നടിയെ അക്രമിച്ച കേസില്‍ പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. കൊച്ചിയിലെ വിചാരണക്കോടതിയാണ് ഹര്‍ജി തള്ളിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന പ്രോസിക്യൂഷന്‍റെ ആരോപണത്തിന് തെളിവില്ലെന്ന ദിലീപിന്‍റെ വാദം ശരിവെച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് അഭിഭാഷകന്‍ വ‍ഴി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍റെ പ്രധാന ആരോപണം. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു പ്രോസിക്യുഷന്‍റെ ആവശ്യം. എന്നാല്‍ ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താനായില്ലെന്നായിരുന്നു ദിലീപിന്‍റെ വാദം.

ജനുവരിയില്‍ മൊ‍ഴി മാറ്റാന്‍ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികള്‍ ഒക്ടോബറില്‍ മാത്രമാണ് പരാതി ഉന്നയിക്കുന്നത്. ഇത് സംശയാസ്പദമാണെന്നും ദിലീപ് വാദിച്ചിരുന്നു. മാത്രമല്ല നൂറോളം മറ്റ് സാക്ഷികളെ വിസ്തരിച്ചിരുന്നുവെന്നും ആര്‍ക്കും ഇത്തരം പരാതിയില്ലെന്നും ദിലീപിന് വേണ്ടി അഭിഭാഷകന്‍ വാദിച്ചിരുന്നു.

പ്രോസിക്യൂഷന്‍ ആരോപണത്തിന് തെളിവില്ലെന്ന ദിലീപിന്‍റെ വാദം ശരിവെച്ച കോടതി ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളുകയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍
വിചാരണക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

മാപ്പുസാക്ഷി വിപിന്‍ലാല്‍ ഉള്‍പ്പടെ മൂന്ന് പ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് അഭിഭാഷകന്‍വ‍ഴി ശ്രമിച്ചുവെന്നും ഇതിനു ശേഷം ചില സാക്ഷികള്‍ കോടതിയില്‍ മൊ‍ഴി മാറ്റിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

കോവിഡ് ലോക്ക് ഡൗണ്‍ ഉള്‍പ്പടെ വിവിധ കാരണങ്ങളാല്‍ ഹര്‍ജി തീര്‍പ്പാക്കുന്നത് നീണ്ടുപോവുകയായിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് 2017 ജൂലൈ 10ന് അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിന് 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here