‘മലയാളം എന്നും ഇന്ത്യന്‍ സിനിമയ്ക്ക് മികച്ച അഭിനേത്രികളെ സമ്മാനിക്കുന്നു’; നിമിഷ സജയന്‍ ഗംഭീര നടിയെന്ന് അഴകപ്പന്‍

നടി നിമിഷ സജയനെ അഭിനന്ദിച്ച്‌ പ്രശസ്ത ഛായാഗ്രാഹകന്‍ അഴകപ്പന്‍. മലയാള സിനിമ എന്നും മികച്ച അഭിനേത്രികളെ സമ്മാനിക്കുന്നു എന്നും ആ ഗണത്തില്‍പ്പെടുത്താവുന്ന നടിയാണ് നിമിഷയെന്നും അഴകപ്പന്‍ പറയുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹത്തിന്റെ കമന്റ്.

മലയാള ചലച്ചിത്ര മേഖല ഇന്ത്യന്‍ സിനിമയ്ക്ക് എന്നും മികച്ച അഭിനേത്രികളെ സമ്മാനിക്കുന്നു. ശോഭന, മഞ്ജു, പാര്‍വ്വതി, എന്നിങ്ങനെ നിരവധിപേര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇപ്പോഴിതാ നിമിഷ സജയന്‍ എന്ന ഗംഭീര നടിക്കൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തു. മികച്ച്‌ കഴിവുകളുള്ള പ്രതീക്ഷയുണര്‍ത്തുന്ന നടിയാണ് അവര്‍. നിമിഷയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

‘ഫൂട്ട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍’ എന്ന ബ്രിട്ടീഷ് ഇന്ത്യന്‍ ചിത്രത്തില്‍ ഇരുവരും ഒന്നിച്ച്‌ പ്രവര്‍ത്തിച്ചിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് അഴകപ്പന്‍ നിമിഷയെക്കുറിച്ച്‌ ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്.

സഹോദരി നീത സിയാമിന്റെ തിരക്കഥയില്‍ യുകെ മലയാളിയായ നതാലിയ സിയാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘സിനെസ്റ്റാന്‍ ഇന്ത്യ’യുടെ സ്റ്റോറിടെല്ലേഴ്സ് മത്സരത്തില്‍ അഞ്ചാം സ്ഥാനം നേടിയ നീത സീയാമിന്റെ ഇതേ പേരുള്ള കഥയില്‍ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. യുകെയില്‍ ഒരു കുടിയേറ്റക്കാരനായ പിതാവ് തന്റെ നഷ്ടപ്പെട്ടുപോയ മകളെ അന്വേഷിച്ച്‌ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിമിഷയെ കൂടാതെ ലെനയും ബോളിവുഡ് നടന്‍ ആദില്‍ ഹുസൈനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

അനധികൃത അഭയാര്‍ഥിയായി യുകെയില്‍ കഴിയുന്ന പിതാവിന്റെ വേഷമാണ് ആദില്‍ ഹുസൈന്‍ അവതരിപ്പിക്കുന്നത്. അയാള്‍ക്ക് നഷ്ടപ്പെടുന്ന മകളുടെ വേഷത്തില്‍ നിമിഷ സജയനും നിമിഷയുടെ രണ്ടാനമ്മയുടെ വേഷത്തില്‍ ലെനയും എത്തുന്നു.

പൊലീസിന്റെ പിടിയിലാകാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ കാണാതായ മകളെ തിരയുന്ന ഒരു പിതാവിന്റെ സംഘര്‍ഷങ്ങളാണ് കഥയിലുള്ളത്. ആഗോളതലത്തില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന പ്രേക്ഷകര്‍ക്കായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ സംഭാഷണങ്ങളുണ്ടാകുമെന്നും നിത സിയാം നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ടൂംബ് റൈഡര്‍, ദി ഹങ്ക്‌റി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തിയ ഹോളിവുഡ് നടന്‍ അന്റോണിയോ ആകീല്‍ ഒരു അഫ്ഗാന്‍ അഭയാര്‍ഥിയായി ചിത്രത്തിലെ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here