സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ സൗജന്യം;. സ്വകാര്യ ആശുപത്രികളിൽ വാക്സിൻ പണം നൽകണം

രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിൻ വിതരണം തിങ്കളാഴ്ച ഒന്നു മുതൽ. 60 വയസിനു മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതർക്കും ഈ ഘട്ടത്തിൽ കോവിഡ് വാക്സിൻ വിതരണം നടത്തും.

സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ സൗജന്യ നിരക്കിൽ നൽകും. സ്വകാര്യ ആശുപത്രികളിൽ വാക്സിൻ പണം നൽകേണ്ടി വരും. അതേസമയം കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ നിന്ന് ദില്ലിയിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

കോവിഡ് പ്രതിരോധ മരുന്നിന്റെ ഒന്നാംഘട്ടത്തിലെ 2 ഡോസുകളും നൽകി കഴിഞ്ഞ പശ്ചാത്തലത്തിൽ ആണ് രണ്ടാം ഘട്ടത്തിലേക്ക് ആരോഗ്യ മന്ത്രാലയം കടന്നത്. തുടക്കത്തിൽ ആരോഗ്യ പ്രവർത്തകർ, കോവിഡ് പ്രതിരോധത്തിലെ മറ്റ് പ്രവർത്തകർ, എന്നിവർക്കാണ് വാക്‌സിൻ നൽകിയത്.

രണ്ടാംഘട്ട വാക്‌സിൻ വിതരണം മാർച്ച് ഒന്നു മുതൽ തുടങ്ങുമെന്നാണ് സർക്കാർ അറിയിച്ചത്. 60 വയസിനു മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതർക്കുമാണ് ഈ ഘട്ടത്തിൽ കോവിഡ് വാക്സിൻ വിതരണം നടത്തുക. 27 കോടി പേർക്ക് വാക്സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നിലവിൽ 1.21 കോടി ആളുകളാണ് രാജ്യത്ത് വാക്സിൻ സ്വീകരിച്ചത്. 10,000 സർക്കാർ കേന്ദ്രങ്ങളിലൂടെയും 20,000 സ്വകാര്യ കേന്ദ്രങ്ങളിലൂടെയുമാകും അടുത്ത ഘട്ടത്തിൽ വാക്സിൻ വിതരണം. സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ സൗജന്യ നിരക്കിലാകും നൽകുകയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.

സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിൻ ഡോസെടുക്കുന്നവർക്ക് പണം നൽകേണ്ടി വരും. ആശുപത്രികളുമായും വാക്സിൻ നിർമാതാക്കളുമായും ചർച്ച നടത്തിയ ശേഷം മൂന്നോ നാലോ ദിവസത്തിനുള്ള വാക്സിന്റെ വില ആരോഗ്യ മന്ത്രാലയം തീരുമാനിക്കുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

അതിനിടെ കേരളത്തിൽ നിന്ന് ദില്ലിയിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ദില്ലിയിൽ ഈ മാസം 26 മുതൽ മാർച്ച് 15 വരെ ആണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.

കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ്‌, മധ്യപ്രദേശ്, എന്നി സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും ഈ നിബന്ധന ബാധകമാണ്. അതേസമയം കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ബംഗാൾ എന്നിവ അടക്കം 9 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രത്തിൽ നിന്നും ആരോഗ്യ പ്രവർത്തനം ഏകോപിപ്പിക്കാൻ വിദഗ്ധ സംഘം എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here