കോണ്‍ഗ്രസിന്‍റെയും ജനാധിപത്യ ശക്തികളുടെയും അന്ത്യകര്‍മങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി കോപ്പുകൂട്ടുന്നതെന്തിനെന്നത് ക്രിയാത്മകമായി പരിശോധിക്കേണ്ട ചോദ്യമാണ്: ജോണ്‍ ബ്രിട്ടാസ്‌

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രഏജൻസികൾ വേണ്ടപോലെ വരിഞ്ഞുമുറുക്കുന്നില്ലെന്ന പരാതിയുമായി രാഹുൽ ഗാന്ധി രംഗത്ത് വന്നതിന്റെ തൊട്ടുതലേന്ന് ഡൽഹി​​ ഹൈക്കോടതിയിൽ അരങ്ങേറിയ ഒരു രംഗമുണ്ട്. എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷിക്കുന്ന നാഷണൽ ഹെറാൾഡ് കേസിൽ ഡൽഹി ഹൈക്കോടതി സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ് അയച്ചു.

അയ്യായിരം സ്വാതന്ത്ര്യസമരസേനാനികൾ ചേർന്ന് രൂപീകരിച്ച അസോസിയറ്റ് ജേണൽ ലിമിറ്റഡിന്റെ (എജെഎൽ) ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് നാഷണൽ ഹെറാൾഡ്. എജെഎല്ലിന്റെ 5000 കോടിയോളം വരുന്ന സ്വത്തുവകകൾ സോണിയയും രാഹുലും ഉൾപ്പെടുന്ന ഒരു ചെറു സംഘം കൈക്കലാക്കി എന്നതാണ് എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. ഇതിനകംതന്നെ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥതയിലുള്ള നിരവധി സ്വത്തുവകകൾ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.

കേന്ദ്ര അന്വേഷണ ഏജൻസികളുടെ നഗ്നമായ രാഷ്ട്രീയ പക്ഷപാതത്തെക്കുറിച്ച് ഇതുവരെ വികാരം കൊണ്ടിരുന്ന രാഹുൽ ഗാന്ധി പറഞ്ഞതെല്ലാം മറന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ വിളമ്പിക്കൊടുത്തത് പൊതുജനത്തിന് മുന്നിൽ ഛർദിക്കുകയാണ്. ആർഎസ്എസ് പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വത്തെ പ്രതിരോധിക്കാനുള്ള ആശയദൃഢതയോ സമർപ്പിതബോധമോ കാഴ്ചപ്പാടോ ഇല്ലെന്ന ഉദ്ഘോഷമാണ് അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയത്.

ചിദംബരംമുതൽ സ്വന്തം അളിയനായ റോബർട്ട് വാധ്ര വരെ 180 കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്. നരേന്ദ്ര മോഡി അധികാരത്തിൽ വന്നശേഷം പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാൻ അവലംബിക്കുന്ന തന്ത്രത്തിലെ പ്രധാനപ്പെട്ട കണ്ണികളാണ് കേന്ദ്ര ഏജൻസികൾ. അഞ്ച് എംഎൽഎമാരെ ബിജെപിയിലേക്ക് സംഭാവനചെയ്ത് അധികാരം നഷ്ടപ്പെട്ട കോൺഗ്രസിന്റെ പോണ്ടിച്ചേരിയിലെ മുൻമുഖ്യമന്ത്രി വി നാരായണസ്വാമി തന്റെ വിടവാങ്ങലിൽ ബിജെപിയുടെ തന്ത്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരുന്നു. ഇതൊന്നും മനസ്സിലാക്കാതെയാണ് രാഹുൽഗാന്ധി തിരുവനന്തപുരത്ത് ഗീർവാണം മുഴക്കിയതെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.

