50 ആണ്ടിന്‍റെ ഓർമകള്‍ പുതുക്കി 
സമരയൗവനം മഹാരാജാസിൽ

പോരാട്ടങ്ങളുടെ ഇന്നലെകൾ അവരുടെ മനസ്സിൽ ഒരിക്കൽക്കൂടി ആർത്തിരമ്പി. അരനൂറ്റാണ്ട്‌ കാലം നേരിന്റെ കൊടിയടയാളം ഉയർത്തിപ്പിടിച്ചവർ, കലാലയങ്ങളിലൂടെ അവകാശങ്ങൾക്കായി പോരാടിയവർ. ആ ഓർമകൾ പങ്കുവച്ചപ്പോൾ മഹാരാജകീയ കലാലയം ഒരിക്കൽക്കൂടി ആവേശത്താൽ ചുവന്നു. ഇടതു‌ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലേക്ക്‌ എത്തിയവരും ജീവിതത്തിന്റെ വ്യത്യസ്‌ത മേഖലകളിലേക്ക്‌ ചേക്കേറിയവരും പ്രാരബ്‌ധങ്ങളിൽ കാലിടറിയവരുമെല്ലാം ഓർമ പുതുക്കാൻ ഒത്തൂകുടി.

അമ്പതുപിന്നിട്ട എസ്‌എഫ്‌ഐയുടെ ചരിത്ര മുഹൂർത്തങ്ങൾ ഓർത്തെടുത്ത മുൻകാല പ്രവർത്തകസംഗമം “പാതയോരങ്ങളെ ഭൂതകാലങ്ങളെ’ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവും എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ പി രാജീവ്‌ ഉദ്‌ഘാടനം ചെയ്തു.

അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ ഓർമകളെ സാക്ഷിനിർത്തി ക്യാമ്പസിലെ കൊടിമരത്തിൽ എസ്‌എഫ്‌ഐ മുൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എൻ കെ വാസുദേവൻ പതാക ഉയർത്തി. ഇന്നിന്റെ രാഷ്ട്രീയ ദൗത്യം ഏറ്റെടുക്കുന്നിതിനുവേണ്ട കരുത്ത്‌ സംഭരിക്കാനാണ്‌ ഓർമകൾ വീണ്ടെടുക്കുന്നതെന്ന്‌ പി രാജീവ്‌ പറഞ്ഞു. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇന്നത്തെ വിദ്യാർഥി പ്രസ്ഥാനത്തിന്‌ കഴിയണം. അക്കാദമികമായ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച്‌ വർഗീയവൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ കഴിയണം. കേരളത്തിൽ ഇടതുസർക്കാരിന്റെ ഭരണത്തുടർച്ചയ്ക്കുവേണ്ട ഇടപെടൽ നടത്താനും സംഗമത്തിന്‌ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ വിപ്ലവകാരികളെ സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സംഘടനയാണ്‌ എസ്‌എഫ്‌ഐയെന്ന്‌ സിപിഐ എം ജില്ലാസെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിന്റെ ദുരിതം അനുഭവിച്ച്‌ സംഘടനാപ്രവർത്തനം നടത്തിവന്നവരാണ്‌ എസ്‌എഫ്‌ഐ പ്രവർത്തകരെന്ന്‌ സി എൻ മോഹനൻ പറഞ്ഞു. ഏറ്റവുമൊടുവിലായി മഹാരാജാസിൽ അഭിമന്യുവിന്റെ ജീവൻ നഷ്ടപ്പെട്ടു. ഇതിനെയെല്ലാം ചെറുത്തുതോൽപ്പിച്ചാണ്‌ ഇന്നു‌കാണുന്ന എസ്‌എഫ്‌ഐ ഉയർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തെ പൊലീസ്‌ മർദനങ്ങളുടെയും സമരങ്ങളുടെയും ഓർമകൾ പങ്കുവച്ച്‌ എൻ കെ വാസുദേവൻ സംസാരിച്ചു. യോഗത്തിൽ അഡ്വ. എൻ സി മോഹനൻ അധ്യക്ഷനായി. കഴിഞ്ഞ കാലങ്ങളിലെ ഓർമകൾ പങ്കുവച്ച്‌ മുൻകാല നേതാക്കളും പ്രവർത്തകരും സംസാരിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്‌, ജില്ലാസെക്രട്ടറി സി എസ്‌ അമൽ, മുൻ സംസ്ഥാന, ജില്ലാ ഭാരവാഹികളായ പി ആർ മുരളീധരൻ, പി ആർ രഘു, റിട്ട. ജസ്‌റ്റിസ്‌ വി കെ മോഹനൻ, കെ ഡി വിൻസെന്റ്‌ എന്നിവരും സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News