സ്വന്തം പ്രവര്‍ത്തകന്റെ രക്തം വിറ്റ് കാര്യാലയം പണിയുന്നതല്ല എന്റെ രാഷ്ട്രീയം സ്‌നേഹവും സമഭാവനയുമാണ് എന്റെ പ്രസ്ഥാനം എന്നെ പഠിപ്പിച്ചത്; സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി എഎം ആരീഫ് എംപി

സ്വന്തം പ്രവര്‍ത്തകന്റെ രക്തം വിറ്റ് കാര്യാലയം പണിയുന്നതല്ല എന്റെ രാഷ്ട്രീയമെന്നും സ്‌നേഹവും സമഭാവനയുമാണ് എന്റെ പ്രസ്ഥാനം എന്നെ പഠിപ്പിച്ചതെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍ക്കുള്ള മറുപടിയില്‍ എഎം ആരീഫ് എംപി.

സ്വന്തം പ്രവർത്തകനെ എതിരാളികൾ കൊലപ്പെടുത്തിയ കേസ് ഒത്തു തീർപ്പാക്കുക വഴി കിട്ടിയ കോടികൾ കൊണ്ട് കാര്യാലയം പണി കഴിപ്പിക്കുന്ന വാണിജ്യ തൽപ്പരതയുമല്ല എന്നെ നയിക്കുന്നതെന്നും.

ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരോടും സമഭാവനയോട് പെരുമാറാൻ ആണ് എന്റെ രാഷ്ട്രീയമെന്നെ പഠിപ്പിച്ചിട്ടുള്ളതെന്നും എഎം ആരീഫ് പറഞ്ഞു. അത്‌ പാലക്കാട്‌ ഉള്ള സന്ദീപ് വാര്യർക്കു മനസിലാവണമെന്നില്ല. ആലപ്പുഴയിലെ നിങ്ങളുടെ പാർട്ടിയുടെ തന്നെ നേതാക്കളോട് ചോദിച്ചാൽ മതിയെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ എഎം ആരീഫ് എംപി പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

കഴിഞ്ഞ നാൽപ്പതു വർഷത്തോളമായി ആലപ്പുഴയുടെ മണ്ണിൽ ചുവന്ന കൊടിയെന്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരു എളിയ ഇടതുപക്ഷ പ്രവർത്തകനാണ് ഞാൻ. ഇതുവരെ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ പരമാവധി ആത്മാർത്ഥതയോടെ നിറവേറ്റിയതുകൊണ്ടാണ്, ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി എന്നെ നിയോഗിച്ചത്.
ആലപ്പുഴയിലെ ജനങ്ങൾക്ക് എന്നെ അറിയാം. മതാന്ധതയിൽ ടയർ കൂട്ടിയിട്ട് കത്തിച്ച് ആളുകളെ കൊന്നുകളയണമെന്ന് അഭിപ്രായം പറയുന്ന രാഷ്ട്രീയമല്ല എൻ്റെത്.
സ്വന്തം പ്രവർത്തകനെ എതിരാളികൾ കൊലപ്പെടുത്തിയ കേസ് ഒത്തു തീർപ്പാക്കുക വഴി കിട്ടിയ കോടികൾ കൊണ്ട് കാര്യാലയം പണി കഴിപ്പിക്കുന്ന വാണിജ്യ തൽപ്പരതയുമല്ല എന്നെ നയിക്കുന്നത്.
ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരോടും സമഭാവനയോട് പെരുമാറാൻ ആണ് എന്റെ രാഷ്ട്രീയമെന്നെ പഠിപ്പിച്ചിട്ടുള്ളത്. അത്‌ പാലക്കാട്‌ ഉള്ള സന്ദീപ് വാര്യർക്കു മനസിലാവണമെന്നില്ല. ആലപ്പുഴയിലെ നിങ്ങളുടെ പാർട്ടിയുടെ തന്നെ നേതാക്കളോട് ചോദിച്ചാൽ മതി.
കൊലപ്പെടുത്തിയവരുടെ രാഷ്ട്രീയത്തെക്കുറിച്ച് ഒരുവരി പരാമർശിക്കാതെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വെറും മൂന്നാംകിട ദുരാരോപണം ഉന്നയിക്കുന്ന സന്ദീപ് വാര്യരെപ്പോലുള്ള ഒരു രാഷ്ട്രീയ നേതാവിനു ഇതൊക്കെ മനസിലാകുമോ എന്നറിയില്ല. മനസിലാക്കിയാൽ നല്ലത്.
കൊല്ലപ്പെട്ട നന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
A M Ariff MP

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News