കടലമുട്ടായിയും പൊതിഞ്ഞ് ബാബു ആന്‍റണി വന്നു കയറുന്ന സന്ധ്യകളെക്കുറിച്ച് അവൾ വിങ്ങി വിങ്ങി പറഞ്ഞൊപ്പിക്കുമ്പോൾ ഞാനവളെ കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുണ്ട്

പക്വതയും പാകതയും എത്തും വരെ കുഞ്ഞുങ്ങൾ സ്വന്തം വീട്ടിൽ പോലും സുരക്ഷിതരല്ല എന്ന് നമ്മൾ ഓരോ ദിവസവും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒപ്പം പീഡോഫീലിയക്ക് രണ്ടു പക്ഷം ഉണ്ടാവുന്നു എന്നും തിരിച്ചറിയുന്നു. കുഞ്ഞിന്റെ ലൈംഗിക ആഗ്രഹം തെറ്റല്ല എന്നൊക്കെ പറയുന്നവരുടെ കാലം കൂടിയാണിത്. ഇവിടെയാണ് യുവ എഴുത്തുകാരൻ ലിജീഷ്‌കുമാറിന്റെ ഹൃദയം തൊടുന്ന കുറിപ്പ് ശ്രദ്ധേയമാകുന്നത്.

ബാബു ആൻ്റണിയെക്കുറിച്ചല്ല !! ബാബു ആൻ്റണി വരുമെന്നും, വായ പൊത്തിപ്പിടിച്ച് – തൂക്കിയെടുത്ത് കൊണ്ടു പോകുമെന്നും പേടിച്ച്, ഉറങ്ങാതിരിക്കുമായിരുന്ന ഒരു കൂട്ടുകാരി എനിക്കുണ്ട്. അവളെക്കുറിച്ചാണ്,
9 ആം വയസ്സിലാണ് അവൾ ആദ്യമായി ബാബു ആൻ്റണിയെ കാണുന്നത്. പത്രക്കടലാസിൽ കടലമുട്ടായിയും പൊതിഞ്ഞ് ബാബു ആൻ്റണി വന്നു കയറുന്ന സന്ധ്യകളെക്കുറിച്ച് അവൾ വിങ്ങി വിങ്ങി പറഞ്ഞൊപ്പിക്കുമ്പോൾ ഞാനവളെ കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുണ്ട്, ബാബു ആൻ്റണി അവളുടെ ചിറ്റപ്പനായിരുന്നു.

”നമുക്കയാളെ കൊന്നാലോ ?” ആദ്യമായും അവസാനമായും അങ്ങനെ ചോദിച്ചത് അവളോടാണ്. അപ്പഴേക്കും പക്ഷേ അവൾ മരിച്ചു കഴിഞ്ഞിരുന്നു. പല പ്രണയങ്ങളിലൂടെയും ജീവൻ തിരിച്ചു പിടിക്കാൻ പിൽക്കാലം അവൾ നടത്തിയ ശ്രമങ്ങൾ എനിക്കറിയാം. ഒന്നും പക്ഷേയങ്ങ് ശരിയായില്ല. കാമുകന്മാരിലെല്ലാം അവൾ ചിറ്റപ്പനെ കണ്ടു, പേടിച്ചു – ഉപേക്ഷിച്ചു.

”സ്മിത്തുമായുള്ള പ്രേമം നല്ലതായിരുന്നെടാ. ഒരു ദിവസം അവനെന്നെ ഉമ്മവെക്കാൻ വന്നു. ഈ ആണുങ്ങളുടെ ചുണ്ടിനെല്ലാം ഒരേ മണമാടാ, എനിക്കോക്കാനം വന്നു.” അവസാനത്തെ പ്രേമം അങ്ങനെയാണ് അവസാനിച്ചത്.
ഈയിടെ ഒരു ഗെറ്റ് റ്റുഗെദർ പാർട്ടിയിൽ വെച്ച് അവളെയന്വേഷിച്ച സുഹൃത്തിനോട് ഞാൻ പറഞ്ഞു, അവൾ മരിച്ചു പോയി. ”മൈ ഗോഡ് – എങ്ങനെ”, അവൻ വിട്ടില്ല. ഒമ്പതാം വയസ്സിൽ ബാബു ആൻ്റണി കടല മുട്ടായി കൊടുത്തു കൊന്നു, ഞാമ്പറഞ്ഞു. സിനിമാ ഭ്രാന്ത് എന്റെ നെറുകം തല വരെ കേറിയെന്ന് കളിയാക്കി അവൻ കൂട്ടുകാരിൽ ചെന്ന് ലയിച്ചു.

