പത്തനംതിട്ടയില്‍ ഗൃഹനാഥന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

പത്തനംതിട്ട ഇലന്തൂരില്‍ ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇലന്തൂര്‍ കിഴക്കു ഭാഗം വീട്ടില്‍ എബ്രഹാം ഇട്ടിയെയാണ് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ കട്ടിലിന് താഴെ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം.

തലയ്ക്ക് പിന്‍ഭാഗത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. രാവിലെ സമീപത്തായി നിര്‍മാണ ജോലിക്കായി എത്തിയവരാണ് എബ്രാഹാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന്, നടത്തിയ പരിശോധനയില്‍ അടുക്കള വാതിലിലും വീടിന്റെ മുന്‍ഭാഗത്തെ തറയിലുമായി രക്തത്തിന്റെ പാടുകള്‍ കണ്ടെത്തി.

മൃതദേഹത്തിന് അടുത്തായി രക്തം പുരണ്ട നിലയിലുള്ള ഇരുമ്പിന്റെ ആയുധവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുമായും മക്കളുമായും പിണങ്ങി ഒറ്റയ്ക്കു താമസിച്ചു വരികയായിരുന്നു ഓട്ടോറിക്ഷാ ഡ്രൈവര്‍ കൂടിയായ ഇയാള്‍.

സുഹൃത്തുക്കളുമായി ചേര്‍ന്ന് ഇടയ്ക്കിടെ വീട്ടിലിരുന്ന് മദ്യപിക്കാറുണ്ട് ഇയാള്‍. ഇത്തരത്തില്‍ മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നീങ്ങിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നിശാന്തിനി ഐപിഎസ് സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പത്തനംതിട്ട ജന. ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News