ലക്ഷദ്വീപിൽ ബീഫ് നിരോധനം ഏർപ്പെടുത്തുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ കെ രാഗേഷ് എം പി

ലക്ഷദ്വീപിൽ ബീഫ് നിരോധനം ഏർപ്പെടുത്തുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ കെ രാഗേഷ് എം പി.
ബീഫ് നോരോധനം ലക്ഷ്യമാക്കി കൊണ്ട് വന്ന ‘ലക്ഷദ്വീപ് അനിമൽ പ്രിസെർവഷൻ റെഗുലേഷൻ 2021 ‘ പിൻവലിക്കണമെന്ന് കെ കെ രാഗേഷ് എം പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

പ്രസ്തുത നിയമം ജനാധിപത്യ വിരുദ്ധവും ജന വിരുദ്ധമാണ് അതുകൊണ്ടുതന്നെ നീതിയും സ്വാതന്ത്രവും സമത്വവും ഉദ്‌ഘോഷിക്കുന്ന ഭരണഘടനയ്‌ക്കെതിരും ആണ്.

കന്നുകാലി വളർത്തലും പാലുത്പാദനവും ജീവിതോപാധിയായി സ്വീകരിച്ചവർക്ക് ഇത് കടുത്ത ആഘാതം ആകും.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ സാംസ്‌കാരികവും സാമൂഹികവും ഭൗമശാസ്ത്രപരവുമായ പ്രത്യേകതകൾക്കും പാരമ്പര്യത്തിനും അനുഗുണമായി വികസിച്ചുവന്ന ജീവിതോപാധികളോടും ആഹാരരീതികളോടുമുള്ള അവജ്ഞയാണ് ഇതു കാണിക്കുന്നത് .

രാജ്യത്തിൻറെ സാംസ്‌കാരിക വൈവിധ്യത്തെ ഇല്ലായ്മചെയ്യുവാൻ ആണ് ശ്രമം. ഒരിക്കൽ പോലും ബീഫ് നോരോധനം സംബന്ധിച്ച ആവശ്യം ഉയർന്നിട്ടില്ലാത്ത ലക്ഷദ്വീപിൽ ഇത്തരമൊരു നിയമം കൊണ്ടുവന്നത് അത്ഭുതപ്പെടുത്തുന്നു. ബീഫ് നിരോധനത്തിന്റെ പേരിൽ ജാമ്യമില്ലാ കേസ് ചുമത്താൻ ഇത് ദ്വീപ് അഡ്മിനിസ്ട്രേഷനെ ചുമതലപ്പെടുത്തുന്നുവെന്നത് ഈ നിയനത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നു.

കന്നുകാലികളെ ഭക്ഷണാവശ്യത്തിനായി കശാപ്പുചെയ്യൽ നിരോധിക്കുക മാത്രമല്ല കന്നുകാലികളുടെ ട്രാൻസ്പോർറ്റേഷൻ, ബീഫുൽപ്പന്നങ്ങളുടെ വാങ്ങലും വിൽക്കലും എന്നിവ വിലക്കുന്നതിനു പുറമെ ഇതുസംബന്ധിച്ച സംശയം തോന്നിയാൽ എവിടെയും ഏതുസമയത്തും പരിശോധന നടത്താനുള്ള അവകാശവും ഈ നിയമം ദ്വീപ് അഡ്മിനിസ്ട്രേഷന് നൽകുന്നു. സംഘ പരിവാർ-ഗോസംരക്ഷക അജണ്ടയുടെ നിയമരൂപം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിത് .

ലക്ഷദ്വീപിന്‌ ഇപ്പോൾ വേണ്ടത് ബീഫ് നിരോധന നിയമമല്ല. ദ്വീപ് നിവാസികൾക്ക് ജീവനോപാധികളും മെച്ചപ്പെട്ട ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളും സർവ്വോന്മുഖമായ വികസനവും ഉറപ്പാക്കുന്ന നടപടികളാണ് ആവശ്യം.
അതുകൊണ്ടുതന്നെ ‘ലക്ഷദ്വീപ് അനിമൽ പ്രിസെർവഷൻ റെഗുലേഷൻ 2021 ‘ദ്വീപ് നിവാസികളിൽ ഭീതി ജനിപ്പിച്ചു രാഷ്ട്രീയ നേട്ടം ഉണ്ടാക്കുവാനുള്ള സംഘ് പരിവാർ അജണ്ടയുടെ ഭാഗമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഗുജറാത്തിൽ വിജയകരമായി നടപ്പാക്കിയ ഭീതിയുടെ എഞ്ചിനീയറിംഗ് ചില്ലറ മാറ്റങ്ങളോടെ,നിയമത്തിന്റെ അകമ്പടിയോടെ ലക്ഷദ്വീപിൽ നടപ്പാക്കാനുള്ള ശ്രമമാണിത്.

നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ആഭ്യന്തര സഹ മന്ത്രി ആയിരുന്ന വ്യക്ത്തി ഇപ്പോൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആണ് എന്നത് യാദൃച്ഛികമാകാൻ ഇടയില്ല.

അതു കൊണ്ടുതന്നെ ദ്വീപനിവാസികളുടെ ജനാധിപത്യാവകാശങ്ങളുടെയും സ്വതന്ത്രത്തിന്റെയും മേലുള്ള കടന്നുകയറ്റമാണ് ഈ നിയമം. ആയതിനാൽ ‘ലക്ഷദ്വീപ് അനിമൽ പ്രിസെർവഷൻ റെഗുലേഷൻ 2021 ‘ ഉടൻ പിൻവലിക്കണമെന്ന് കെ രാഗേഷ് എം പി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News