പലനാള്‍ കള്ളന് ഒരു നാള് പിടിയിലെന്ന് പഴഞ്ചൊല്ല് കേട്ടിട്ടുണ്ടാകുമല്ലോ…എത്ര നാടകം കളിച്ചാലും കള്ളത്തരം കാണിച്ചാലും എന്നെങ്കിലും പിടിയിലാകുമെന്നത് ഇപ്പോള്‍ ഒരാളുടെ കാര്യത്തില്‍ സത്യമായിരിക്കുകയാണ്. മറ്റാരുടേയുമല്ല, കേരളത്തിലെത്തി മത്സ്യത്തൊഴിലാളികളുടെ കൂടെ കടലില്‍ പോയ രാഹുല്‍ജിയുടെ കാര്യമാണ് പറഞ്ഞു വന്നത്. രാഹുല്‍ഗാന്ധിയുടെ കടല്‍ കാണല്‍ രാഷ്ട്രീയ നാടകം മുപ്പതിനായിരം രൂപ നല്കി കരാര്‍ ഉറപ്പിച്ചായിരുന്നു എന്ന മത്സ്യത്തൊഴിലാളികളുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞു.
അപ്രതീക്ഷിതമായി പോയതാണെന്നു പറഞ്ഞ രാഹുല്‍ജിയുടെ ഷോയ്ക്ക് ക്യാമറയും പരിവാരങ്ങളുമെല്ലാം അകമ്പടി നല്‍കിയത് എടുത്തു പറയേണ്ട ഒന്നാണ്. രാവിലെ 5.30ന് മുന്‍കൂട്ടി തയാറാക്കിയ തിരകഥയനുസരിച്ച് വാടി സ്വദേശിയുടെ ‘പൂണ്ടിമാതാ’ ബോട്ട് റെഡിയാക്കി. രാഹുല്‍ജിയും പരിവാരങ്ങളും സാധാരണ എന്ന് മര്റുള്ളവര്ക്ക് തോന്നത്തക്ക രീതിയില്‍ വസ്ത്രം ധരിച്ച് ബോട്ടില്‍ കടലിലേക്ക് യാത്ര തിരിക്കുന്നു. കുറട്ടങ്ങോട്ട് പോയതും മീന്‍ കണ്ടു എന്ന് പറഞ്ഞ് വലയിടുന്നു.
ഒരാള്‍ വലയും കൊണ്ട് ബോട്ടില്‍ നിന്നും ചാടുന്നു. തൊട്ടു പിന്നാലെ സ്കൂബാഡൈവിംഗ് വിദഗ്ദനെന്ന് സ്വയം പുകഴ്ത്തിയ രാഹുല്‍ജി മറ്റൊരാളുടെ കൈപിടിച്ച് കടലിലേക്കെടുത്തു ചാടുന്നു. വീഡിയോ ഒക്കെ കിട്ടി എന്ന് ബോധ്യമായപ്പോള്‍ ബോട്ടില്‍ തിരിച്ചു കേറി ഇട്ട വല വലിച്ച് കരയ്ക്ക് കേറ്റുന്നു.
ഇടയ്ക്ക് തൊട്ടു പുറകില്‍ നില്ക്കുന്ന കൂട്ടാളികളോട് മതിയോ വീഡിയോ എല്ലാം കിട്ടിലല്ലോ അല്ലേ എന്ന തരത്തിലുള്ള നോട്ടവും ആംഗ്യവുമൊക്കെ കാണാം…യൂറ്റൂബില്‍ പുറത്തിറങ്ങിയ ഒരു വ്ലോഗില്‍ ഇതെല്ലാം വ്യക്തമായി കാണാം…
വലയിട്ടപ്പോള്‍ എന്ജിന് നിയന്ത്രിച്ചത് രാഹുലാണത്രേ എന്നാണ് കോണ്‍ഗ്രസ് പിആര്‍ വര്‍ക്ക് ചെയ്യുന്ന പ്രമുഖ പത്രം പറഞ്ഞത്… വള്ളത്തിനേക്കുറിച്ച് എബിസിഡി അറിയുന്ന ആളായ രാഹുല്‍ജിയാണ് വള്ളക്കാരനോട് ബോട്ടിനെത്ര എന്ജിന് വേണമെന്നും മറ്റുമുള്ള കാര്യങ്ങള്‍ ചോദിച്ചത്. ആ ആളാണ് എന്ജിന് നിയന്ത്രിച്ചതെന്ന് ആ മാധ്യമം പറയുന്നതില്‍ തന്നെ എത്രത്തോളം വസ്തുതയുണ്ടെന്ന് മനസ്സിലാക്കാമല്ലോ….