അവനോടങ്ങനെ പറഞ്ഞ്, സംസാരത്തിന് തുടക്കമിട്ടതായിരുന്നു ഞാൻ. പക്ഷേ അവൻ വഴുതി. അവനായിരുന്നു ഞാൻ കേട്ട രണ്ടാമത്തെ കഥയിലെ ബാബു ആൻ്റണി. അതൊരു എൻ.എസ്.എസ് ക്യാമ്പിനാണ്. കാട്ടു വഴിയിലൂടെ പാട്ടും പാടി റോഡ് വെട്ടിയ ഒരു ക്യാമ്പിന്. ഒരു ദിവസം പാട്ടിന് ശക്തി കുറഞ്ഞു. ഉച്ചത്തിൽ പാട്ടു പാടി നാടിളക്കിമറിക്കുന്നവൾ വയറുവേദന വന്ന് സ്കൂളിലേക്ക് മടങ്ങി, അതാണ് ഒരുഷാറ് കുറവ്. അവളവിടെ ഒറ്റയ്ക്കായിരിക്കുമോ ? ”മണത്തു മണത്ത് അവനും പോയിട്ടുണ്ട്. ഒറ്റയ്ക്കാക്കുമോ ?” ക്യാമ്പ് ചിരിയിൽ മുങ്ങി.
പക്ഷേ, അവൾ ഒറ്റയ്ക്കായിരുന്നു. എനിക്ക് പിരീഡ്സാണ്, പ്ലീസ് എന്ന് കാല് പിടിച്ചിട്ടും – അതിന് ഞാനവിടെ തൊടുന്നില്ലല്ലോ എന്ന് ചോദിച്ച് അവനടുത്ത് ചെല്ലുമ്പോൾ അവൾ ഒറ്റയ്ക്കായിരുന്നു. ”ഇതുപോലരവസരം ഇനി കിട്ടില്ലെന്ന് പറഞ്ഞ് അവനെൻ്റെ നെഞ്ചിൻ കൂട്ടിലേക്ക് കൈ താഴ്ത്തുമ്പോൾ വേദന കൊണ്ട് ഞാൻ പുളഞ്ഞു പോയി. ആദ്യമായി പിരീഡ്സിന് വേദന തോന്നിയില്ല. അതിനെക്കാളും വലിയ മരണ വേദന എന്നെ അടിമുടി മൂടി !!” ക്യാമ്പ് ഫയർ രാത്രിയിൽ, ലൈൻ പൊട്ടി എന്ന് പറഞ്ഞ് അവൻ സങ്കടപ്പെട്ടത് എനിക്കോർമ്മയുണ്ട്. ആ ലൈനിൽ നിന്ന് ഷോക്കേറ്റാണ് അവൾ മരിച്ചതെന്ന് എനിക്കവനോട് പറയണമെന്നുണ്ടായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ബാബു ആൻ്റണിയെ പ്രേമിച്ച ഒരു കൂട്ടുകാരി എനിക്കുണ്ട്. ഭയങ്കര പ്രേമമായിരുന്നു. ബസ് സ്റ്റോപ്പിൽ, ബസ്സിൽ, ലൈബ്രറിയിൽ, കാന്റീനിൽ … അവൾ പോവുന്നിടങ്ങളിലെല്ലാം ചെന്ന് ചെന്ന്, അത്രമേൽ അവളെ ആഗ്രഹിക്കുന്നു എന്ന് തോന്നിപ്പിച്ചാണ് അവനവളെ വളച്ചതെന്ന് സുബി പറയും. പ്രേമമായി, ബൈക്കായി, മല കയറ്റമായി, ടൂറായി, പെട്ടന്ന് പെട്ടന്ന് ആ ബന്ധമങ്ങാകാശം തൊട്ടു. ഒരു ദിവസം രണ്ടാളും കൂടെ പോണ്ടിച്ചേരിക്ക് പോയി. കെട്ടിപ്പിടിച്ചു കിടന്നുറങ്ങാനാണ് പോയത്, പക്ഷേ ഉറക്കിയില്ല എന്നും പറഞ്ഞ് അവൾ ചിരിച്ച കള്ളച്ചിരി എനിക്കോർമ്മയുണ്ട്. പരസ്പര സമ്മതമുള്ള, പാരസ്പര്യമുള്ള മൂന്നു രതികൾ അവർക്കിടയിലുണ്ടായിട്ടുണ്ട്, നാലാം നാൾ അവനു മടുത്തു. മടുത്തു കൂടേ എന്നത് ചോദ്യമാണ്, എനിക്ക് മരിച്ചു കൂടെ എന്ന് അവൾ ചോദിക്കുന്നതു പോലെ !!

