സിനിമകൾ ഹിറ്റാക്കിയ പരസ്യവാചകങ്ങൾ

പത്രങ്ങളും പോസ്റ്ററുകളും മാത്രം സിനിമാ പരസ്യകലയുടെ നട്ടെല്ലായി നിന്ന കാലത്തെ തന്ത്രങ്ങളിലൂടെ കടന്നുപോയാൽ ഹിറ്റുകളുടെ ഒരുപാട് തൂവാലക്കഥകളുണ്ട് ഓർത്തെടുക്കാൻ.
‘‘ലോകചരിത്രത്തിലാദ്യമായി തളത്തിൽ ദിനേശന്റെ കഥ അഭ്രപാളികളിൽ ’– ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിന്റെ പരസ്യവാചകമാണ്.

സിനിമയിലെ പരസ്യവാചകങ്ങളിൽ സിദ്ദിഖ്–ലാൽ കൂട്ടുകെട്ട് പുലികളാണെന്നാണ് ലാൽ ജോസിന്റെ പക്ഷം. ഇൻ ഹരിഹർ നഗർ 100 ദിവസം പിന്നിട്ടപ്പോൾ അവരെഴുതിയ തലക്കെട്ട് ഇങ്ങനെ : ‘‘ഇത് എവിടെയും നടന്ന കഥയല്ല. കേരളത്തിലെ തിയറ്ററുകളിൽ 100 ദിവസമായി ഓടിക്കൊണ്ടിരിക്കുന്ന കഥയാണ്.’’  ഇത്തരം കഥകൾ കേരളത്തിലെ എവിടെയെങ്കിലും നടക്കുമോ എന്ന ഒരു സിനിമാ നിരൂപകന്റെ വിമർശനത്തിനുള്ള മറുപടി കൂടിയായിരുന്നു ആ വാചകം.

സ്വന്തം  സിനിമയുടെ പരസ്യങ്ങളെക്കാൾ ലാൽ ജോസിന്റെ ഓർമയിൽ നിൽക്കുന്നത് ഈ വാചകമാണ്. മീശമാധവൻ ഹിറ്റായപ്പോൾ ആദ്യത്തെ ആഴ്ചയിലെ പരസ്യവാചകം കിട്ടിയത് കൊച്ചിയിലെ  ഒരു തിയറ്ററിൽ ടിക്കറ്റ് മുറിക്കാൻ നിന്ന ആളിൽ നിന്നാണ്. ഓരോ ഷോയും നിറഞ്ഞു കവിഞ്ഞപ്പോൾ  കക്ഷി പടത്തിന്റെ റെപ്രസന്റേറ്റീവിനോടു പറഞ്ഞു: ‘‘ഇതു മീശമാധവനല്ല…കാശുമാധവനാണ്’’. ആദ്യ ആഴ്ചയിലെ പരസ്യത്തിനു തല പുകച്ച ലാൽ ജോസിന് അതോടെ കാര്യങ്ങൾ എളുപ്പമായി.

ദേശാടനം സിനിമ മാർക്കറ്റ് ചെയ്യാൻ idea ക്ക് വേണ്ടി സമീപിച്ചത് സിദ്ദിഖിനെയും ലാലിനെയും ആയിരുന്നു
എങ്കിൽ സിദ്ദിഖിനെയും ലാലിനെയും സിനിമ കാണിക്കാം.

അവരുടെ നിർദേശപ്രകാരം ‘ദേശാടനം ’ എന്ന സിനിമ മാർക്കറ്റ് ചെയ്യാമെന്നു സംവിധായകൻ ജയരാജിനോടു പറഞ്ഞത് ഗുഡ്നൈറ്റ് മോഹനാണ്.

