പുതുച്ചേരിയില്‍ കാലുമാറ്റം തടയാന്‍ ക‍ഴിയാത്ത നേതാവാണ് കേരള സര്‍ക്കാറിനെതിരെ ആരോപണവുമായി രംഗത്തുവരുന്നത്; രാഷ്ട്രീയ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയില്ലെന്നും എ വിജയരാഘവന്‍

രാഷ്‌ട്രീയ വിഷയങ്ങൾക്ക്‌ മറുപടി പറയാതെ രാഹുൽഗാന്ധി ആരോപണങ്ങൾ മാത്രമാണ്‌ ഉന്നയിക്കുന്നതെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു.

വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി പാലക്കാട്‌ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു വിജയരാഘവൻ. എൽഡിഎഫിനെ പരാജയപ്പെടുത്താൻ മോഡിയുടെ സഹായം തേടുന്നവരാണ്‌ കേരളത്തിലെ കോൺഗ്രസുകാരെന്നും വിജയരാഘവൻ പറഞ്ഞു.

പൂർണമായും പരാജയപ്പെട്ട നേതാവാണ്‌ കേരളത്തിലെ സർക്കാരിനെതിരെ പ്രതികരിക്കുന്നത്‌. കോൺഗ്രസ്‌ ‐ ബിജെപി ബന്ധം രാഹുൽ ഗാന്ധി മറച്ചുവെയ്‌ക്കുയാണ്‌. പുതുച്ചേരിയിലെ കാലുമാറ്റം തടയാൻ രാഹുൽ ഗാന്ധിക്കായില്ല. ജമാ അത്തെ ഇസ്‌ലാമിയുമായി ബന്ധമുണ്ടോ എന്നതിന്‌ ഇതുവരെ കോൺഗ്രസോ രാഹുൽ ഗാന്ധിയോ മറുപടി പറഞ്ഞിട്ടില്ല.

കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ അഴിമതിക്കാലം ആവർത്തിക്കരുതെന്നാണ്‌ ജനങ്ങളുടെ ആഗ്രഹം. അനാവശ്യ ആരോപണങ്ങൾകൊണ്ട്‌ ജനവികാരം മാറ്റാനാവില്ല. കേരളത്തിലെ ജനങ്ങൾ രാഹുൽ ഗാന്ധി പറഞ്ഞ കാര്യങ്ങൾ നിരാകരിക്കും.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട്‌ നടക്കുന്നത്‌ അനാവശ്യ വിവാദമാണ്‌. ഉദ്യോഗസ്‌ഥൻ ഒരു എംഒയു ഒപ്പിട്ടു. അപ്പോഴത്തെ സാധ്യതകൾ പരിഗണിച്ച്‌ ഒരു ധാരണാപത്രം ഒപ്പിടുന്നു. അതിൽ നയപരമായും നിയമപരമായുമുള്ള സാധ്യതകൾ പിന്നീടാണ്‌ സർക്കാർ പരിശോധിക്കുക. അതിൽ ഒരു നിലപാടും സർക്കാർ എടുത്തിട്ടില്ലല്ലോ. പിന്നെന്തിനാണ്‌ അതിൽ വിമർശനം ഉന്നയിക്കുന്നത്‌.

ഇടതുപക്ഷ മുന്നണി നല്ല ഐക്യത്തിലാണ്‌ പോകുന്നത്‌. എൽഡിഎഫിന്റെ എല്ലാം സിറ്റിങ്‌ സീറ്റാണ്‌. പുതിയ ആളുകൾ വന്നാൽ അവരെയും ഉൾക്കൊള്ളും. ദീർഘകാലം ഒരാൾക്ക്‌ സീറ്റ്‌ നൽകേണ്ട എന്ന നിലപാട്‌ ഉണ്ട്‌.

സ്ഥിരമായി ഒരിടത്ത്‌ മത്സരിച്ച്‌ മരിച്ച്‌ പിരിയേണ്ട എന്ന നിലപാടാണ്‌ ഉള്ളത്‌. മറ്റ്‌ ഒരു സംസ്‌കാരം ഉണ്ടല്ലോ. അച്‌ഛൻ മത്സരിച്ച്‌ പിന്നെ മകന്‌ കൈമാറി സെഞ്ച്വറി അടിക്കുന്നത്‌ വരെ സീറ്റ്‌ കൊണ്ടുനടക്കൽ. അത്‌ പിന്തുടരാൻ എൽഡിഎഫ്‌ തീരുമാനിച്ചിട്ടില്ല.

പ്രതിപക്ഷ നേതാവുമായി സംവാദം നടത്തേണ്ട കാര്യമില്ലെന്നും കോൺഗ്രസുകാരുമായി സംവാദം നടത്തിവരെ തോറ്റു നിൽക്കുകയാണ്‌ പ്രതിപക്ഷ നേതാവെന്നും ചോദ്യങ്ങൾക്ക്‌ മറുപടിയുമായി എ വിജയരാഘവൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel