പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്രം; ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് വര്‍ധിപ്പിച്ചത് 25 രൂപ; ഫെബ്രുവരിയില്‍ മാത്രം വര്‍ധിപ്പിച്ചത് 100 രൂപ

പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനാണ് 25 രൂപ കൂട്ടിയത്. ഇതോടെ 14.2കിലോഗ്രാം വരുന്ന സിലിണ്ടറിന്‍റെ വില 801രൂപയായി. ഫെബ്രുവരിയില്‍ മാത്രം 100 രൂപയാണ് സിലിണ്ടറിന് വില വര്‍ധിപ്പിച്ചത്.

ഈ മാസം ഇത് മൂന്നാം തവണയാണ് വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് കേന്ദ്ര സര്‍ക്കാര്‍ വിലവര്‍ധിപ്പിക്കുന്നത്. ഫെബ്രുവരി 4 ന് 25 രൂപ വര്‍ധിപ്പിച്ചു. പിന്നീട് 10 ദിവസത്തിനുശേഷം 16ന് 50 രൂപ കൂട്ടി. ഇപ്പോള്‍ വീണ്ടും 25 രൂപ വര്‍ധിപ്പിക്കുകയായിരുന്നു. ഇതോടെ 14.2 കിലോഗ്രാം വരുന്ന ഗാര്‍ഹിക സിലിണ്ടറിന്‍റെ കൊച്ചിയിലെ വില 801 രൂപയായി.

ഇക്ക‍ഴിഞ്ഞ ഡിസംബറില്‍ രണ്ട് തവണയായി 100 രൂപ ഗാര്‍ഹിക സിലിണ്ടറിന് വില വര്‍ധിപ്പിച്ചിരുന്നു. അതായത് നവംബറില്‍ 601 രൂപ വിലയുണ്ടായിരുന്ന സിലിണ്ടറിന് മൂന്ന് മാസത്തിനിടെ 200 രൂപയാണ് കൂട്ടിയത്. സബ്സിഡി നിര്‍ത്തലാക്കിയ ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ഇരുട്ടടി തുടരുന്നത്.

വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 5 രൂപ കുറച്ചുവെങ്കിലും രണ്ട് മാസത്തിനിടെ വര്‍ധിപ്പിച്ച 269 രൂപയില്‍ നിന്നാണ് ഈ കുറവ് വരുത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പാചകവാതക വില വര്‍ധനക്കെതിരെ സി പി
ഐ എം ന്‍റെ നേതൃത്വത്തില്‍ അടുപ്പുകൂട്ടി സമരം ഉള്‍പ്പടെ സംഘടിപ്പിച്ചിരുന്നു. വില വര്‍ധന തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമായേക്കും.

ഇതിനിടെ പ്രതിദിനമുള്ള ഇന്ധന വില വര്‍ധനവും സാധാരണക്കാരെ ദുരിതത്തിലാക്കുകയാണ്. ഈ മാസം തന്നെ തുടര്‍ച്ചയായി 10തവണയിലധികമാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചത്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് പെട്രോള്‍ വില 92ഉം ഡിസല്‍വില 87 ഉം കടന്നിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News