
എന്നാല്‍ ഇടുക്കിയുടെയും ഇവിടത്തെ പച്ചയായ മനുഷ്യജീവിതത്തിന്റെയും കഥ പറയുന്ന സിനിമകള്‍ അധികമില്ല.അത്തരത്തിലൊരു ആവിഷ്ക്കാരമായിരുന്നു മലയോരത്തിന്റെ കൈയൊപ്പ് ചാര്‍ത്തിയ മഹേഷിന്റെ പ്രതികാരം.ഇടുക്കിയിലെ കുളമാവിലും പരിസരത്തും ചിത്രീകരിച്ച കടത്തനാട്ട് മാക്കം, നദി തുടങ്ങിയവയായിരുന്നു ആദ്യകാലത്തേ സിനിമകൾ.
മലയാറ്റൂരിന്‍റെ ഈറ്റ പിറന്നതും ഇടുക്കിയില്‍ വെള്ളിത്തിരയില്‍ മാസങ്ങളോളം നിറഞ്ഞുനിന്ന ഏക്കാലത്തെയും മികവുറ്റ ചിത്രം വൈശാലിയെ ഒപ്പിയെടുത്തതും ഇടുക്കിയിലെ കുളമാവില്‍ തന്നെ. ഇങ്ങനെ എടുത്തുപറയാന്‍ നിരവധി സിനിമകള്‍. മമ്മൂട്ടി നായകനായ ലൌഡ്സ് സ്പീക്കര്‍ തോപ്രാംകുടിയിലും, ഇടുക്കി ഗോള്‍ഡ് ഹൈറേഞ്ചിലെ വിവിധ സ്ഥലങ്ങളിലും ദിലീപ് നായകനായ വിനോദയാത്ര മുലമറ്റത്തും ലൈഫ് ഓഫ് ജോസ്കുട്ടി അയ്യപ്പന്‍കോവിലും, കിന്നാരത്തുമ്പികള്‍ വാഗമണിലും ചിത്രീകരിച്ചവയാണ്.ജയറാം നായകനായ വെറുതെയല്ല ഭാര്യ ഇടുക്കി പട്ടയം കവലയിലും,മോഹന്‍ലാലിന്റെ രസതന്ത്രവും ദിലീപിന്റെ കുഞ്ഞിക്കൂനന്‍ എന്നിവ അറക്കുളത്തും, കലാഭവന്‍ മണിയുടെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തൊടുപുഴയിലും ചിത്രീകരിച്ചതാണ്. വലിയ ഹിറ്റായി മാറിയ ലാലിന്റെ ദൃശ്യത്തിനും, ബിജുമേനോന്റെ വെള്ളിമൂങ്ങയ്ക്കും ലൊക്കേഷനായതും തൊടുപുഴയാണ്ബ്ളസി ഒരുക്കിയ മമ്മൂട്ടിയുടെ കാഴ്ചയും പളുങ്കും ഇടുക്കിയുടെ വശ്യസൌന്ദര്യത്തില്‍ രൂപപ്പെടുത്തിയതാണ്.
മോഹന്‍ലാലിന്‍റെ ഭ്രമരം മറയൂരിന്‍റെ സംഭാവനയാണ്. ബാലന്‍പിള്ള സിറ്റി എന്ന സ്ഥലപ്പേര് ഏവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത് എല്‍സമ്മ എന്ന ആണ്‍കുട്ടിയുടെ ചിത്രീകണത്തോടെയാണ്. കുഞ്ചാക്കോ ബോബനും ആന്‍ അഗസ്റ്റിനുമായിരുന്നു പ്രധാനകഥാപാത്രങ്ങള്‍.മമ്മൂട്ടിയും ശ്രീനിവാസനും തകര്‍ത്തഭിനയിച്ച കഥ പറയുമ്പോള്‍ ക്യാമറയില്‍ പകര്‍ത്താനും തോപ്രാംകുടി വേദിയായി. ഇടുക്കിയുടെ അതിര്‍ത്തി ഗ്രാമമായ കോട്ടയം ജില്ലയില്‍പ്പെടുന്ന മേലുകാവിലും ഈ സിനിമ ചിത്രീകരിച്ചു.മമ്മൂട്ടിയുടെ താപ്പാന പീരുമേട്ടിലും സുരേഷ് ഗോപിയുടെ ലേലം വാഗമണിലും ഏലപ്പാറയിലുമാണ് അണിയിച്ചൊരുക്കിയത്.
നിരവധി തമിഴ്, കന്നട സിനിമകളും ഇവിടെ പിറന്നു.ഷാരൂഖ്കാന്‍ നിറഞ്ഞാടിയ ചെന്നൈ എക്സ്പ്രസ്, അമലാപോള്‍ കേന്ദ്രകഥാപാത്രമായ മൈന തുടങ്ങിയ തമിഴ്സിനിമകള്‍ മൂന്നാറിന്‍റെ മനോഹാരിതയില്‍ വിരിഞ്ഞതാണ്.ഇടുക്കിയുടെ പച്ചപ്പില്‍ വര്‍ഷംതോറും വെള്ളിത്തിരിയിലെത്തുന്നത് ഇങ്ങനെ വിവിധ ഭാഷകളില്‍ നിരവധി സിനിമകള്‍.
