കടലില്‍ ചാടിയും ട്രാക്ടര്‍ ഓടിച്ചും കേരളത്തോട് കാണിക്കുന്ന സ്‌നേഹത്തിന് രാഹുലിന് ‘നന്ദി’യെന്ന് മുഖ്യമന്ത്രി

കടലില്‍ ചാടിയും ട്രാക്ടര്‍ ഓടിച്ചും കേരളത്തോട് കാണിക്കുന്ന സ്‌നേഹത്തിന് രാഹുലിന് ‘നന്ദി’ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ദില്ലിയിലെ സമരത്തെ അവഗണിച്ച രാഹുലാണ് കേരളത്തില്‍ വന്ന് സമരം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ ഒന്നടങ്കം പിടിച്ചുലക്കുന്ന കര്‍ഷക സമരത്തെ പാടെ അവഗണിച്ചു കൊണ്ട്, ശ്രീ രാഹുല്‍ഗാന്ധി കേരളത്തില്‍ വന്ന് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ തയ്യാറായ അദ്ദേഹത്തിന്റെ വിശാലമനസ്കത പ്രശംസനീയമാണ്- മുഖ്യമന്ത്രി പറഞ്ഞു.

3 ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് കോണ്‍ഗ്രസ് തുടങ്ങി വെച്ച നയം മൂലമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേ‍ളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

രാഹുല്‍ ഗാന്ധി കേരളത്തില്‍ വരികയും അസാധാരണമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുകയാണ്. കര്‍ഷകര്‍ക്കു വേണ്ടി അദ്ദേഹം ട്രാക്ടറോടിക്കുകയും മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി കടലില്‍ നീന്തുകയും വരെ ചെയ്തു. അദ്ദേഹം കേരളത്തോടു കാണിക്കുന്ന ഈ താല്‍പര്യത്തില്‍ നന്ദിയുണ്ട്.

ജനുവരി 16ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതതു പ്രകാരം ഡെല്‍ഹിയിലെ കര്‍ഷക സമരസ്ഥലത്ത് ഏകദേശം എഴുപതോളം കര്‍ഷകര്‍ മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍, രാജ്യത്തെ ഒന്നടങ്കം പിടിച്ചുലക്കുന്ന കര്‍ഷക സമരത്തെ പാടെ അവഗണിച്ചു കൊണ്ട്, ശ്രീ രാഹുല്‍ഗാന്ധി കേരളത്തില്‍ വന്ന് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ തയ്യാറായ അദ്ദേഹത്തിന്റെ വിശാലമനസ്കത പ്രശംസനീയമാണ്.

1990കളോടെ നടപ്പിലാക്കിയ നവഉദാരവല്‍ക്കരണ നയങ്ങളെത്തുടര്‍ന്നാണ് ലോകത്തെ തന്നെ ഞെട്ടിച്ച രീതിയില്‍ ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ ആരംഭിച്ചത്. വിപണിയുടെ നീതിരഹിതമായ മത്സരത്തിനു വിട്ടുകൊടുത്തു കൊണ്ടും, ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ട പിന്തുണയും സുരക്ഷയും പിന്‍വലിച്ചു കൊണ്ടും കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുകയാണുണ്ടായത്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം ഇക്കാലയളവില്‍ ഏകദേശം മൂന്നുലക്ഷം കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞു. അതിന്നും തുടരുകയാണ്. അതിനു കാരണമായത് കോണ്‍ഗ്രസ് നടപ്പിലാക്കിയ, ഇന്നും അവരുടെ അജണ്ടയായി മുന്നോട്ടുവെയ്ക്കുന്ന നയങ്ങളും ഭരണപരിഷ്കാരങ്ങളുമാണ്.

അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വയനാട് ജില്ലയില്‍ എന്താണ് സംഭവിച്ചത് എന്നെങ്കിലും തിരക്കണം. വയനാടിന്റെ നട്ടെല്ലായിരുന്ന കാപ്പി, കുരുമുളക് കൃഷികള്‍ എങ്ങനെയാണ് തകര്‍ന്നടിഞ്ഞത്? ഇന്ത്യയിലെ കാര്‍ഷിക പ്രതിസന്ധിയുടെ ആഴം ലോകത്തെ അറിയിച്ച സുപ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ പി സായ്നാഥ് പറയുന്നത് പ്രകാരം എകദേശം 6000 കോടി രൂപയുടെ നഷ്ടമാണ് 2000ന്റെ ആദ്യ നാലഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വയനാട് ജില്ലയിലെ കാപ്പി, കുരുമുളക് കൃഷികളില്‍ മാത്രം സംഭവിച്ചത്.

അതുകൊണ്ടു മാത്രം ആയിരക്കണക്കിനു കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് ആത്മഹത്യ ചെയ്തത്. അതു മനസ്സിലാക്കാതെ കൊടിയ ശൈത്യത്തില്‍ മരണത്തോട് മല്ലിട്ട് രാജ്യതലസ്ഥാനത്തെ തെരുവുകളില്‍ കര്‍ഷകര്‍ക്ക് ഇപ്പോഴും സമരം ചെയ്യേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ കഴിയില്ല.

കോണ്‍ഗ്രസ് തുടങ്ങിവെച്ച; നിര്‍ദ്ദയം നടപ്പാക്കിയ കര്‍ഷകവിരുദ്ധ നയങ്ങളുടെ ഫലമായാണിതെല്ലാം സംഭവിച്ചത്. കൊല്ലപ്പെട്ട ലക്ഷക്കണക്കിനു കര്‍ഷകരുടെ രക്തം കോണ്‍ഗ്രസിന്റെ കൈകളില്‍ പറ്റിയിരിക്കുന്നു. അനാഥമാക്കപ്പെട്ട അത്രയും കുടുംബങ്ങളുടെ ദുരിതജീവിതങ്ങള്‍ ഓര്‍ക്കണം.

ഈ പാതകങ്ങള്‍ക്ക് കര്‍ഷകരോട് രാഹുല്‍ഗാന്ധി കോണ്‍ഗ്രസിനു വേണ്ടി നിരുപാധികം മാപ്പു പറയുകയാണ് വേണ്ടത്. ഈ നയങ്ങള്‍ തിരുത്തുകയാണ് വേണ്ടത്. രാജ്യത്ത് പുതിയ ബദലുകളാണ് വേണ്ടത്. അതിനുള്ള ആര്‍ജവം അദ്ദേഹത്തില്‍ നിന്നുണ്ടാകുമോ ഇതാണ് സാധാരണഗതിയില്‍ എല്ലാവരും ഉറ്റുനോക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News