കെ കരുണാകരനൊപ്പം നിന്നവരെ ശരിപ്പെടുത്തുന്ന രീതി കോണ്‍ഗ്രസ് ഇപ്പോ‍ഴും തുടരുന്നു; കെപിസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും കെ മുരളീധരൻ. കെ കരുണാകരനൊപ്പം നിന്നവരെ ശരിപ്പെടുത്തുന്ന രീതി കോൺഗ്രസിൽ തുടരുകയാണെന്ന് മുരളീധരൻ.

താനടക്കമുള്ള ആളുകൾ അതിൻ്റെ ഇരകളാണെന്നും തെരഞ്ഞെടുപ്പ് കാലമായത് കൊണ്ട് കൂടുതൽ പറയുന്നില്ലെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.

കെപിസിസി നേതൃത്വവുമായി തുടരുന്ന അഭിപ്രായ വ്യത്യാസമാണ് പി ശങ്കരൻ അനുസ്മരണ സമ്മേളനത്തിൽ കെ മുരളീധരനിൽ നിന്നുണ്ടായത്.

കെ കരുണാകരനൊപ്പം നിന്നവരെ ശരിപ്പെടുത്തുന്ന സമ്പ്രദായം കോൺഗ്രസിൽ ഇന്നും തുടരുകയാണെന്ന് കെ മുരളീധരൻ തുറന്നടിച്ചു.

അവരോടൊക്കെ നേതൃത്വത്തിന്‌ അനിഷ്ടമാണ്‌. ഇത് തുടരുന്നത്‌ പറയാതിരിക്കാനാവില്ല. അച്ചടക്കം ലംഘിക്കാൻ പാടില്ല എന്നതുകൊണ്ട് പല സത്യങ്ങളും തുറന്നു പറയുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

കോൺഗ്രസ്‌ ഗ്രൂപ്പ്‌ ഒറ്റ രാത്രികൊണ്ട്‌ ഇല്ലാതാക്കാനാവില്ല. ഏത്‌ ഗ്രൂപ്പിലായാലും പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കുന്നില്ല. നേതാവിനെ മൂന്നുറൗണ്ട്‌ വലം വച്ചാൽ സീറ്റ്‌ കിട്ടുമെന്നതാണ്‌ സ്ഥിതി. ഇത്തരക്കാർക്ക് മത്സരിക്കാൻ സീറ്റ് കിട്ടുമെങ്കിലും ജനങ്ങൾ അംഗീകരിക്കില്ല.

രാഹുൽ ഗാന്ധി പങ്കെടുത്ത ശംഖുംമുഖത്തെ റാലിയിൽ വേദിയിൽ സീറ്റ്‌ ലഭിച്ചില്ലെന്ന വേദനയും മുരളീധരൻ പങ്കുവെച്ചു. എവിടെ നിർത്തിയാലും തോൽക്കുന്നയാളാണ്‌ കസേരയിൽ ഇരുന്നത്‌. പേരെടുത്ത് പറയാതെ ആയിരുന്നു ഒളിയമ്പ്.

രാഷ്ട്രീയകാര്യ സമിതി അംഗമായ തൻ്റെ സ്ഥിതിയാണിതെന്നും ഇപ്പോൾ ഇങ്ങനെയാണെങ്കിൽ തെരഞ്ഞെടുപ്പ്‌ കാലത്തെ സ്ഥിതി പറയേണ്ടതില്ലല്ലോ എന്നും കെ മുരളീധരൻ പറഞ്ഞു വെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here