രാജ്യഭരണം കൈയ്യാളിയ പാര്‍ട്ടിക്ക് 50 സീറ്റെന്നത് അതിശയോക്തിയാവുന്ന കാലം

കേരളവും തമി‍ഴ്നാടും അസാമും പുതുച്ചേരിയും പശ്ചിമബംഗാളുമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു. ഇന്ന് വൈകുന്നേരം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ തിയ്യതി പ്രഖ്യാപിക്കുമെന്നാണ് സൂചന. പ്രമുഖ രാഷ്ട്രീയ കക്ഷികളും മുന്നണികളുമെല്ലാം തെരഞ്ഞെടുപ്പ് ഗോഥയിലേക്ക് സജീവമായി ഇറങ്ങുന്നൊരുകാലം.

എന്നാല്‍ രാജ്യത്തെ മുച്ചൂടും മുടിച്ച തീവ്രസംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ ബദലായി ഒരുവലിയ വിഭാഗം ജനാധിപത്യ വിശ്വാസികള്‍ ഇപ്പോ‍ഴും കാണുന്ന യുപിഎ മുന്നണിയും അതിനെ നയിക്കുന്ന കോണ്‍ഗ്രസും അനുദിനം ബിജെപി പാളയത്തിലേക്ക് ചേക്കേറുന്ന രാഷ്ട്രീയ ദുരന്തത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

തെരഞ്ഞെടുപ്പ് തോല്‍വികളില്‍ നിന്നോ നേതാക്കളുടെ നിരന്തരമായ കൂടുമാറ്റങ്ങളില്‍ നിന്നോ പാഠം പഠിക്കാന്‍ തയ്യാറാവാത്ത കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കുമ്പോ‍ഴും നായകനാരെന്ന് ഉറപ്പാക്കാന്‍ ക‍ഴിയാത്ത അവസ്ഥയിലാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിന്നും ക‍ഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത ജനാധിപത്യവാദികളെ ഞെട്ടിക്കുന്നതാണ്.

ജനം അധികാരം നല്‍കിയിട്ടും സംഘപരിവാരത്തിനെതിരെ സ്വന്തം രാഷ്ട്രീയം ഉയര്‍ത്തി ചെറുത്ത്നില്‍പ്പ് നടത്താന്‍ കെല്‍പ്പില്ലാത്തവരായി കോണ്‍ഗ്രസും കോണ്‍ഗ്രസ് നേതാക്കളും മാറിയിരിക്കുന്നു. ബിജെപിയുടെ പണാധിപത്യത്തിന് പിന്നാലെ പോവുകയാണ് മറ്റ് സംസ്ഥാനങ്ങളിലേതെന്നത്പോലെ പുതുച്ചേരിയിലും കോണ്‍ഗ്രസ് ചെയ്തത്. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് വഞ്ചിച്ചത് കോണ്‍ഗ്രസില്‍ വിശ്വാസിച്ച ജനങ്ങളെ മാത്രമല്ല.

കോണ്‍ഗ്രസിന്‍റെ സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തില്‍ വിശ്വാസിച്ച് ബിജെപി വിരുദ്ധ മുന്നണി സംവിധാനത്തിന്‍റെ ഭാഗമാക്കിയ ഡിഎംകെയെ കൂടിയാണ്. പുതുച്ചേരിയില്‍ ഇനി കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ഡിഎംകെ പ്രഖ്യാപിച്ചിരിക്കുന്നു. തമി‍ഴ്നാട്ടില്‍ തെരഞ്ഞെടുപ്പില്‍ 50 സീറ്റ് വേണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം രണ്ടാമതൊരു ആലോചനയ്ക്ക് പോലും ഇടനല്‍കാതെ മുന്നണിയിലെ പ്രധാന കക്ഷിയായ ഡിഎംകെ നിരസിക്കുന്നു.

20 സീറ്റ് മാത്രമെ തരാന്‍ ക‍ഴിയു എന്ന് സീറ്റ് ചര്‍ച്ചകള്‍ക്കായി ചെന്നൈയില്‍ എത്തിയ ഉമ്മന്‍ചാണ്ടിയോട് ഡിഎംകെ നേതൃത്വത്തിന് പറയേണ്ടിവരുന്നത് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ വഞ്ചന കൊണ്ട് തന്നെയാണ്. ക‍ഴിഞ്ഞ തവണ കോണ്‍ഗ്രസിനെ വിശ്വാസിച്ച് ഡിഎംകെ നല്‍കിയത് 41 സീറ്റകളാണ് എന്നാല്‍ 8 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ ക‍ഴിഞ്ഞത് ആ മുന്നണിയുടെ തന്നെ തോല്‍വിയില്‍ കോണ്‍ഗ്രസിന്‍റെ ദയനീയ പരാജയം ശ്രദ്ധേയമായിരുന്നു.

പുതുച്ചേരിയിലെ കോണ്‍ഗ്രസിന്‍റെ കൂടുമാറ്റവും 2016 ലെ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനവുമാണ് 50 സീര്റുകളെന്ന കോണ്‍ഗ്രസിന്‍റെ അവകാശവാദം യാഥാര്‍ഥ്യം മനസിലാക്കാതെയുള്ളതാണെന്ന നിലപാടിലേക്ക് ഡിഎംകെയെ എത്തിച്ചത്. അതേ സമയം ലോകസഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രതികരണം ഇടതുപാര്‍ട്ടികളില്‍ കോണ്‍ഗ്രസിനെക്കാള്‍ വിശ്വാസ്യതയര്‍പ്പിക്കാനും ഡിഎംകെയെ പ്രേരിപ്പിച്ചിട്ടുണ്ട്.

ഇടതുപാര്‍ട്ടികള്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കാന്‍ ഏകദേശ ധാരണയായത് ഇതിന്‍റെ തെളിവാണ്. ബിഹാറിലെ തെരഞ്ഞെടുപ്പിലും വിശ്വാസമര്‍പ്പിച്ച മഹാസഖ്യത്തിനെ തിരിഞ്ഞ് കൊത്തുന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടനം. എന്നാല്‍ ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കാതലായ മാറ്റംവരുത്താനോ പ്രകടനം മെച്ചപ്പെടുത്താനോ ആ രാഷ്ട്ട്രീയ കക്ഷി തയ്യാറാവുന്നില്ലെന്നിടത്താണ് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നവര്‍ പോലും നിരാശരായിപ്പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here