മുംബൈയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ കുട്ടിയെ രക്ഷിക്കാനാകാതെ ആൾക്കൂട്ടം; രക്ഷക്കെത്തിയത് മലയാളി യുവാവ്

ജോഗേശ്വരിയിലെ തിരക്കേറിയ പാതയിലായിരുന്നു സംഭവം. ഇന്ന് രാവിലെ ജോഗേശ്വരി ഹൈവേ സിഗ്നലിലാണ് എതിരെ വന്ന ബെസ്റ്റ് ബസ് അന്ധേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ ഇടിച്ചു അപകടമുണ്ടായത്.

ബൈക്കിൽ ഉണ്ടായിരുന്ന കുട്ടി തെറിച്ചു വീണ് തലക്കും ശരീരത്തിലും പരിക്കേറ്റു. എന്നാൽ സംഭവം കണ്ടു ഓടികൂടിയവരും ബസ്സ് ജീവനക്കാരും ആരുടെ പേരിലാണ് തെറ്റെന്ന് കണ്ടു പിടിക്കാനുള്ള തർക്കത്തിലായിരുന്നു. അപകടത്തിൽ പെട്ട് ഗുരുതരമായ പരിക്കേറ്റ കുട്ടിയെ കുറിച്ച് ആരും വേവലാതിപ്പെട്ടില്ലെന്നാണ് സംഭവത്തിന് സാക്ഷിയായ മലയാളിയായ രാജേഷ് പറയുന്നത്.

പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് നൽകേണ്ട പ്രാഥമിക ചികത്സക്കാവശ്യമായ ഫസ്റ്റ് എയ്ഡ് പോലും ബസ്സിൽ ഉണ്ടായിരുന്നില്ല. അങ്ങിനെയാണ് രാജേഷ് തന്റെ വാഹനത്തിൽ കരുതിയിരുന്ന ഫസ്റ്റ് എയ്ഡ് സാമഗ്രഹികൾ ഉപയോഗിച്ച് കുട്ടിക്ക് അത്യാവശ്യം വേണ്ട കരുതലുകൾ നൽകിയത്. തുടർന്ന് എത്രയും പെട്ടെന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുവാനുള്ള സൗകര്യങ്ങളും ചെയ്തു കൊടുത്തു.

ഈ സമയത്തെല്ലാം ഇതൊന്നും ഗൗനിക്കാതെ ബസ്സ് ജീവനക്കാരും അപകടം കണ്ടു ഓടിക്കൂടിയ യാത്രക്കാരും ബൈക്ക് യാത്രികനെ പിടിച്ചു നിർത്തി തർക്കം തുടരുകയായിരുന്നുവെന്നാണ് രാജേഷ് പറയുന്നത്.

ഇത്തരം അവസരങ്ങളിൽ വഴി യാത്രക്കാർ കുറെ കൂടി ജാഗ്രത പാലിക്കണമെന്നും അപകടത്തിൽ പെട്ടവർക്ക് വേണ്ട രക്ഷാ പ്രവർത്തനങ്ങൾ ചെയ്തു കൊടുക്കുവാൻ വൈകരുതെന്നും സാമൂഹിക പ്രവർത്തകൻ കൂടിയായ രാജേഷ് പറഞ്ഞു.

മുംബൈ മലയാളി ഫേസ് ബുക്ക് കൂട്ടായ്മയിലൂടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നിമിത്തമാകാൻ കഴിഞ്ഞ രാജേഷ് ഇതിന് മുൻപും ഇത്തരം സന്ദർഭങ്ങളിൽ ഉണർന്ന് പ്രവർത്തിച്ചു മാതൃകയായ മുംബൈ മലയാളിയാണ്.

ഇന്ന് രാവിലെ ഐരോളിയിൽ നിന്നും ഏകദേശം 10 മണിക്ക് ഗോരേഗാവിലെ ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു സംഭവത്തിന് സാക്ഷ്യം വഹിച്ചതെന്ന് രാജേഷ് പറഞ്ഞു. ജോഗേശ്വരി ഹൈവേ സിഗ്നലിൽ കാത്ത് നിൽക്കുമ്പോൾ നടന്ന സംഭവത്തിൽ ബസ് കുറച്ചു കൂടി മുന്നോട്ട് വന്നിരുന്നെങ്കിൽ വലിയ അപകടത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നുവെന്നും രാജേഷ് പറഞ്ഞു.

സംഭവം കണ്ടയുടനെ തന്റെ വണ്ടി സൈഡിൽ ഒതുക്കി ബൈക്കിൽ നിന്ന് തെറിച്ചു വീണ കുട്ടിയെ എടുക്കുകയായിരുന്നുവെന്ന് രാജേഷ് പറഞ്ഞു. തലയ്ക്കും കാലിലും മുറിവുകൾ ഉണ്ടായിരുന്ന കുട്ടിക്ക് തക്ക സമയത്ത് വേണ്ട വൈദ്യ സഹായങ്ങൾ ചെയ്തു കൊടുത്ത് ജീവൻ രക്ഷിക്കാനായെന്നും എന്നാൽ അവിടെ കൂടി നിന്നവരുടെ നിസ്സംഗതാ മനോഭാവം അത്ഭുതപ്പെടുത്തിയെന്നും രാജേഷ് പറയുന്നു.

ഇത്തരം അവസ്ഥകളിൽ ജനങ്ങൾ കുറെ കൂടു ജാഗ്രത പുലർത്തണം. രക്ഷാപ്രവർത്തനങ്ങൾ വൈകിയാൽ നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവനുകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News