കോര്‍പ്പറേറ്റുകള്‍ക്ക് കുടപിടിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും നരേന്ദ്രമോദിയുടെയും നയം കാര്‍ഷിക നിയമത്തിലും പൗരത്വ നിയമത്തിലും എല്ലാം വെളിവായതാണ്. ഇപ്പോള്‍ നരേന്ദ്ര മോദി തന്നെ നേരിട്ട് സ്വകാര്യവല്‍ക്കരണത്തെ പിന്തുണച്ചുകൊണ്ട് മുന്നോട്ടു വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റുകളോടുള്ള അതിയായ സ്‌നേഹം ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. സ്വകാര്യവല്‍ക്കരണം ജനങ്ങളുടെ നന്മക്ക് വേണ്ടിയാണ് എന്നാണ് കോര്‍പ്പറേറ്റുകളെ പിന്തുണച്ചുകൊണ്ട് നരേന്ദ്രമോദി അവസാനമായി പറഞ്ഞത്.
സര്‍ക്കാരിനു കീഴിലെ നിക്ഷേപ-മൂലധന വിഭാഗങ്ങള്‍ ബജറ്റിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മോദി. മൂലധനങ്ങള്‍ വിറ്റഴിക്കുന്നതും സ്വകാര്യവല്‍ക്കരണവും ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയാണെന്നാണ് അംബാനിയെയും അദാനിയേയുമൊക്കെ കാക്കുന്ന മോദിയുടെ പുതിയ വാദം.
സ്വകാര്യവല്‍ക്കരണവും മൂലധനം വിറ്റഴിക്കലുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യത്ത് നടക്കുമ്പോഴാണ് പ്രധാനമന്ത്രി ഇത്തരത്തിലുള്ള കോര്‍പ്പറേറ്റുകളെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
സ്വകാര്യവല്‍ക്കരണം വഴി പണം കണ്ടെത്തിയാല്‍ മാത്രമേ സാധാരണ ജനങ്ങള്‍ക്ക് വികസന പദ്ധതികള്‍ക്ക് പണം ലഭിക്കൂ എന്നാണ് നരേന്ദ്രമോദി പറയുന്നത്. പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയരണമെങ്കില്‍ പുതിയ വീടുകളും സ്‌കൂളുകളും ജലസേചന പദ്ധതികളും പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നയങ്ങള്‍ പിന്തുടരേണ്ടി വരും.
രാജ്യത്തിന്റെ വ്യവസായ കാര്യങ്ങളില്‍ സര്‍ക്കാരിന് ഒരു വാണിജ്യ താല്‍പര്യമില്ല. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് സര്‍ക്കാരിന്റെ പ്രഥമപരിഗണന എന്നാണ് കോര്‍പ്പറേറ്റുകളെ പിന്തുണയ്ക്കാന്‍ മോദി കണ്ടുപിടിച്ച ന്യായീകരണം.
രാജ്യത്തിന്റെ അന്നദാതാക്കള്‍ ഊണും ഉറക്കവും ഇല്ലാതെ സമരം ചെയ്യുമ്പോള്‍. അവരുടെ സമരത്തിന് ഒരു വിലയും കല്‍പ്പിക്കാതെ ഇപ്പോഴും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞുകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നരേന്ദ്രമോദിയുടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇന്ധനവില നാള്‍ക്കുനാള്‍ കുടിക്കുമ്പോഴും അവശ്യസാധനങ്ങളുടെ വില സാധാരണ ജനങ്ങള്‍ക്ക് തലവേദനയാകുംമ്പോഴും താങ്ങാനാവാത്ത വിധം പാചകവാതകത്തിന് വില ഉയരുമ്പോഴും രാജ്യത്തെ കര്‍ഷകര്‍ തെരുവില്‍ സമരംചെയ്യുമ്പോഴും അതൊക്കെ കണ്ടില്ലെന്ന് നടിച്ച മോദി, ഇന്ന് കോര്‍പ്പറേറ്റുകളുടെ കാര്യത്തില്‍ വാതോരാതെ സംസാരിക്കുമ്പോള്‍ തന്നെ ഏതൊരു സാധാരണക്കാരനും കേന്ദ്രസര്‍ക്കാരിന്റെ ഇതിനുപിറകിലുള്ള ഉദ്ദേശം മനസ്സിക്കാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here