പൃഥ്വിരാജ് നായകനായ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ജയിംസ് ആന്റ് ആലീസ് ഇടുക്കി പശ്ചാത്തലത്തിൽ ആണ്. പൃഥ്വിരാജിനൊപ്പം ഹൈറേഞ്ചിലെ 60ഓളം കലാകാരന്‍മാര്‍ക്കും ഈ സിനിമയില്‍ മുഖം കാണിക്കാന്‍ കഴിഞ്ഞു.ഹോളിവുഡിൽ ഏറ്റവും ശ്രദ്ധേയമായ ലൈഫ് ഓഫ് പൈൽ മൂന്നാറിന്റെ സൗന്ദര്യം കാണാം.
ലൈഫ് ഓഫ് പൈ
യാത്ര ചെയ്തിരുന്ന കപ്പല്‍ തകര്‍ന്ന്, ഒരു ബംഗാള്‍ കടുവയ്ക്കൊപ്പം ലൈഫ്ബോട്ടില്‍ കടല്‍ കടക്കുന്ന പൈ പട്ടേല്‍ എന്ന കുട്ടിയുടെ കഥ പറഞ്ഞ ഹോളിവുഡ് സിനിമയായിരുന്നു ലൈഫ് ഓഫ് പൈ. ഈ സിനിമയില്‍ ഇടയ്ക്കിടെ കാണിക്കുന്ന പനിനീര്‍ പൂന്തോട്ടങ്ങളും തേയിലത്തോട്ടങ്ങളുമെല്ലാം ചിത്രീകരിക്കാനായി സംവിധായകന്‍ ആംഗ് ലീ തെരഞ്ഞെടുത്തത് കേരളത്തിലെ മൂന്നാര്‍ ആയിരുന്നു.
പ്രകൃതിയുടെ എല്ലാ മനോഹര ഭാവങ്ങളും ഒത്തിണങ്ങിയ മൂന്നാറിന്‍റെ അപൂര്‍വ സൗന്ദര്യം പരമാവധി പൊലിമയോടെ ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കാന്‍ ഈ സിനിമയിലൂടെ സംവിധായകന് കഴിഞ്ഞു എന്നു വേണം പറയാന്‍.
ദില്‍ സേ എന്ന സിനിമയിലുള്ള ജിയ ജലേ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിലെ പുഞ്ചിരി തഞ്ചിക്കൊഞ്ചിക്കോ… എന്ന മലയാളം വരികൾ ശ്രദ്ധേയമാണ്.ആ പാട്ടിന്‍റെ പോപ്പുലാരിറ്റി വച്ച് നോക്കുമ്പോള്‍ ഒരു പക്ഷേ, ഏറ്റവും കൂടുതല്‍ അന്യഭാഷക്കാര്‍ കേട്ടിരിക്കാവുന്ന മലയാള പദം അതായിരിക്കും എന്ന് തോന്നുന്നു! എ.ആര്‍. റഹ്മാന്‍റെ മാന്ത്രിക സംഗീതവിരുന്നിനൊപ്പം കാഴ്ചക്കാരെ ത്രസിപ്പിച്ച് ഷാരൂഖും പ്രീതി സിന്റയും സ്ക്രീനിലെത്തിയപ്പോള്‍ കാഴ്ചക്കാര്‍ ശ്രദ്ധിച്ച മറ്റൊരു പ്രധാന കാര്യം അതിന്‍റെ പശ്ചാത്തലമായിരുന്നു. ഇടുക്കി ജില്ലയിലുള്ള നമ്മുടെ സ്വന്തം തേക്കടിയാണ് ആ ലൊക്കേഷന്‍. ജൈവവൈവിധ്യവും പ്രകൃതി സൗന്ദര്യവും ഒത്തുചേരുന്ന തേക്കടി എല്ലാ ഭാഷാ സിനിമാക്കാരുടെയും ശ്രദ്ധ കേന്ദ്രമായി.
മീശപ്പുലിമലയില്‍ മഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ? എന്ന് ചാര്‍ലി സിനിമയില്‍ ദുല്‍ഖര്‍ ചോദിച്ചത് കേട്ടപ്പോഴാണ് പലരും അങ്ങനെയൊരു സ്ഥലത്തെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നതു തന്നെ! തെക്കേ ഇന്ത്യയിലെ ട്രെക്ക് ചെയ്യാന്‍ പറ്റുന്ന കൊടുമുടികളില്‍ വച്ച് ഏറ്റവും ഉയരം കൂടിയ മീശപ്പുലിമല, ബോളിവുഡിന്‍റെ ഹൃദയം കവര്‍ന്നത് ചെന്നൈ എക്സ്പ്രസ് എന്ന ദീപിക-ഷാരൂഖ് പടത്തിലൂടെയായിരുന്നു.
ആ സിനിമയിലെ തിത്‌ലി എന്ന ഗാനത്തില്‍ ദീപിക പദുക്കോണ്‍ ആടിപ്പാടുന്നത് മീശപ്പുലിമലയിലാണ്.ഈ സിനിമയിലെ തന്നെ കശ്മീര്‍ മേ, തു കന്യാകുമാരി എന്ന സൂപ്പര്‍ഹിറ്റ് ഗാനവും ചിത്രീകരിച്ചത് കേരളത്തില്‍ തന്നെയാണ്. മൂന്നാര്‍ ആയിരുന്നു ആ ഗാനത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here