നവീകരിച്ച അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് :പരിഹാസ്യമായ പേര് മാറ്റത്തിലൂടെ സ്വയം അപമാനം വരുത്തി വച്ച നടപടി

മഹത്തായ കായിക സംസ്കാരമുള്ള നമ്മുടെ രാജ്യത്ത് കായിക മേഖലയെയും മോദി സർക്കാർ വെറുതെ വിടുന്നില്ല. രാഷ്ട്രീയ അജണ്ടകളുടെ ഫലമായി സ്വേച്ഛാധിപത്യരീതിയിൽ പരമ്പരാഗത കീഴ് വഴക്കങ്ങളൊക്കെ മാറ്റിയെഴുതുകയാണ് ബിജെപി സർക്കാർ.ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് നവീകരിച്ച അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകിയ സംഭവം.

കേന്ദ്ര ഭരണത്തിന്റെ ഹുങ്കിൽ രാജ്യത്തെ സർവ്വമേഖലകളെയും അനുദിനം രാഷ്ട്രീയവൽക്കരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഭാഗമാണ് നിർബന്ധബുദ്ധിയോടെ നടപ്പാക്കിയ സ്റ്റേഡിയത്തിന്റെ പേര് മാറ്റൽ നടപടി. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന ഖ്യാതി കൈവന്നതിന് പിന്നാലെയാണ് പരിഹാസ്യമായ പേര് മാറ്റത്തിലൂടെ സ്വയം അപമാനം വരുത്തി വച്ച നടപടിയും.

മോദിയെ മഹത്വവൽക്കരിക്കുന്നതോടൊപ്പം കോർപ്പറേറ്റ് പ്രീണനത്തിനും അധികൃതർ സമയം കണ്ടെത്തി.സ്‌റ്റേഡിയത്തിലെ ഓരോ ഏരിയക്കും റിലയൻസിന്റെ പേര് നൽകിയതിലൂടെ കായിക മേഖല ഒന്നടങ്കം കാൽക്കീഴിലാക്കാനുള്ള മോദി -അംബാനി കൂട്ടുകെട്ടിന്റെ പുത്തൻ തന്ത്രമാണ് വെളിച്ചത്തു വന്നത്.ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായെ ബി സി സി ഐ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്നത് കായിക മേഖലയിൽ പ്രത്യേകിച്ച് ക്രിക്കറ്റിൽ കേന്ദ്ര ഭരണത്തിന്റെ താൽപര്യം നടപ്പാക്കാൻ ഉദ്ദേശിച്ചാണ്.

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡണ്ടു കൂടിയായ ജയ്ഷായാണ് കായിക ചരിത്രത്തിൽ ഇതേ വരെ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങൾക്ക് കുട പിടിക്കുന്നത്. കായിക മേഖലയിൽ മോദി സർക്കാറിന്റെ രാഷ്ട്രീയവൽക്കരണത്തിനെതിരെ ലോകവ്യാപകമായി വൻ വിമർശനമാണ് ഉയരുന്നത്. കായിക മേഖലയിൽ ഏകപക്ഷീയത കടന്നു കൂടിയതായും കേന്ദ്ര സർക്കാർ താൽപര്യങ്ങൾ പൊതുതാൽപര്യങ്ങൾക്ക് അപ്പുറത്തേക്ക് പോകുന്നതായും വിമർശനം ഉയർന്നിട്ടുണ്ട്.

മൊട്ടേര സ്റ്റേഡിയത്തിന് മോദിയുടെ പേര് നൽകിയ നടപടി സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പരിഹാസത്തിനും ട്രോളിനും വിഷയമായി. മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയമാക്കി മാറ്റിയ കാര്യം രാഷ്​ട്രപതി രാംനാഥ്​ കോവിന്ദാണ് പ്രഖ്യാപിച്ചത്​.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു, എന്നിവരുടെ ചടങ്ങിലെ സാന്നിധ്യം തന്നെ കായിക മേഖലയെ അടിമുടി ബിജെപി വത്കരിക്കാനുള്ള രഹസ്യ അജണ്ടയാണ് വ്യക്തമാക്കുന്നത്. ജന വികാരം കണക്കിലെടുക്കാതെ അനുദിനം കോർപ്പറേറ്റ് പ്രീണന നടപടികൾ തുടരുന്നതിനാൽ വൻകിട കോർപ്പറേറ്റുകളുടെ പിന്തുണയോടെയാണ് കായിക മേഖലയിലെ ദ്രുതഗതിയിലുള്ള രാഷ്ട്രീയവൽക്കരണം.

2020ൽ അമേരിക്കൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​ ഇന്ത്യ സന്ദർശിച്ചപ്പോൾ വേദിയൊരുക്കിയത്​ മൊട്ടേരയിലായിരുന്നു. നേരത്തേ ഡൽഹി ഫിറോസ്​ ഷാ കോട്​ല സ്​റ്റേഡിയത്തിന്​ അന്തരിച്ച കേന്ദ്രമന്ത്രി അരുൺ ജയ്​റ്റ്​ലിയുടെ പേര്​ ബിജെപി സർക്കാർ നൽകിയിരുന്നു.

മൊട്ടേര സ്‌റ്റേഡിയത്തിന്റെ പേരുമാറ്റം വിവാദമായതോടെ വിശദീകരണവുമായി ഗുജറാത്ത്​ മു​ഖ്യമന്ത്രി വിജയ്​ രൂപാനി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര്​ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മാത്രമാണ്​ നൽകിയതെന്നും സ്റ്റേഡിയം സ്ഥിതിചെയ്യുന്ന കായിക സമുച്ചയം സർദാർ വല്ലഭായി പ​േട്ടലിന്‍റെ പേരിൽ തന്നെ തുടരുമെന്നുമാണ്​ ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞത് – കായികരംഗത്ത് പരിഹാസ്യമായ പേര് മാറ്റ നടപടിയുടെ പേരിൽ ലോക വ്യാപകമായി വിമർശനം ഉയരുമ്പോഴും അടിമുടി രാഷ്ട്രീയവൽക്കരണമെന്ന അജണ്ടയിൽ നിന്നും പിന്മാറാൻ കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ തയ്യാറാകുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here