മുകേഷ് അംബാനിക്കും നീതാ അംബാനിക്കും ഭീഷണി; വീടിനരികെ കണ്ടെത്തിയ കാറിന്റെ നമ്പര്‍ ആശങ്ക ഇരട്ടിപ്പിച്ചു

വ്യാവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സ്‌ഫോടനാത്മക ജെലാറ്റിന്‍ സ്റ്റിക്കുകള്‍ അടങ്ങിയ വാഹനം കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കാറില്‍ നിന്ന് കണ്ടെടുത്ത ഭീഷണി കത്തും കാറിന് ഉപയോഗിച്ചിരുന്ന നമ്പര്‍ പ്‌ളേറ്റും ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കയാണ് . ഇതോടെ ഇന്ത്യയിലെ പ്രമുഖ വ്യവസായിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി.

ഉപേക്ഷിക്കപ്പെട്ട പച്ച നിറത്തിലുള്ള സ്‌കോര്‍പിയോ കാറാണ് അംബാനി വസതിയായ തെക്കന്‍ മുംബൈയിലെ ആന്റിലിയയ്ക്ക് സമീപമുള്ള കാര്‍മൈക്കല്‍ റോഡില്‍ നിന്ന് കണ്ടെത്തിയത്. വ്യവസായിയുടെ സുരക്ഷാ വിഭാഗത്തിലുള്ള കാറിന്റെ അതേ നമ്പര്‍ പ്ലേറ്റ് തന്നെയാണ് സ്‌കോര്‍പിയോയിലും കാണാനായത്. കൂടാതെ വാഹനത്തില്‍ നിന്ന് വേറെയും നമ്പര്‍ പ്ലേറ്റുകള്‍ കണ്ടെത്താനായി.

ആന്റിലിയയില്‍ നിന്ന് നൂറു മീറ്റര്‍ അകലെയുള്ള ശിഖര്‍ കുഞ്ച് കെട്ടിടത്തിന് പുറത്താണ് സംശയാസ്പദമായ സാഹചര്യത്തില്‍ എസ്യുവി പാര്‍ക്ക് ചെയ്തിരുന്നത്. ഉച്ചയ്ക്ക് 2.30 ഓടെയാണ് അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലീസിനെ വിളിക്കുന്നത്. എന്നാല്‍ സിസിടിവി ചിത്രങ്ങള്‍ കാണിക്കുന്നത് വാഹനം പുലര്‍ച്ചെ 1.30 മുതല്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ്.

പിന്നീട് പോലീസുകാര്‍ എത്തിയ ശേഷം, കാര്‍മൈക്കല്‍ റോഡിന്റെ പരിസരം വൈകുന്നേരം 6 മണിവരെ നിയന്ത്രണ പരിധിയിലാക്കിയാണ് പരിശോധനകള്‍ നടന്നത്.

വാഹനത്തില്‍ നിന്ന് കണ്ടെത്തിയ കൈപ്പടയിലുള്ള കുറിപ്പിലാണ് മുകേഷ് അംബാനിക്കും ഭാര്യ നീതയ്ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇക്കുറി സ്ഫോടകവസ്തുക്കള്‍ പ്രയോഗക്ഷമമക്കിയിട്ടില്ലെന്നും എന്നാല്‍ അടുത്ത തവണ അതുണ്ടാകുമെന്നുമാണ് കത്തിലെ ഭീഷണി. സാക്ഷരതയില്ലാത്ത ഒരാളുടെ കുറിപ്പായാണ് കത്തിലെ കൈയ്യക്ഷരവും ഉള്ളടക്കവും പരിശോധിച്ച ശേഷം പോലീസ് വ്യക്തമാക്കിയത്.

സ്‌ക്വാഡ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അംബാനി വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി. മുംബൈ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here