ദേശീയ രാഷ്ട്രീയത്തിന്റെ സവിശേഷ സ്വഭാവം കാരണം രാഹുലിനോട് വിമർശമുള്ളവർപോലും അത് പ്രകടിപ്പിക്കാൻ വൈമനസ്യം കാണിക്കുന്ന കാലമാണിത്. എന്നാൽ, കേരള മുഖ്യമന്ത്രിയുടെ ഓഫീസിനെ ആക്ഷേപിച്ചും ഇടതുപക്ഷത്തെ പരിഹസിച്ചും അദ്ദേഹം നടത്തിയ ജൽപ്പനത്തോടെ ഇതുവരെ മടിച്ചുനിന്നവർപോലും രാഹുൽ ഗാന്ധിയുടെ വചനവും പ്രവൃത്തിയും നയവുമെല്ലാം അനാട്ടമിക്ക് വിധേയമാക്കാൻ നിർബന്ധിതരായിരിക്കുന്നു. പതിനേ‍ഴ് വർഷത്തെ തന്റെ രാഷ്ട്രീയ പൊതുജീവിതത്തിൽ അദ്ദേഹം കാട്ടിക്കൂട്ടിയ വിക്രിയകൾ എത്രകണ്ട് ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ ശക്തികളെ പ്രതികൂലമായി ബാധിച്ചു എന്ന് മലയാളികളെങ്കിലും ഇനി ചിന്തിച്ചു തുടങ്ങും.

നൈമിഷികമായ രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം വിശ്വസ്തതയുള്ള നേതാവായി രാഹുൽഗാന്ധി ഉരുത്തിരിയുന്നില്ല എന്നതാണ് അദ്ദേഹത്തിനെതിരെ സ്വപക്ഷത്ത് നിന്നുതന്നെ ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട വിമർശം. അപക്വമായ പെരുമാറ്റംകൊണ്ടും പ്രതികരണംകൊണ്ടും പലപ്പോഴും അവഹേളനം ഏറ്റുവാങ്ങേണ്ടിവന്നപ്പോൾ രാഹുലിന്റെ തുണയ്‌ക്കെത്തിയവരിൽ ഇടതുപക്ഷ വിശ്വാസികളുമുണ്ട്. എന്നാൽ, ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെ ഉദ്ദീപിപ്പിക്കാൻ രാഹുലിന്റെ ഭാഗത്തുനിന്ന്‌ സൃഷ്ടിപരമായ എന്ത് നടപടിയാണ് ഉണ്ടായിട്ടുള്ളത്? ഇന്ത്യയിൽ ആർഎസ്എസിനെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കുന്നത് ഇടതുപക്ഷമാണെന്ന് രാഹുൽ ഗാന്ധിയുടെ ഉപദേഷ്ടാക്കൾതന്നെ അടിവരയിട്ട് പറയുന്നു. കേരളത്തിലേക്ക് കയറിക്കിടക്കുന്ന പോണ്ടിച്ചേരിയിൽപ്പോലും ഭരണം ബിജെപിക്ക് അടിയറ വച്ചശേഷമാണ് കേരളത്തിലെത്തി രാഹുൽ സ്വയം അവഹേളിതനായത്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിയെ നേരിടുന്നതിൽ കോൺഗ്രസിനുള്ള പങ്ക് ആരും തള്ളിപ്പറയുന്നില്ല. എന്നാൽ, കോൺഗ്രസും അതിനെ നയിക്കുന്നവരും ആ ഉത്തരവാദിത്തം നിർവഹിക്കാൻ തയ്യാറാകുന്നില്ല എന്ന് മാത്രമാണ് എല്ലാവരുടെയും പരാതി. പ്രവർത്തകസമിതി അംഗങ്ങൾ ഉൾപ്പെടെ ഇരുപത്തിമൂന്ന് മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിക്ക് അയച്ച കത്തിന്റെ അന്തസ്സാരം ഇതുതന്നെയായിരുന്നു.

രാഹുൽഗാന്ധിയുടെ സ്വഭാവവിശേഷങ്ങളിലെ അഞ്ചു പ്രധാന ന്യൂനതയെക്കുറിച്ച് സാമൂഹ്യചിന്തകനായ രാമചന്ദ്രഗുഹ അടുത്തിടെ പ്രതിപാദിച്ചിരുന്നു. 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിന് നേതാവ് എന്ന നിലയിൽ എന്തുകൊണ്ട് രാഹുൽ അയോഗ്യനാകുന്നു എന്ന് സമർഥിക്കുന്നതിനാണ് അദ്ദേഹം ഇക്കാര്യങ്ങൾ അക്കമിട്ട് പറഞ്ഞത്. രാഹുലിന്റെ പിഴവുകളിൽ എഴുന്ന് നിൽക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ബുദ്ധിശൂന്യതയാണെന്നും നെഹ്റു കുടുംബത്തിലെ അംഗമെന്ന പദവിക്ക് മേലാണ് അദ്ദേഹം രാഷ്ട്രീയരഥം ഉരുട്ടുന്നതെന്നും രാമചന്ദ്രഗുഹ തന്റെ അപഗ്രഥനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഹിന്ദി ബെൽറ്റിൽ രാഹുൽ എങ്ങനെ അന്യനാകുന്നു എന്ന് സമർഥിക്കാൻ ഉപയോഗിച്ച സൂചകങ്ങൾ അനന്തപുരിയിലെ ജൽപ്പനങ്ങളിലും പ്രകടമായി.