സിനിമയുടെ മാർക്കറ്റിങ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കൊച്ചിയിൽ സിദ്ദിഖും ലാലിനുമായി ആ സിനിമയുടെ പ്രത്യേക പ്രദർശനം തന്നെ നടത്തി. വലിയ താരപ്പകിട്ടില്ലാത്ത കൊച്ചുപടം.
താരങ്ങളില്ലാത്ത പടങ്ങളോടുള്ള ആദ്യ ദിന വൈമുഖ്യം മാറ്റണം.
ആളു കയറാൻ നമുക്ക് പടത്തിൽ അഭിനയിക്കാത്ത താരങ്ങളെ അവതരിപ്പിക്കാം എന്നായി സിദ്ദിഖും ലാലും.
അങ്ങനെ പ്രശസ്തരെയെല്ലാം പടം കാണിച്ചു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ഇളയരാജ, പത്മ സുബ്രഹ്മണ്യം തുടങ്ങിയവർ.
പടം കണ്ടിട്ട് അവരെല്ലാം പറയുന്നു.. ‘‘ ഞാൻ ഈ ചിത്രത്തിൽ ഇല്ല. ഉണ്ടായിരുന്നെങ്കിൽ എന്ന് ചിത്രം കണ്ടപ്പോൾ ആഗ്രഹിച്ചു പോയി.’’ അതായി ദേശാടനത്തിന്റെ പരസ്യ വാചകം.  മലയാള സിനിമയുടെ ചരിത്രത്തിലെ എവർ ഗ്രീൻ പഞ്ച് ലൈൻ. പ്രമുഖരെല്ലാം ആഗ്രഹിച്ച ഈ സിനിമ നമ്മളായിട്ട് കാണാതിരിക്കുന്നതെങ്ങനെ എന്നു പ്രേക്ഷകരും തീരുമാനിച്ചതോടെ ജയരാജിന് മറ്റൊരു സൂപ്പർഹിറ്റ് കൂടി.
ബാലു മഹേന്ദ്രയുടെ ‘യാത്ര’യിലെ പരസ്യവാചകമാണ് സിംപിളും പവർഫുളുമായി സത്യൻ കാണുന്നത്: ഈ സിനിമ കണ്ടിട്ടില്ലെങ്കിൽ മലയാളത്തിലെ ഏറ്റവും നല്ല സിനിമ നിങ്ങൾ കണ്ടിട്ടില്ല.
സിൽക്ക് സ്മിതയുടെ പടം പോസ്റ്ററിലടിച്ചാൽ നെഗറ്റീവാകും. സ്ഫടികം റിലീസ് ചെയ്യുമ്പോൾ സംവിധായകൻ ഭദ്രനു കിട്ടിയ ഉപദേശങ്ങളിലൊന്നാണ്.  എങ്കിൽ ആ നെഗറ്റീവിനെ ഞാൻ പോസിറ്റീവാക്കുമെന്നായി ഭദ്രൻ.  ചങ്ങനാശേരി ചന്തയിലൂടെ കൊച്ചുബ്ലൗസും ലുങ്കിയുമുടുത്ത് നടക്കുന്ന സിൽക്കിന്റെ കൈ പിടിച്ച് മോഹൻ ലാൽ. സിനിമയുടെ ചങ്കുറപ്പും തന്റേടവും വിളിച്ചുപറഞ്ഞ പോസ്റ്ററിൽ സ്ഫടികം കലക്‌ഷൻ കൊണ്ടു തുളുമ്പി.

സിബി മലയിൽ സംവിധാനം ചെയ്ത ‘ആകാശദൂത് ’ റിലീസ് ചെയ്ത സമയം. ആദ്യ ദിവസങ്ങളിൽ ചിത്രത്തിനു കാര്യമായ തിരക്കുണ്ടായിരുന്നില്ല. അന്നു മൊബൈൽ ഫോൺ വന്നിട്ടില്ല.  തിയറ്റർ ‘പൾസ് ’ അറിയാൻ സംവിധായകനും മറ്റും നേരിട്ടു തിയറ്ററുകളിൽ പോവുകയാണു പതിവ്. അങ്ങനെ കാഞ്ഞങ്ങാട്ട് എത്തിയതാണു സിബി. വൈകിട്ട് കണ്ണൂർ കവിത തിയറ്ററിൽ ഫസ്റ്റ് ഷോ തുടങ്ങാൻ നേരം ഒരു കാറു പോലും പുറത്തില്ല. തിയറ്ററുകാരോടു തിരക്കിയപ്പോൾ കഷ്ടിച്ച് 25 പേർ ഉള്ളിലുണ്ട്. എന്നാൽ, കണ്ടവരെല്ലാവരും കരഞ്ഞുകൊണ്ടാണു പോകുന്നതെന്നു പറഞ്ഞു. നിർമാതാവ് പ്രേം പ്രകാശിനും ടെൻഷനായി.  സിനിമയെപ്പറ്റി നല്ല അഭിപ്രായമാണ്. പക്ഷേ, കാണാൻ ആളില്ല.