വള്ളത്തില്‍ പ്രഭാത ഭക്ഷണം തയ്യാറാക്കാന്‍ രാഹുല്‍ സഹായിച്ചു പോലും. എന്നാലും തള്ളുകയാണെങ്കില്‍ കുറച്ച് മയത്തില്‍ തള്ളിക്കൂടെ പ്രമുഖ കോണ്‍ഗ്രസ് പത്രമേ.. വള്ളക്കാര് വെച്ചുണ്ടാക്കിക്കൊടുത്തത് മൃഷ്ഠാനം കഴിക്കുന്നതല്ലാതെ മറ്റൊന്നും ആ വീഡിയോയിലില്ല. കിട്ടേണ്ട വിഷ്വലുകളൊക്കെ കിട്ടി എന്ന് ബോധ്യമായപ്പോള്‍ നേരേ കരയിലേക്ക്. രാഹുലിനെ കൊണ്ടു പോയ മത്സ്യ തൊഴിലാളിക്ക് എണ്ണകാശ് 5000 രൂപയോളം നല്കി.
മത്സ്യത്തൊഴിലാളികളെ കാണാനെത്തിയ രാഹുല്‍ജിയുടെ പ്രഹസനങ്ങലെല്ലാം കഴിഞ്ഞ് കരയില്‍ എത്തിയപ്പോള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തതുപോലെ പിആര്‍ ടീം അറിയിച്ചതു പ്രകാരം ആളുകളെയെല്ലാം കൂടിയിട്ടുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍പ്രൈസ് നല്കാന് വന്ന രാഹുല്‍ജിയുടെ കാര്യം ഇത്രയധികം ആളുകളെങ്ങനെയറിഞ്ഞു?
നാടകം കഴിഞ്ഞു.. ഇനിയാണ് ട്വിസ്റ്റ്… രാഹുലിന്റെ രംഗ പ്രവേശനം മത്സ്യ തൊഴിലാളികളുടെ പ്രശ്നങള്‍ പഠിക്കാനാണ് പോയതെന്ന വാര്‍ത്ത പരത്തുന്നു… എന്നാല്‍ സത്യാവസ്ഥ നേരില്‍കണ്ട മത്സ്യത്തൊഴിലാളികള്‍ നേരിട്ട് രംഗത്തെത്തിയതോടെ തിരഞ്ഞെടുപ്പിനു മുന്‍പുള്ള പ്രഹസന നാടകം പൊളി്ഞ്ഞു….
ഇതിനെല്ലാം സാക്ഷികളായ മത്സ്യത്തൊഴിലാളികളായ മുതാക്കര സ്വദേശി ആര് റോബിനും വാടി കല്ലേലില്‍ പുരയിടത്തില്‍ ബിജു സെബാസ്റ്റ്യനും രാഹുല്‍ ഗാന്ധി കടലില്‍ പോയതും വെള്ളത്തില്‍ ചാടിയതും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണെന്ന ഞെട്ടിക്കുന്ന വിവരം ദേശാഭിമാനിയോട് വെളിപ്പെടുത്തിയതോടെ… എല്ലാം പൊളിഞ്ഞു….
വിനോദസഞ്ചാരിയെപ്പോലെ എത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികളായ തങ്ങളെ രാഹുല്‍ അപമാനിച്ചെന്ന് മുതാക്കര സ്വദേശി ആര് റോബിന് പറഞ്ഞത്….’നല്ല നടനാണെന്ന് അദ്ദേഹം തെളിയിച്ചു. എന്നാല്‍, മത്സ്യത്തൊഴിലാളികളുടെ മുഖത്തടിച്ചതുപോലെയായി. രാവിലെ ആറിന് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം വള്ളത്തില്‍ കടലില്‍ പോയി മീന്‍പിടിച്ച് രണ്ടര മണിക്കൂറില്‍ തിരിച്ചെത്തിയത്രെ.
കിലോമീറ്ററുകള്‍ കടന്നുവേണം വല ഉറപ്പിക്കാന്‍. കടലിലേക്കുള്ള യാത്രയ്ക്കുമാത്രം വേണം രണ്ടുമണിക്കൂര്‍. പോയിവരാന്‍ കുറഞ്ഞത് നാലുമണിക്കൂറെങ്കിലും എടുക്കും’ ഇതാണ് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത്.
കരയില്‍നിന്ന് പോകുമ്പോള്‍ത്തന്നെ വള്ളത്തില്‍ മീനുണ്ടായിരുന്നു. എന്തെങ്കിലും ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ മീന്‍പിടിക്കുന്ന കഷ്ടപ്പാട് നേരില്‍ കാണാന്‍ അദ്ദേഹം തയ്യാറാകണമായിരുന്നു. 9 എംഎം കണ്ണി വലിപ്പമുള്ള ചൂടന്‍ വലയില്‍ മത്സ്യം കയറുമ്പോള്‍ പുറത്തേക്കു പോകാതിരിക്കാനാണ് സാധാരണ തൊഴിലാളികള്‍ വെള്ളത്തിലേക്ക് ചാടുന്നത്.
