‘മനുഷ്യവംശത്തിനായി മംഗളാശംസകള്‍ പാടിയ മഹാകവിക്ക്‌, മലയാളിയുടെ സാംസ്കാരികതേജസിന്, പ്രിയപ്പെട്ട അധ്യാപകന് വിട’: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

മലയാള സാംസ്കാരിക മണ്ഡലത്തിൽ ഒരു പ്രകാശഗോപുരമായി നിറഞ്ഞു നിന്ന മഹദ് വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

അത്യധികം വ്യസനത്തോടെയാണ് മഹാകവി വിഷ്ണുനാരായണൻ നമ്പൂതിരി വിടപറഞ്ഞ വാർത്ത അറിഞ്ഞത്. മലയാള സാംസ്കാരിക മണ്ഡലത്തിൽ ഒരു പ്രകാശഗോപുരമായി നിറഞ്ഞു നിന്ന മഹദ് വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. എന്റെ പ്രിയപ്പെട്ട അദ്ധ്യാപകന്‍ കൂടെയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി സാര്‍.

യൂണിവേഴ്‌സിറ്റി കോളേജിൽ മലയാളത്തിന് ചേരാൻ എന്നെ പ്രേരിപ്പിച്ച പ്രധാനഘടകം അന്ന് അവിടെയുണ്ടായിരുന്ന മഹാരഥന്മാരായ അധ്യാപകരുടെ നീണ്ട നിരയാണ്. അന്ന് വകുപ്പുമേധാവി ആയി ഉണ്ടായിരുന്നത് നാടകാചാര്യൻ പ്രൊഫസർ എൻ. കൃഷ്ണപിളള സാറാണ്.

കെ എം ഡാനിയേൽ സാർ, തിരുനെല്ലൂർ കരുണാകരൻ സാർ, ഒ. എൻ. വി സാര്‍, നബീസ ഉമ്മാൾ ടീച്ചര്‍ തുടങ്ങിയവർക്കൊപ്പം വിഷ്ണുനാരായണൻ നമ്പൂതിരി സാറും അന്ന് ക്യാമ്പസില്‍ അധ്യാപകരായി ഉണ്ടായിരുന്നു.

കവി, ഭാഷാപണ്ഡിതൻ, സാംസ്കാരിക ചിന്തകൻ എന്ന നിലയിൽ അക്കാലത്ത് തന്നെ ശ്രദ്ധേയനായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി സാര്‍. അദ്ദേഹം മലയാളം അധ്യാപകൻ ആണെന്നായിരുന്നു കോളേജില്‍ ഇതും മുന്‍പ് എന്റെ ധാരണ. എന്നാല്‍ ഇംഗ്ലീഷ് അധ്യാപകനായി ക്ലാസില്‍ അദ്ദേഹം കടന്നുവന്നപ്പോഴാണ് മലയാളമല്ല ഇംഗ്ലീഷ് ആണ് അദ്ദേഹം പഠിപ്പിക്കുന്നത് എന്ന് മനസിലായത്.

അദ്ദേഹത്തിന്റെ ഇംഗ്ലീഷ് സാഹിത്യക്ലാസുകളില്‍ മറ്റ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ വരെ വന്നിരിക്കാറുണ്ടായിരുന്നു. ഷേക്സ്പിയറും ഷെല്ലിയും കീറ്റ്സും മാത്രമല്ല ആശാനും ടാഗോറും വള്ളത്തോളും കാളിദാസനും ശങ്കരാചാര്യരും ഇടശ്ശേരിയുമൊക്കെ ഇംഗ്ലീഷ് ക്ലാസുകളില്‍ അദ്ദേഹത്തിനൊപ്പമെത്തുമായിരുന്നു.

പില്‍ക്കാലത്ത് അദ്ദേഹം മലയാള സാഹിത്യനഭസില്‍ ഒരു ആല്‍മരമായി പടര്‍ന്നു പന്തലിച്ചു തണലേകി നിന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും ഓടക്കുഴല്‍ പുരസ്കാരവും വയലാര്‍ അവാര്‍ഡും വള്ളത്തോള്‍ പുരസ്കാരവും എഴുത്തച്ഛന്‍ അവാര്‍ഡും പത്മശ്രീയുമൊക്കെ അദ്ദേഹത്തെ തേടിവന്നു. വളരുംതോറും മണ്ണിലേക്ക് വേരുപടര്‍ത്തിക്കൊണ്ട് ആ ആല്‍മരം സൗമ്യസാന്നിദ്ധ്യമായി നിലകൊണ്ടു.

“ജീവിതത്തില്‍ വെറുതെയാകുന്നില്ല
ഭാവശുദ്ധിയും ഭംഗിയും വെണ്‍മയും
പൂവിനുള്ള സുഗന്ധവും അന്യനായ്
താനൊരുക്കും ചെറിയ സംതൃപ്തിയും
നേരിനായ് മുറിവാര്‍ന്ന തന്‍ ജീവനാല്‍
പാരിനേകും മംഗളാശംസയും”

മനുഷ്യവംശത്തിനായി മംഗളാശംസകള്‍ പാടിയ മഹാകവിക്ക്‌, മലയാളിയുടെ സാംസ്കാരികതേജസിന്, പ്രിയപ്പെട്ട അധ്യാപകന് വിട. അങ്ങ് കൊളുത്തിയ ജ്വാല കെടാവിളക്കായി അനന്തകാലം പ്രകാശമേകട്ടെ. ആദരാഞ്ജലികള്‍.

അത്യധികം വ്യസനത്തോടെയാണ് മഹാകവി വിഷ്ണുനാരായണൻ നമ്പൂതിരി വിടപറഞ്ഞ വാർത്ത അറിഞ്ഞത്. മലയാള സാംസ്കാരിക മണ്ഡലത്തിൽ ഒരു…

Posted by Kadakampally Surendran on Thursday, 25 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News