രാഹുൽ ഗാന്ധിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും മറുപടി പറയേണ്ട ചോദ്യങ്ങളുടെ എണ്ണം അനുദിനം വർധിക്കുകയാണ്. രാഹുലിന്റെ തിരുവനന്തപുരത്തെ പ്രസംഗത്തെ അധികരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും നടത്തിയ പ്രതികരണം ശ്രദ്ധിക്കേണ്ടതാണ്. ഉത്തരേന്ത്യയെ അവിശ്വസിച്ച് ലീഗിന് അപ്രമാദിത്വമുള്ള വയനാട് മൽസരിക്കാൻ തെരഞ്ഞെടുത്ത രാഹുലിന്റെ നടപടിയെ എത്രകണ്ട് ബിജെപി ചൂഷണം ചെയ്തിരുന്നു എന്നത് മുതിർന്ന കോൺഗ്രസ് നേതാക്കൾ വിലയിരുത്തിയ കാര്യമാണ്.

പുതുച്ചേരി കൂടാതെ സമീപകാലത്ത് മൂന്ന്​​ കോൺഗ്രസ് ഗവൺമെന്റിനെയാണ് ബിജെപി അട്ടിമറിച്ചത് – മധ്യപ്രദേശ്, കർണാടകം, അരുണാചൽ പ്രദേശ്. ഗോവയിലും മേഘാലയയിലും മണിപ്പുരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരിക്കാനായില്ല . കോൺഗ്രസ് എംഎൽഎമാർ കൂടുംകുടുക്കയുമെടുത്ത് ബിജെപിയിൽ അഭയംപ്രാപിച്ചതിന്റെ പരിണതഫലമായിരുന്നു അത്. ബിജെപി സംരക്ഷണയിൽ ആഴ്ചകളോളം കഴിഞ്ഞശേഷം സച്ചിൻ പൈലറ്റ് മടങ്ങിയെത്തിയെങ്കിലും രാജസ്ഥാനിലെ കോൺഗ്രസ് ഗവൺമെന്റിനുമേൽ ചൂഴ്ന്ന് നിൽക്കുന്ന ഭീഷണികൾക്ക് അറുതിയായെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്പോലും അവകാശപ്പെടില്ല.

കഴിഞ്ഞ ആറ് വർഷത്തിനിടയിൽ നൂറിലേറെ എംഎൽഎമാരാണ് കോൺഗ്രസിൽനിന്ന്‌ ബിജെപിയിൽ എത്തിയത്. ഈ വകുപ്പിൽ 2000കോടി രൂപയുടെ ക്രയവിക്രയം നടന്നിട്ടുണ്ടാകാം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. മുഖ്യമന്ത്രി – മുൻമുഖ്യമന്ത്രി പട്ടികയിലെ ഏഴ് പേരാണ് മറുകണ്ടം ചാടിയത്. രാഹുലിന്റെ പിൻഗാമിയായി കണ്ട ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെ രണ്ട് ഡസൻ ദേശീയ മുഖങ്ങളാണ് ബിജെപിയുടെ ശോഭ വർധിപ്പിക്കാൻ ഹിന്ദുത്വയിൽ വിലയംപ്രാപിച്ചത്. ഉ‍ഴുതുമറിച്ച്, വിത്ത് വിതച്ച്, നനച്ച്, കള പറിച്ച് ബിജെപി കഷ്ടപ്പെടുന്നത് ഒ‍ഴിവാക്കാൻ, വിളവെടുക്കുന്നതിന് മോഡിക്കായി തന്റെ പാർടിയെ രാഹുൽ ഗാന്ധി തുറന്നുവച്ചിരിക്കുകയാണ്. അദ്ദേഹം ഉരുട്ടുന്ന ട്രാക്ടർ ആത്യന്തികമായി ബിജെപിക്ക് വേണ്ടിയാണെന്നർഥം.

