ദൃശ്യം 2 ല്‍ ഏറ്റവും ഭയം തോന്നിയ സീന്‍ ജോര്‍ജു കുട്ടിയെ തല്ലുന്ന രംഗമായിരുന്നുവെന്ന് നടി ആശാ ശരത്ത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഏറ്റവും ഭയം തോന്നിയ സീന്‍ ജോര്‍ജു കുട്ടിയെ തല്ലുന്ന രംഗം തന്നെയായിരുന്നുവെന്നും സീന്‍ വായിച്ചപ്പോള്‍ തനിക്ക് കയ്യും കാലും വിറച്ചുവെന്നും ആശ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഈ സീന്‍ നമുക്ക് ഒഴിവാക്കിക്കൂടെയെന്ന് ജീത്തൂ സാറിനോട് ചോദിച്ചു. അതുപോലെ എടോ എന്ന് ലാലേട്ടന്റെ കഥാപാത്രത്തെ വിളിക്കുന്നുണ്ട്. പിടിച്ച് തള്ളുന്നുണ്ട്. ജോര്‍ജ്ജുകുട്ടിയാണെങ്കിലും ലാലേട്ടനല്ലേ എന്നുള്ള ഒരു സാധാരണക്കാരിയുടെ, ഒരു ആരാധികയുടെ ടെന്‍ഷന്‍ എനിക്കും ഉണ്ടായിരുന്നു.
എന്നാല്‍ ജീത്തൂ സര്‍ അത് കഥാപാത്രമാണെന്ന് എനിക്ക് പറഞ്ഞ് മനസിലാക്കിത്തന്നു. ഭയങ്കര രസകരമായിട്ടാണ് ഞങ്ങള്‍ അത് ഷൂട്ട് ചെയ്തത്. പക്ഷേ ആ സീന്‍ ചെയ്യുമ്പോള്‍ എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നെ ലാലേട്ടന്‍ ടൈമിങ്ങിന്റെ കിങ് അല്ലേ. ഞാന്‍ കൈ വെക്കുമ്പോഴേക്ക് ലാലേട്ടന്‍ മുഖം മാറ്റും.
ഒരു ടേക്കില്‍ ശരിയാകണേ വീണ്ടും വീണ്ടും ചെയ്യേണ്ടി വരല്ലേ എന്ന് പ്രാര്‍ത്ഥിച്ചാണ് ചെയ്തത്. അതുപോലെ ഒറ്റ ടേക്കില്‍ ശരിയായി. പിന്നെ അതിന്റെ ലോങ് ഷോട്ടും ക്ലോസിനും വേണ്ടി വീണ്ടും എടുത്തിരുന്നു. ലാലേട്ടനല്ലായിരുന്നു, എനിക്കായിരുന്നു ആ സമയത്ത് ഭയം, ആശ ശരത്ത് പറയുന്നു.
‘എങ്ങനെയാണ് ഈ ഗീതാ പ്രഭാകര്‍ എന്ന കഥാപാത്രത്തിന് ഉറങ്ങാന്‍ പറ്റുക എന്നത് എനിക്ക് ഏറ്റവും കൂടുതല്‍ സംശയം ഉള്ള കാര്യമായിരുന്നു. കാര്യം ഇവരുടെ മകനെയാണ് ജോര്‍ജ്ജുകുട്ടി കൊന്നിട്ടുള്ളത്. ഒരു പൊലീസ് ഓഫീസര്‍ കൂടിയായ അവര്‍ എങ്ങനെയായിരിക്കും ഇത്രയും വര്‍ഷം ഉറങ്ങിയിട്ടുണ്ടാകുക എന്ന സംശയം ആശ ശരത്തായ എനിക്കുണ്ടായിരുന്നു. അതിനുള്ള ഉത്തരമായിരുന്നു അവരുടെ റിയാക്ഷന്‍സ്.
ഒരു അമ്മയുടെ ഉള്ളിലെ വേദനയാണ് ഗീതാ പ്രഭാകറിന് ഉണ്ടായിരുന്നത്. അതിന്റെ ഒരു തുടര്‍ച്ചയാണ് ഓര്‍ത്തുവെക്കാനുണ്ടായിരുന്നത്. അതിനൊപ്പം മോഹന്‍ലാലിന്റെ കഥാപാത്രത്തെ തല്ലുന്ന സീന്‍ പേടിച്ചിട്ടാണെങ്കിലും ചെയ്യേണ്ടി വന്നു’, ആശ ശരത്ത് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here