പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ വജ്ര വ്യാപാരി നീരവ് മോദിക്ക് തിരിച്ചടി. നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് കോടതി വിധി. നീരവ് മോദിക്കെതിരായ കേസ് പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നും ഇന്ത്യയിൽ നീരവ് മോദിക്ക് നീതി നിഷേധിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കിയാണ് ബ്രിട്ടീഷ് കോടതി ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചത്.
രണ്ട് വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതിയും വജ്ര വ്യാപാരിയുമായ നീരവ് മോദിയെ വിട്ടുകിട്ടാനുള്ള ആദ്യ കടമ്പ ഇന്ത്യ വിജയിച്ചത്. നീരവ് മോദിയും ബന്ധുവായ മെഹുൽ ചോക്സിയും ചേർന്ന് വായ്പാ തട്ടിപ്പ് നടത്തി 13600 കോടി സ്വന്തമാക്കിയെന്നാണ് കേസ്.
2018ൽ ഇന്ത്യയിൽ നിന്ന് മുങ്ങിയ നീരവിനെ 2019 മാർച്ചിൽ ഇന്ത്യയുടെ ആവശ്യപ്രകാരം ലണ്ടനിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യയിൽ നേരിട്ടെക്കാവുന്ന മനുഷ്യാവകാശ ലംഘനം, നീതിപൂർവമല്ലാത്ത വിചാരണ തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ചായിരുന്നു നാടുകടത്തരുതെന്ന നീരവ് മോദിയുടെ വാദം. എന്നാൽ വെസ്റ്റ് മിനിസ്റ്റേഴ്‌സ് മജിസ്ട്രേറ്റ്സ് കോടതി ജഡ്ജ് സാമുവേൽ ഗൂസ് വാദങ്ങൾ പൂർണമായും തള്ളി.
ഇന്ത്യ കൈമാറിയ തെളിവുകൾ നീരവ് സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും ശരിവയ്ക്കുന്നു, നീരവിനെതിരായ ആരോപണങ്ങൾ പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.
വിഷാദ രോഗമടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച നീരവിനോട് ആവശ്യമായ ചികിത്സാ സൗകര്യം ഇന്ത്യയിൽ ഉണ്ടാകും, ആർതർ റോഡിലെ ജയിലിലുള്ള സൗകര്യങ്ങൾ തൃപ്തികരമെന്നും കോടതി പറഞ്ഞു. വിധി ശരിവയ്ക്കുന്നതിന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിക്ക് അയക്കും. കീഴ്കോടതി വിധിക്കെതിരെ അപ്പീലുകൾ നൽകാനും നീരവിന് അവസരമുണ്ട്.
അപ്പീലുകൾ തള്ളിയാൽ രാഷ്ട്രീയ അഭയത്തിനും ശ്രമിക്കാം. അതിനാൽ നീരവ് മോദി ഇന്ത്യയിൽ എത്താൻ വൈകുമെന്നാണ് വിലയിരുത്തൽ. അതേസമയം വിഷയത്തിൽ ബിജെപിയും കോൺഗ്രസും ഏറ്റുമുട്ടൽ ആരംഭിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ വിജയമെന്ന അവകാശവാദവുമായി ബിജെപി രംഗത്തെത്തി.
എന്നാൽ നീരവ് മോദി ആരുടെ സഹായത്തിൽ നാടുവിട്ടെന്ന് ബിജെപി ഉത്തരം പറയണമെന്നായിരുന്നു കോൺഗ്രസ് പ്രതികരണം.
Get real time update about this post categories directly on your device, subscribe now.