അന്ന് സൂപ്പർ താരമാണ് മാരുതി 800 കാർ. സിനിമ കണ്ടവർക്കായി ഒരു സമ്മാനപദ്ധതി ആലോചിച്ചു. സമ്മാനം മാരുതി കാർ. അന്നു കാറിന് ഒന്നേകാൽ ലക്ഷത്തോളം രൂപ വിലയുണ്ട്. ആ കാശും പോയാലോ എന്ന് ആശങ്കയുമുണ്ട്. ഒടുവിൽ സിബിയും പ്രേം പ്രകാശും വിതരണക്കാരും  തമ്മിൽ ആലോചിച്ചു. സിനിമ കാണുന്ന എല്ലാവരും കരയുന്നു. പ്രത്യേകിച്ചു സ്ത്രീകൾ. അപ്പോൾ ടിക്കറ്റിനൊപ്പം ‘ആകാശദൂത് ’ എന്നെഴുതിയ ഒരു തൂവാല കൂടി കൊടുക്കാം എന്നായി ‘ഐഡിയ !

കരച്ചിലിന്റെ കഥയറിയാൻ നിർമാതാവ് കറിയാച്ചനും (പ്രേം പ്രകാശ്) സെഞ്ചുറി കൊച്ചുമോനും കൂടി കായംകുളത്ത് ഒരു തിയറ്ററിൽ പോയി. നേരെ മുന്നിലിരിക്കുന്ന ദമ്പതികളിൽ ഭാര്യ കരയുന്നു. ‘നീയെന്തിനാണു സിനിമ കണ്ടു കരയുന്നത്’ ഭർത്താവ് കളിയാക്കി ചോദിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അതാ ഭർത്താവും കരയുന്നു. ഇതോടെ ഇരുവർക്കും ബോധ്യപ്പെട്ടു, തൂവാല ഐഡിയ ഏൽക്കുമെന്ന്. ഉടൻ തൂവാല ഓർഡർ ചെയ്തു. സംഭവം ഏറ്റു. തൂവാല കിട്ടിയവർ കണ്ണുതുടച്ച് ഇറങ്ങി. പരസ്പരം കഥകൾ പറഞ്ഞു. രണ്ടാംവാരം ആകാശദൂത് ഹൗസ് ഫുൾ.  പടം സൂപ്പർ ഹിറ്റ്. നിർമാതാവും സംവിധായകനും പൊട്ടിച്ചിരിച്ചു.

തലയണമന്ത്ര’ത്തിന് സത്യൻ അന്തിക്കാടും ശ്രീനിവാസനും കൂടി എഴുതിയ തലക്കെട്ട് നിർദോഷകരമായിരുന്നു: ഇത് നിങ്ങളുടെ വീട്ടിൽ നടന്ന കഥയല്ല. പക്ഷേ, നിങ്ങളുടെ തൊട്ടടുത്ത വീട്ടിൽ ഇതു സംഭവിച്ചിട്ടുണ്ട്. കാഞ്ചനയുടെ കുശുമ്പും കുന്നായ്മയും അടുത്തവീട്ടിലേക്കു പകർന്നുവച്ച് തലയണമന്ത്രം പ്രേക്ഷകൻ ഏറ്റെടുത്തു.1982 ൽ സത്യൻ അന്തിക്കാടിന്റെ ആദ്യ സിനിമ ചെയ്യുമ്പോൾ പോസ്റ്റർ ഡിസൈൻ ചെയ്ത പി.എൻ. മേനോൻ ചെയ്തൊരു സ്കെച്ച് കഴിഞ്ഞ ദിവസം സത്യനു വീണ്ടും കിട്ടി – ഒരു കുറുക്കൻ പ്ലക്കാർഡും പിടിച്ചു നിൽക്കുകയാണ്. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു :എനിക്കൊരു വധുവിനെ ആവശ്യമുണ്ട്.

വർഷങ്ങൾക്കിപ്പുറം സത്യന്റെ മകൻ അനൂപിന്റെ ആദ്യ സിനിമയുടെ പേര് ‘വരനെ ആവശ്യമുണ്ട് ’. ഈ സാമ്യം തികച്ചും യാദൃച്ഛികം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News