ബിജെപി പ്രതിനിധാനം ചെയ്യുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആശയസംഹിതയ്‌ക്ക് വിശ്വാസ്യതയുള്ള ബദൽ ഉയർത്തുന്നത് ഇടതുപക്ഷമാണ്. ഇക്കാരണം കൊണ്ടുതന്നെ ബിജെപി ഏറ്റവും കൂടുതൽ എതിർക്കുന്നതും ഇടതുപക്ഷ ധാരകളെയാണ്. ഡൽഹിയിൽ കർഷകർ പ്രക്ഷോഭം തുടങ്ങിയപ്പോൾ കോൺഗ്രസിനെക്കുറിച്ചല്ല ബിജെപി പരാതിപ്പെട്ടത്, മറിച്ച് കമ്യൂണിസ്റ്റുകാരുടെ ഗൂഢാലോചന എന്നാണ് അവർ വിളിച്ചുപറഞ്ഞത്.

രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ പാർടിയും യഥാർഥത്തിൽ ബിജെപി ഗവൺമെന്റിന്റെ ഓരോ ചുവടുവയ്പിനും ന്യായീകരണത്തിനുള്ള അവസരമാണ് ഒരുക്കിക്കൊടുക്കുന്നത്. മോഡി രാമഭക്തനായി വേഷം കെട്ടുമ്പോൾ, രാഹുൽ പൂണൂൽ ധരിച്ച് ശിവഭക്തനായി പ്രച്ഛന്നവേഷ മൽസരത്തിൽ പങ്കുകൊള്ളുന്നു. ഉത്തരേന്ത്യയിൽ മുസ്ലിം തെരുവുകളെ ഉന്നംവച്ച് രാമക്ഷേത്ര പിരിവിനായി പോർവിളികളുമായി സംഘപരിവാറുകാർ രംഗത്തിറങ്ങുമ്പോൾ കോൺഗ്രസ് പ്രവർത്തകരും അതിൽ അണിചേരും. സംഭാവന കൊഴുപ്പിക്കാൻ രംഗത്ത് വന്നവരിൽ ദിഗ്‌വിജയ് സിങ്ങും കമൽനാഥുമൊക്കെ ഉൾപ്പെടും. പള്ളി പൊളിച്ച ക്രെഡിറ്റ് തങ്ങൾക്ക് നൽകാത്തതിലുള്ള ഖിന്നതയാണ് പല മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നത്.

സാമ്പത്തികമേഖലയിലെ ബിജെപിയുടെ ഓരോ തീരുമാനത്തിനും നിദാനമായത് കോൺഗ്രസ് നടപടികളാണ്. കോൺഗ്രസ് പ്രകടനപത്രികയിൽ പറഞ്ഞിരുന്ന കാർഷികനിയമമാണ് നരേന്ദ്ര മോഡി പ്രാബല്യത്തിൽ വരുത്തിയത്. എണ്ണവില ഉയരുമ്പോൾ ബിജെപി ചൂണ്ടുവിരൽ ഉയർത്തുന്നത് എണ്ണവില നിയന്ത്രണം എടുത്തുകളഞ്ഞ് കമ്പനികളെ സ്വതന്ത്രമാക്കിയ കോൺഗ്രസിന്റെ തീരുമാനത്തിലേക്കാണ്. പൊതുമേഖല വിറ്റഴിക്കലിന്റെ അലകുംപിടിയും തയ്യാറാക്കി സൗത്ത് ബ്ലോക്കിൽ വച്ചത് കോൺഗ്രസാണ്. അതിന്റെ ഓരോ ഏടും മറിക്കുമ്പോഴാണ് ജനങ്ങളുടെ നവരത്നങ്ങളോരോന്നും നഷ്ടപ്പെടുന്നത്.

രാഹുൽ ഗാന്ധിയുടെ അപക്വതയെ ഇരട്ടപ്പേരിട്ട് പരിഹസിക്കുന്നതിനോട് ലേഖകൻ വ്യക്തിപരമായി യോജിക്കുന്നില്ല. അതേസമയം, രാഹുൽ എന്തുകൊണ്ട് കോൺഗ്രസിന്റെയും ജനാധിപത്യശക്തികളുടെയും അന്ത്യകർമങ്ങൾക്കായി കോപ്പുകൂട്ടുന്നു എന്ന ചോദ്യത്തെ ക്രിയാത്മകമായി പരിശോധിക്കേണ്ടിയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News