തന്റെ യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ കൊടുങ്കാറ്റുണ്ടാകുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രവചനം വാക്കുകള്‍ അച്ചട്ടായെന്ന് ധനമന്ത്രി തോമസ് ഐസക്.
പുതുച്ചേരി ഭരണം അട്ടിമറിക്കാനുള്ള ബിജെപിയുടെ കുതന്ത്രങ്ങള്‍ക്ക് കരുക്കളായത് കോണ്‍ഗ്രസിന്റെ തന്നെ എംഎല്‍എമാരാണെന്നും മന്ത്രി പരിഹസിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പരിഹസിച്ചത്.
തന്റെ യാത്ര തിരുവനന്തപുരത്തെത്തുമ്പോൾ കൊടുങ്കാറ്റുണ്ടാകുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രവചനം. ആ വാക്കുകൾ അച്ചട്ടായി. പക്ഷേ, പാറിപ്പോയത് ദക്ഷിണേന്ത്യയിലെ ഒരേയൊരു കോൺഗ്രസ് മന്ത്രിസഭയും. പുതുച്ചേരി ഭരണം അട്ടിമറിക്കാനുള്ള ബിജെപിയുടെ കുതന്ത്രങ്ങൾക്ക് കരുക്കളായത് കോൺഗ്രസിന്റെ തന്നെ എംഎൽഎമാർ.
കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ആറുപേരാണ് അമിത്ഷായുടെ ചാക്കിലേയ്ക്ക് സന്തോഷത്തോടെ നടന്നു കയറിയത്. കള്ളപ്പണമൊഴുക്കി ജനഹിതം അട്ടിമറിക്കുന്ന ബിജെപിയ്ക്കു മുന്നിൽ തുപ്പലിറക്കി നിൽക്കുകയാണ് കോൺഗ്രസ് നേതാക്കൾ.
“മേരാ നമ്പർ കബ് ആയേഗാ” എന്ന ആകാംക്ഷയിലാണ് കോൺഗ്രസിന്റെ നേതാക്കളും ജനപ്രതിനിധികളും. തങ്ങളുടെ സർക്കാരിനെ അട്ടിമറിച്ച ബിജെപിയ്ക്കെതിരെ പ്രതിപക്ഷ നേതാവോ സഹപ്രവർത്തകരോ ഇതേവരെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? ബിജെപിയുടെ കുതിരക്കച്ചവടത്തെക്കുറിച്ചോ ജനാധിപത്യത്തെ അട്ടിമറിക്കാൻ ഒഴുക്കുന്ന കള്ളപ്പണത്തെക്കുറിച്ചോ ഒരു രാഷ്ട്രീയവേവലാതിയും കോൺഗ്രസിനില്ല.
പ്രതിഷേധിക്കാൻ ഒരു വരി പ്രസ്താവനയില്ല. അമർഷം പ്രകടിപ്പിക്കാൻ ഒരു വാക്കുപോലും ഉച്ചരിക്കപ്പെടുന്നില്ല. പ്രലോഭനം തുടർന്നോളൂ, വശംവദരാകാൻ തങ്ങളും എപ്പോഴേ റെഡി എന്ന തുറന്ന സമ്മതമാണ് അവരുടെ മൌനത്തിൽ മുഴങ്ങുന്നത്.
പണവും അധികാരവും സ്ഥാനമാനങ്ങളും കോർത്ത ചൂണ്ട കോൺഗ്രസ് പാളയത്തിൽ സ്ഥിരമായി തൂക്കിയിരിക്കുകയാണ് ബിജെപി. ആ പ്രലോഭനത്തിനു കീഴ്പ്പെടുന്ന കോൺഗ്രസ് നേതാക്കളുടെ എണ്ണം അനുദിനം ഉയരുകയാണ്. സെലിബ്രിറ്റി സ്റ്റാറ്റസുള്ള നേതാക്കൾ മുതൽ എംഎൽഎമാരും ഏറ്റവും താഴെത്തട്ടിലുള്ള നേതാക്കളും വരെ ബിജെപിയിലേയ്ക്ക് ഒഴുകുകയാണ്.
കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ആറ് എംഎൽഎമാരാണ് പുതുച്ചേരിയിൽ ബിജെപിയുടെ അജണ്ടയ്ക്കു കീഴെ ഒപ്പുവെച്ച് രാജി സമർപ്പിച്ചത്. ഇതൊക്കെ എന്തുകൊണ്ട് സംഭവിക്കുന്നു? ഇത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാൻ എന്തുകൊണ്ട് കോൺഗ്രസ് നേതൃത്വം അശക്തമായി തുടരുന്നു?
കേരളത്തിൽ നാം കേൾക്കുന്ന വായ്ത്താരി എന്താണ്? കോൺഗ്രസ് പരാജയപ്പെട്ടാൽ പകരം ബിജെപി വരുമെന്നാണ്. ആ വാദത്തിന് എന്താണ് പ്രസക്തി? ജയിപ്പിച്ചിട്ടും കാര്യമില്ല എന്നല്ലേ പുതുച്ചേരിയിലെ അനുഭവം പഠിപ്പിക്കുന്നത്? അവിടെ കോൺഗ്രസിനെ ജനം അധികാരത്തിലേറ്റിയതാണ്. എംഎൽഎമാരെ വിജയിപ്പിച്ചു, ഭരണവും കൊടുത്തു. എന്നിട്ടെന്തായി? വിജയിച്ച കോൺഗ്രസുകാർ രായ്ക്കുരാമാനം രാജിവെച്ച് ബിജെപിയുടെ നിയന്ത്രണത്തിലായി. ജയിച്ചാലും തോറ്റാലും ഇന്നല്ലെങ്കിൽ നാളെ ബിജെപി എന്നതാണ് കോൺഗ്രസുകാരുടെ അവസ്ഥ.
അരുണാചൽ പ്രദേശിൽ 2014ലെ തിരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിൽ 42 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തി. രണ്ടു വർഷം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിയടക്കം 41 എംഎൽഎമാർ ബിജെപിയിലെത്തി. മധ്യപ്രദേശിൽ സ്വതന്ത്രർ അടക്കം 121 പേരുടെ പിന്തുണയോടെയാണ് കോൺഗ്രസ് നേതാവ് കമൽനാഥ് മുഖ്യമന്ത്രിയായത്. ജ്യോതിരാജ സിന്ധ്യ അടക്കം 26 പേരെ ചാക്കിലാക്കി അവിടെ ബിജെപി ഭരണം പിടിച്ചു.
മണിപ്പൂരിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചത് കോൺഗ്രസ്. 9 എംഎൽഎമാരെ ചാക്കിലാക്കി ഭരണം നേടിയത് ബിജെപി. ഗോവയിലും കോൺഗ്രസ് അംഗത്തെ കൂറുമാറ്റിയാണ് ബിജെപി അധികാരം പിടിച്ചത്.
കോൺഗ്രസിന്റെ അണികളിലും നേതാക്കളിലും നല്ലൊരു വിഭാഗം ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴടങ്ങിക്കഴിഞ്ഞതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. രാഷ്ട്രീയമായ രാസമാറ്റം പൂർത്തിയായിക്കഴിഞ്ഞു.
ജയമോ തോൽവിയോ, സംഘടനയിലെ സ്ഥാനമാനങ്ങളോ, എംപി, എംഎൽഎ സ്ഥാനങ്ങളോ ബിജെപിയിൽ ചേരുന്നതിന് കോൺഗ്രസുകാരെ തടയുന്നില്ല. ഈ യാഥാർത്ഥ്യത്തെ പ്രതിരോധിക്കാനുള്ള കെൽപ്പൊന്നും കോൺഗ്രസ് നേതൃത്വത്തിനുമില്ല. അവധിക്കാലവിനോദം പോലെയാണ് അവരിപ്പോൾ നേതൃത്വത്തിന്റെ ചുമതല നിർവഹിക്കുന്നത്.
പ്രതിപക്ഷ നേതാവിന്റെ യാത്രയുടെ സമാപന സമ്മേളനമാണ് ഇന്ന്. ശംഖുമുഖത്ത് അദ്ദേഹത്തോടൊപ്പം വേദി പങ്കിടുന്ന എത്രപേർ നാളെ ആ പാർടിയിലുണ്ടാകും എന്ന ആകാംക്ഷയായിരിക്കും, സമ്മേളനനഗരിയിലെത്തുന്നവരുടെയുള്ളിൽ തിരയിടിക്കുന്ന ചോദ്യം.
Get real time update about this post categories directly on your device, subscribe now.