കൺസെൻ്റുണ്ടായിരുന്നു എന്ന് അവനെന്നോട് പറഞ്ഞു, കൊല്ലാനോ എന്ന എന്റെ ചോദ്യം പക്ഷേ അവന് ദഹിച്ചില്ല. അവളും മരിച്ചു പോയതാണ്. എന്റെ കൂട്ടുകാരികളിൽ പലരും ഇങ്ങനെ മരിച്ചു പോയതാണ്. ബാബു ആൻ്റണി വരുമെന്നും, വായ പൊത്തിപ്പിടിച്ച് – തൂക്കിയെടുത്ത് കൊണ്ടു പോകുമെന്നും പേടിച്ച്, ഉറങ്ങാതിരുന്നവളെ കുട്ടിക്കാലത്തേ കണ്ടതു കൊണ്ടാവണം, എൻ്റെ മനസിലെ വില്ലൻ ബാബു ആൻ്റണിയാണ്.
ഇന്ന് ബാബു ആൻ്റണിയുടെ പിറന്നാളാണ്. പ്രിയപ്പെട്ട ബാബു ആൻ്റണീ, തുടങ്ങുമ്പോൾ പറഞ്ഞ പോലെ ഇത് നിങ്ങളെക്കുറിച്ചല്ല കേട്ടോ. നിങ്ങളെക്കുറിച്ച് ഒരു ചീത്ത വിചാരവും എനിക്കില്ല. നിങ്ങളഭിനയിച്ച് ശരിക്കുമങ്ങ് പേടിപ്പിച്ചതു കൊണ്ടാണ്, പേടിക്കുന്നവരിൽ നിങ്ങളെ കാണാൻ തുടങ്ങിയത്. അത് നിങ്ങൾക്കുള്ള കൈയ്യടിയാണ്.
വില്ലന്മാർ ശരിക്കും നല്ലവരാണ്, നായകരെയാണ് പേടിക്കേണ്ടതെന്ന് തമാശ പറയാറുണ്ട് സിനിമാക്കാർ.

അത്തരമൊരു തമാശ കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. അത് എന്നെക്കുറിച്ചാണ്,
ഒരു കാൽ മുന്നോട്ടും – ഒരു കാൽ പിന്നോട്ടും വെച്ചാണ് പല കൂട്ടായ്മകളിലും എൻ്റെ നിൽപ്പെന്ന് തമാശയായും പരിഭവമായുമൊക്കെ പറയാറുണ്ട് പലരും. ശരിയാണ്. പൊതുവിടങ്ങൾക്കു വേണ്ടിയും, പൊതുവിടങ്ങളിലെ ആവിഷ്കാരങ്ങൾക്കു വേണ്ടിയും, അങ്ങനെ രൂപം കൊള്ളുന്ന സംഘങ്ങൾക്കു വേണ്ടിയും, ആ സംഘബോധത്തിൽ നിന്നുണ്ടാവുന്ന രാഷ്ട്രീയത്തിനു വേണ്ടിയും എക്കാലവും ഞാൻ നിന്നിട്ടുണ്ട്. എങ്കിലും ശരിയാണ്, ഒരു കാൽ മുന്നോട്ടും – ഒരു കാൽ പിന്നോട്ടും വെച്ചാണ് നിന്നിട്ടുള്ളത്. വേറൊന്നും കൊണ്ടല്ല, എനിക്കിങ്ങനെ നദി പോലെ ഒഴുകുന്ന മനുഷ്യരെ വല്യ കമ്പമില്ല. ആഗ്രഹിക്കാത്തിടങ്ങിളിലേക്ക് ഒഴുകിക്കയറി വരുന്ന, ശ്വാസം മുട്ടിക്കുന്ന, ഒരാളിൽ നിന്നൊരാളിലേക്ക് ഒഴുകിയാർമ്മാദിക്കുന്ന നദികളിലെല്ലാം ഞാനൊരു ബാബു ആൻ്റണിയെ പേടിക്കുന്നുണ്ട്.

പൊതുവിടങ്ങൾക്കു വേണ്ടിയും, പൊതുവിടങ്ങളിൽ രൂപം കൊള്ളുന്ന സംഘങ്ങൾക്കു വേണ്ടിയും, ആ സംഘബോധത്തിൽ നിന്നുണ്ടാവുന്ന രാഷ്ട്രീയത്തിനു വേണ്ടിയും ഞാൻ നിന്നിട്ടുണ്ട്. ആ ഇടങ്ങളെത്തന്നെയും ഇല്ലാതാക്കാൻ നുഴഞ്ഞ് വരുന്ന ബാബു ആൻ്റണിയെ പേടിച്ചു കൊണ്ട്, അയാളിലെ വില്ലനെ തിരിച്ചറിയാതെ – കൈയ്യടിച്ച് പോകാനുള്ള സാധ്യതയെ പേടിച്ച് കൊണ്ട്,

ബാബു ആൻ്റണിയെക്കുറിച്ചല്ല !! ബാബു ആൻ്റണി വരുമെന്നും, വായ പൊത്തിപ്പിടിച്ച് – തൂക്കിയെടുത്ത് കൊണ്ടു പോകുമെന്നും പേടിച്ച്,…

Posted by Lijeesh Kumar on Monday, 22 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News