കൊവിഡ് വ്യാപനം കൂടുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് മുംബൈയും പുണെയും

മഹാരാഷ്ട്രയിൽ വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളുടെ പശ്ചാത്തലത്തിൽ, മാസ്ക്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ പിന്തുടരുന്നതിലും പരാജയപ്പെടുന്ന സാഹചര്യത്തിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസ്ഥാനത്തെ ജനങ്ങൾക്ക് വ്യക്തമായി മുന്നറിയിപ്പ് നൽകിയിരുന്നു.

വൈറസിനെതിരായ വലിയ യുദ്ധമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും ഇവിടെ പൊരുതാൻ വാളില്ലെന്നും പകരം മുഖം മൂടിയാണ് പ്രധാന ആയുധമെന്നും മുഖ്യമന്ത്രി രണ്ടു ദിവസം മുൻപ് ജനങ്ങളെ ഉദ്ബോധിപ്പിച്ചിരുന്നു. എന്നാൽ വീണു കിട്ടിയ ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള വ്യഗ്രതയിൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ഒരു വിഭാഗം നഗരവാസികൾ സുരക്ഷക്ക് ഭീഷണി ഉയർത്തുന്നത്.

ഇതിനെ തുടർന്നാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ സർക്കാർ നിർബന്ധിതരായിരിക്കുന്നത് . അമരാവതി, നാഗ്പൂർ, മുംബൈ, പുനെ എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ മുംബൈ മേയർ കിഷോരി പെഡ്നേകർ ലോക്കൽ ട്രെയിനിലും പച്ചക്കറി മാർക്കറ്റിലും നേരിട്ടെത്തി മാസ്ക്കില്ലാത്തവർക്ക് വിതരണം ചെയ്താണ് ബോധവത്ക്കരണ പരിപാടികൾ നടത്തിയത്.

പ്രശസ്തമായ ഓവൽ മൈതാനം അടച്ചിടുന്നു

തെക്കൻ മുംബൈയിലെ പ്രശസ്തമായ ഓവൽ മൈതാൻ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുവാൻ ഉത്തരവായി. വാരാന്ത്യത്തിൽ ജനക്കൂട്ടം കൂടി വരുന്നതായി കണ്ടെത്തിയതാണ് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടിയത്.

മുംബൈയിലെ ഏറ്റവും വലിയ പൊതു സ്ഥലങ്ങളിൽ ഒന്നാണ് ഓവൽ മൈതാൻ. ഇവിടെ ക്രിക്കറ്റ് കളികളും ട്രെയിനിങ്ങും കൂടാതെ കളി കാണാനെത്തുന്ന ക്രിക്കറ്റ് പ്രേമികളുടെ ഒത്തുകൂടലുകളുമായി വാരാന്ത്യങ്ങളിൽ വലിയ തിരക്കാണ്. ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇവിടെയും സാധാരണഗതിയിലുള്ള തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയാതാണ് ഭീഷണി ഉയർത്തിയത്.

പ്രമുഖ ക്രിക്കറ്റ് കളിക്കാരുടെ മേൽനോട്ടത്തിലുള്ള അക്കാദമികളുടെ പരിശീലനവും ഇവിടെ നടക്കാറുണ്ട്. ഒരു വിളിപ്പാടകലെയാണ് വാങ്കഡെ സ്റ്റേഡിയവും, ചർച്ച്‌ഗേറ്റ് റെയിൽവേ സ്റ്റേഷനും, മന്ത്രാലയവുമെല്ലാം.

കഴിഞ്ഞ വാരാന്ത്യത്തിൽ മൈതാനത്തെത്തിയപ്പോൾ കുട്ടികൾ അടക്കമുള്ള നിരവധി കളിക്കാരെയും കാൽ നടക്കാരെയും ജോഗർമാരെയും കാണാനായെന്നാണ് അസിസ്റ്റന്റ് മുനിസിപ്പൽ കമ്മീഷണർ ചന്ദ ജാദവ് പരാതിപ്പെട്ടത്. അതുകൊണ്ട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുവാനാണ് തീരുമാനമെന്നും ജാദവ് പറയുന്നു.

നിയന്ത്രിക്കാൻ പ്രയാസമുള്ള വലിയ ഒത്തുചേരലുകൾക്ക് സാക്ഷ്യം വഹിക്കുന്ന പൊതു ഇടങ്ങൾ അടയ്ക്കേണ്ടതിന്റെ ആവശ്യകത വാർഡ് തലത്തിൽ എടുക്കുമെന്ന് സിവിക് അധികൃതർ പറഞ്ഞു. യാത്രക്കാർ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ലോക്കൽ ട്രെയിനുകളുടെ കാര്യത്തിലും താമസിയാതെ തീരുമാനം എടുക്കേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here