മീന്‍ കിട്ടാതിരുന്നപ്പോള്‍ കടലില്‍ ചാടിയെന്ന് പറയുന്ന രാഹുല്‍ തൊഴിലാളികളെ കളിയാക്കുകയാണെന്നാണ് കടലിന്റെ മക്കള്‍ പറഞ്ഞത്. അതെ, അവിടെ നടന്ന സംഭവങ്ങളെല്ലാം കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ ഇതുവരെയും കടലിന്റെ മക്കളെ കാണാനെത്താത്ത, എന്താണ് നിങ്ങളുടെ പ്രശ്നമെന്ന് ഒരിക്കല്‍പോലും ചോദിക്കാത്ത, രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പടുത്തപ്പോള്‍ മാത്രം കടല്‍ നാടകത്തിനിറങ്ങിയത് എന്തിനായിരിക്കുമെന്നത് ഒന്നിരുത്തി ആലോചിച്ചാല്‍ വ്യക്തമാകും.
കടല്‍ നാടകമെന്നാണ് മത്സ്യത്തൊഴിലാളികള്‍ രാഹുല്‍ജിയുടെ വരവിനെ അഭിസംബോധന ചെയ്തത്. മറ്റു സംസ്ഥാനങ്ങളിലേപ്പോലെയല്ല മലയാളികളെ അത്രയ്ക്കങ്ങ് പറ്റിക്കാനാകില്ലെന്ന് രാഹുല്‍ജിയ്ക്ക് ഇതോടെ മനസ്സിലായിക്കാണും…
നാടകവും യാഥാര്‍ഥ്യവും വേര്‍തിരിച്ചറിയാനുള്ള വിവേകം മലയാളിക്കുള്ളതുകൊണ്ടാണല്ലോ കോണ്‍ഗ്രസും ബിജെപിയും തലകുത്തി നിന്നിട്ടു പോലും കേരളത്തില്‍ പച്ച പിടിക്കാത്തത്. നിത്യ വൃത്തിക്ക് ജീവന് പണയം വെച്ച് കടലില്‍ പണിക്കു പോകുന്ന മത്സ്യതൊഴിലാളികളെ രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്നാണവര് പറയുന്നത്.
തെരഞ്ഞെടുപ്പ് വരും പോകും. സത്യത്തെ വളച്ചൊടിക്കരുത്. അഞ്ചുവര്‍ഷംകൊണ്ട് ഒരു സര്‍ക്കാരില്‍നിന്ന് മത്സ്യത്തൊഴിലാളികളുടെ നന്മയ്ക്കായി കിട്ടാന്‍ ബാക്കി ഒന്നുമില്ല. എന്നിട്ടും എന്തിനാണീ നാടകമെന്നും ബിജു ചോദിച്ചു. കടലില്‍ വന്നതില്‍ സന്തോഷം പക്ഷെ രാഷ്ട്രീകളിക്ക് മത്സ്യതൊഴിലാളികളെ ഉപയോഗിക്കരുതായിരുന്നു. എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത്.
രാഷ്ട്രീയ നാടകത്തിന്റെ തിരക്കഥയും ബോട്ടും തയാറാക്കിയ ടി.എന്‍ പ്രതാപനും,രാഹുലിനെ കടലില്‍ കൊണ്ടു പോയ മത്സ്യതൊഴിലാളികളുടെ പക്കലില്‍ നിന്ന് രണ്ട് ദിവസം താമസിച്ച് രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ച രാഹുല്‍ഗാന്ധിയുടെ പി.ആര്.ഒ എന്നു പരിചയപ്പെടുത്തിയ ബൈജുവും, പാവപ്പെട്ട മത്സ്യതൊഴിലാളി കുടുംബങ്ങളെ പറ്റിക്കാന്‍ നടത്തിയ നാടകം കടലില്‍ കുറച്ചുപേര്‍ക്ക് മാത്രം കാണത്തക്കരീതിയില്‍ നടത്തിയത് നന്നായി…കരയില്‍ വന്ന് പ്രത്യേകം കാശ് കൊടുത്ത് നിര്‍ത്തിയവര്‍ എല്ലാം വളച്ചൊടിച്ച് അങ്ങാടിപ്പാട്ടാക്കി…എല്ലാം മേഴ്സിക്കുട്ടിയമ്മ പറഞ്ഞതുപോലെ തുരുമ്പിച്ച കോണ്‍ഗ്രസ് നാടകം….നാടകം കളിച്ച് തിരിച്ച് സ്ഥലം വിട്ട രാഹുലിനോട് മത്സ്യത്താെഴിലാളികള് ചോദിച്ചതിങ്ങനെ.. എന്തൊരു പ്രഹസനമാടോ രാഹുല്‍ജീ….
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here