മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊവിഡിന്റെ പേരില്‍ നടന്നു കൊണ്ടിരിക്കുന്ന ചൂഷണത്തിന് ഇരയാകുന്നത് വിദേശത്തു നിന്നെത്തുന്ന മലയാളികള്‍ അടക്കമുള്ള നൂറുകണക്കിന് യാത്രക്കാരാണ്.
മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികാരികളും ഹോട്ടല്‍ ലോബിയും ചേര്‍ന്ന സംഘമാണ് ഇതിനായി വിമാനത്താവളത്തില്‍ വല ഒരുക്കിയിരിക്കുന്നത്.
മുംബൈയില്‍ നിയന്ത്രണ മേഖലകളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ കൊവിഡ് നെഗറ്റീവ് പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിബന്ധന. സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തവര്‍ക്ക് ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യവും എയര്‍പോര്‍ട്ടിലുണ്ട് . എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലും നിര്‍ബന്ധിച്ച് ഹോട്ടലിലേക്ക് മാറ്റുന്ന പ്രവണതയാണ് ഇവിടെ നടന്നു വരുന്നത്.
അമേരിക്കയില്‍നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 2.15-ന് ഇറങ്ങിയ വര്‍ഗീസ് വൈദ്യനെയും ഭാര്യ ഏല്‍സ വൈദ്യനെയും വീട്ടില്‍ പോകാന്‍ അനുവദിക്കാതെ ഹോട്ടലിലേക്ക് നിര്‍ബന്ധമായി പറഞ്ഞയക്കുകയായിരുന്നു. നല്ലസൊപ്പാര ഈസ്റ്റിലെ രാധാ നഗറിലെ ഭാഗ്യലക്ഷ്മി അപ്പാര്‍ട്ട്മെന്റിലാണ് വര്‍ഗീസ് വൈദ്യനും ഭാര്യയും താമസിക്കുന്നത്. എന്നാല്‍ സ്വന്തമായി വീടുണ്ടായിട്ടും അവിടേക്ക് പോകാന്‍ അനുവദിച്ചില്ല.
അമ്മയുടെ മരണ വാര്‍ത്തയറിഞ്ഞ് അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ദുബായില്‍ നിന്നെത്തിയ രഞ്ചിന്‍ പിള്ളക്കും കുടുംബത്തിനും ഇതേ അവസ്ഥ തന്നെയായിരുന്നു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടും ഇവരെയും സമ്പര്‍ക്ക വിലക്കില്‍ കഴിയുവാനായി ഹോട്ടലിലേക്ക് പറഞ്ഞയച്ചു. ഫെബ്രുവരി 21-ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ വന്നിറങ്ങിയ ഇവര്‍ക്ക് അമ്മയുടെ ഭൗതികശരീരം കാണാനും മരണാനന്തരകര്‍മങ്ങള്‍ ചെയ്യാനും ഇതുവരെ കഴിഞ്ഞിട്ടില്ല. അന്ത്യകര്‍മ്മങ്ങള്‍ക്കായി മകന്‍ വരുന്നതും കാത്ത് മൃതദേഹം വാഷി മുന്‍സിപ്പല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അമ്മയെ അവസാനമായി കാണാന്‍ ഓടിയെത്തിയ രഞ്ചിന്‍ പിള്ളക്ക് നെരൂളില്‍ സ്വന്തമായി ഫ്‌ലാറ്റുണ്ടെന്ന് പറഞ്ഞിട്ടും അന്ധേരിയിലെ ഹോട്ടലില്‍ പറഞ്ഞയക്കാനായിരുന്നു അധികൃതര്‍ക്ക് തിടുക്കം.
ബി എം സി അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന ഹോട്ടലുകളില്‍ വേണം താമസിക്കാന്‍. താമസിക്കുന്ന ഹോട്ടലിന് നാലായിരത്തോളം ദിവസ വാടക ഈടാക്കുന്നുണ്ട്. എട്ടു ദിവത്തോളമാണ് ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയേണ്ടത്. ഇതിന് പുറമെ കൊവിഡ് ടെസ്റ്റിനായി 850 രൂപ വേറെയും ഈടാക്കുന്നുണ്ട്. ഇതിനൊന്നും രസീത് പോലും നല്‍കുന്നില്ലെന്നാണ് പരക്കെ പരാതി. ദിവസം ആയിരം രൂപ പോലും വാടകയില്ലാത്ത വൃത്തിഹീനമായ ഹോട്ടലുകളാണ് ഇതിനായി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും പ്രതിഷേധിച്ചാല്‍ മാത്രമാണ് നല്ല ഹോട്ടലിലേക്ക് മാറ്റുന്നതെന്നും വൈദ്യന്‍ കൈരളി ന്യൂസിനോട് പറയുന്നു.
പരിശോധനക്ക് ശേഷം വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലില്‍ എത്തിയാല്‍ എട്ടു ദിവസത്തെ മുഴുവന്‍ തുകയും ആദ്യം അടക്കണം. പൈസ അടച്ചു കഴിഞ്ഞാല്‍ വേണമെങ്കില്‍ വീട്ടില്‍ പോകാമെന്ന വിട്ടുവീഴ്ചക്കും ഉദ്യോഗസ്ഥര്‍ തയ്യാറാണെന്നും വര്‍ഗീസ് വൈദ്യന്‍ അനുഭവം പങ്കു വച്ചു. ഇതെല്ലം സംഘം ചേര്‍ന്നുള്ള ചൂഷണമാണെന്നും വൈദ്യന്‍ ആരോപിച്ചു.
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന വിദേശ യാത്രക്കാരെ ദീര്‍ഘനേരം നീണ്ട വരിയില്‍ നിര്‍ത്തുന്നതും ചൂഷണത്തിന്റെ ഭാഗമാണെന്നാണ് പറയുന്നത്. ചെറിയ കുട്ടികളും സ്ത്രീകളും പ്രായമായവരും കൂടെയുള്ള യാത്രക്കാരാണ് നിവൃത്തികേടുകൊണ്ട് ഇവരുടെ ഇരയാകുന്നത്. വിമാനത്താവളത്തിലെ പോലീസുകാര്‍ പോലും അനീതി കണ്ടില്ലെന്ന് നടിക്കുകയാണെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു.
Get real time update about this post categories directly on your device, subscribe now.