‘സര്‍ക്കാര്‍ ജോലിക്കാരുടെ ഗ്രാമം, എല്ലാ വീട്ടിലും ഒരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍’.. പറഞ്ഞു വരുന്നത് ഒരു സ്വപ്നത്തെക്കുറിച്ചല്ല.. കഞ്ഞിക്കുഴിക്കാരുടെ ലക്ഷ്യത്തെക്കുറിച്ചാണ്. എല്ലാ വീട്ടിലും ഒരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന തങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സമ്പൂർണ സർക്കാരുദ്യോഗസ്ഥ ഗ്രാമം പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്.
സംസ്ഥാനത്ത് തന്നെ ഒരു പക്ഷേ, ആദ്യമായിട്ടാകും ഒരു ഗ്രാമം മുഴുവന്‍ ഒരേ മനസ്സോടെ നാടിന്‍റെ ഭാവിയ്ക്കായി ഇത്തരമൊരു ആശയവുമായി ഒന്നിച്ചിറങ്ങുന്നത്. കഞ്ഞിക്കുഴിക്കാരുടെ പദ്ധതിയ്ക്ക് ജില്ലാ പ്ലാനിങ് സമിതിയുടെ അംഗീകാരവും ലഭിച്ചു കഴിഞ്ഞു. 5 വര്‍ഷത്തില്‍ പദ്ധതി ലക്ഷ്യത്തിലെത്താനാണ് പഞ്ചായത്ത് അധികൃതരുടെ ലക്ഷ്യമിടുന്നത്.
പ്രൈവറ്റ് സ്ഥാപനങ്ങള്‍ പി.എസ്.സി പരിശീലനത്തിനായി പതിനായിരങ്ങള്‍ ഈടാക്കുമ്പോഴാണ് സൗജന്യ പരിശീലനത്തിലൂടെ ഒരു ഗ്രാമം തങ്ങളുടെ യുവതലമുറയ്ക്കായി ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നത്.
കേരള ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് നിയമനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പല തസ്തികകളിലും അപേക്ഷകള്‍ കുറയുന്നത് കൂടി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്തരമൊരു ആശയത്തിലേയ്ക്ക് പഞ്ചായത്ത് സംയുക്തമായി എത്തിച്ചേരുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ കാര്‍ത്തികേയന്‍ പറഞ്ഞു.
“ഉദ്യോഗാര്‍ത്ഥികള്‍ പ്രധാനമായും പി.എസ്.സിയെ ആശ്രയിച്ചാണ് സര്‍ക്കാര്‍ ജോലികളിലേയ്ക്ക് എത്തുന്നത്. ലാസ്റ്റ്ഗ്രേഡ്, എല്‍ഡിസി പരീക്ഷകള്‍ക്കാണ് കൂടുതലും അപേക്ഷകള്‍ വരുന്നത്. എന്നാല്‍ പിഎസ് സി മറ്റ് പല ചെറിയ തസ്തികളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുകയും പരീക്ഷ നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊന്നും ഭൂരിഭാഗം ഉദ്യോഗാര്‍ഥികളും ശ്രദ്ധിക്കാറില്ല. അവിടെയാണ് പഞ്ചായത്ത് ജനകീയ ഇടപെടല്‍ നടത്തുന്നത്. ” പഞ്ചായത്ത് വെെസ് പ്രസിഡന്‍റ് എം സന്തോഷ്കുമാര്‍ പറഞ്ഞു.
പഞ്ചായത്തിന്‍റെ ജനകീയ ഇടപെടലിലൂടെ അപേക്ഷ ക്ഷണിക്കുമ്പോള്‍ തന്നെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളിലേക്ക് വിവരം എത്തിക്കും. അവരെക്കൊണ്ട് കൃത്യമായി അപേക്ഷകള്‍ സമര്‍പ്പിക്കാനും പരീക്ഷ അടുക്കുമ്പോള്‍ തീവ്ര പരിശീലനം നല്‍കുന്നതുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വിഷയവും അടിസ്ഥാനമാക്കി സൗജന്യ പരിശീലനമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുക.
“പദ്ധതിയ്ക്കായി ബജറ്റില്‍ ഈ വര്‍ഷം 10 ലക്ഷം രൂപയാണ് പഞ്ചായത്ത് നീക്കിവച്ചിട്ടുള്ളത്. 5 വര്‍ഷത്തിനുള്ളില്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി ലഭ്യമാക്കുമെന്ന ഉറച്ച ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് മുന്നോട്ട് പോകുന്നത്”- പഞ്ചായത്ത് പ്രസിഡന്‍റ് ഗീത കാര്‍ത്തികേയന്‍ പറഞ്ഞു.
“ആദ്യഘട്ടത്തില്‍ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി വാര്‍ഡ് തലത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചാകും പദ്ധതിയുടെ പ്രവര്‍ത്തനം. ഇവര്‍ നിരന്തരം പിഎസ് സി വെബ്സൈറ്റ് പരിശോധിക്കുകയും അപേക്ഷകളും മറ്റ് അറിയിപ്പുകളും ഉദ്യോഗാര്‍ത്ഥികളെ അറിയിക്കും. ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനും എല്ലാവരിലേക്കും വിവരങ്ങള്‍ എത്തിക്കാനും ആർട്ട്സ് & സ്പോർട്ട്സ് ക്ലബുകള്‍, വായനശാലകൾ, കുടുംബശ്രീ സ്വാശ്രയ ഗ്രൂപ്പുകൾ സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹായവും തേടും.” പദ്ധതിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വെെസ് പ്രസിഡന്‍റ് എം സന്തോഷ്കുമാര്‍ പറഞ്ഞു.
“രണ്ടാംഘട്ടത്തില്‍ വാര്‍ഡ് തലത്തില്‍ ഗ്രാമസേവാകേന്ദ്രം തുറക്കാനും പദ്ധതിയിടുന്നുണ്ട്. അപേക്ഷകള്‍ സമര്‍പ്പിക്കാനും ഫോട്ടോ അപ് ലോഡ് ചെയ്യാനുമുള്ള ലാപ് ടോപ്പും സ്കാനറു മടക്കമുള്ള ഉപകരണങ്ങൾഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി ഗ്രാമസേവാകേന്ദ്രങ്ങള്‍ തുറക്കും. വാര്‍ഡ് തലത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും പരിശീലനത്തിനുമുള്ള സൗകര്യം ഇതിലൂടെ ഉറപ്പുവരുത്തും” എം സന്തോഷ്കുമാര്‍ പറഞ്ഞു.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്‍റെ ജനകീയ പദ്ധതിയ്ക്ക് വലിയ പിന്തുണയാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ലഭിക്കുന്നത്. പദ്ധതിയെക്കുറിച്ച് മനസ്സിലാക്കി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി
ക്ലാസ്സുകളെടുത്ത് നല്‍കാന്‍ സന്നദ്ധതയറിയിച്ച് വിദഗ്ധരുള്‍പ്പെടെ സഹായ വാഗ്ദാനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
സമ്പൂർണ സർക്കാരുദ്യോഗസ്ഥ ഗ്രാമമായി കഞ്ഞിക്കുഴിയെ മാറ്റാനുള്ള കൂട്ടായ പരിശ്രമത്തിലാണ് ഇപ്പോള്‍ പഞ്ചായത്ത് അധികൃതരും കഞ്ഞിക്കുഴിക്കാരും.
Get real time update about this post categories directly on your device, subscribe now.