പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കം

സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ശാസ്ത്രീയമായ മത്സ്യബന്ധന രീതിക്ക് പ്രാപ്തരാക്കാന്‍ ആഴക്കടല്‍ മത്സ്യബന്ധനയാനം നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ പത്ത് മത്സ്യബന്ധന യാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആഴക്കടലിനെ ഇളക്കി മറിക്കാതെ ചൂണ്ട, ഗില്‍നെറ്റ് എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് ഇതിലൂടെ സാധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു. സുരക്ഷിതമല്ലാത്ത പരമ്പരാഗത യാനങ്ങളില്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നവരെ ഘട്ടം ഘട്ടമായി സുരക്ഷിതമായ യന്ത്രവല്കൃത മത്സ്യബന്ധന രീതിയിലേക്ക് മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടിയ ബോട്ട് കൊച്ചിന്‍ ഷിപ്പിയാര്‍ഡ് മുഖേനയാണ് നിര്‍മ്മിച്ചു നല്‍കുന്നത്. ബോട്ട് നിര്‍മ്മാണച്ചെലവ്, വല, ഇന്‍ഷുറന്‍സ്, കടല്‍ സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഒരു ബോട്ടിന് 163.7 ലക്ഷം രൂപയാണ് ആകെ ചെലവ്. അതില്‍ 48 ലക്ഷം രൂപ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയാണ്.

ബാക്കി തുക ബാങ്ക് വായ്പയായി ലഭ്യമാക്കും. മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ പത്ത് വീതം മത്സ്യത്തൊഴിലാളികള്‍ അടങ്ങുന്ന ഗ്രൂപ്പിനെയാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ളത്.

തിരുവനന്തപുരം ജില്ലയില്‍ മാമ്പള്ളി -നെടുങ്കണ്ട മത്സ്യത്തൊഴിലാളി സഹകരണ സംഘം, മര്യനാട് -പെരുമാതുറ മത്സ്യത്തൊഴിലാളി സഹകരണ സംഘം, ചിറയിന്‍കീഴ് -മുതലപ്പൊഴി മത്സ്യത്തൊഴിലാളി സഹകരണ സംഘം, വലിയതുറ തൊഴിലാളി സഹകരണ സംഘം എന്നീ മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്ക് വിതരണം ചെയ്യും.

കൊല്ലം ജില്ലയില്‍ വെള്ളനാതുരുത്ത് -പണ്ടാരത്തുരുത്ത് മത്സ്യത്തൊഴിലാളി സഹകരണ സംഘം, ജോനകപ്പുറം -മൂതാക്കര മത്സ്യത്തൊഴിലാളി സഹകരണ സംഘം, കോഴിക്കോട് ജില്ലയില്‍ പുതിയങ്ങാടി- എലത്തൂര്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘം, കൊല്ലം മൂടാടി- ഇരിങ്ങല്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘം എന്നിങ്ങനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ഇതിനു പുറമെ കൊല്ലം, എറണാകുളം ജില്ലകളിലായി ഓരോ ഗ്രൂപ്പുകളെക്കൂടി പദ്ധതിക്കായി തെരഞ്ഞെടുക്കും. എട്ട് മാസത്തിനുള്ളില്‍ യാനങ്ങള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു. ഫിഷറീസ് വകുപ്പും മത്സ്യഫെഡും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

മത്സ്യബന്ധനോപകരണത്തിന്റെ ഉടമകളായി മത്സ്യത്തൊഴിലാളികളെ മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ക്കായി ബീമാപള്ളിയില്‍ 20 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പൊന്നാനിയില്‍ നൂറും വലിയതുറയില്‍ 160 വീടുകള്‍ക്ക് ഉടന്‍ തറക്കല്ലിടും.

മാര്‍ച്ച് മുതല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് 25 രൂപ നിരക്കില്‍ മണ്ണെണ്ണ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. കൊല്ലം, പയ്യന്നൂര്‍ എന്നിവിടങ്ങളിലായി കുഫോസിന്റെ രണ്ട് സെന്ററുകള്‍ ആരംഭിക്കാനും അനുമതിയായിട്ടുണ്ട്. ഇവ പിന്നീട് ഫിഷറീസ് കോളേജുകളായി ഉയര്‍ത്തും.

പ്രളയ, മഹാമാരി പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാനത്തെ മത്സ്യമേഖലയില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 12.7 ശതമാനം മത്സ്യസമ്പത്തിന്റെ ഉല്പാദന വളര്‍ച്ച നേടി. 4.8 ലക്ഷം മെട്രിക് ടണില്‍ നിന്ന് 6.09 ലക്ഷം മെട്രിക് ടണ്‍ ആയി മത്സ്യ ഉല്പാദനം വര്‍ധിച്ചതായും മന്ത്രി പറഞ്ഞു.

ഫിഷറീസ് വകുപ്പിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രസിദ്ധീകരണം മന്ത്രി പ്രകാശനം ചെയ്തു. മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ലോറന്‍സ് ഹാരോള്‍ഡ്, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ സ്മിത എന്നിവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here