സ്കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസ്യാഹാരം ഒഴിവാക്കി ലക്ഷദ്വീപ് ഭരണകൂടം

സ്കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസ്യാഹാരം ഒഴിവാക്കി ലക്ഷദ്വീപ് ഭരണകൂടം. പുതിയ അധ്യയന വർഷത്തേക്ക് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് തയാറാക്കിയ മെനുവിലാണ് മാംസ്യാഹാരത്തിന് വിലക്കേർപ്പെടുത്തിയത്.

അരി, പച്ചക്കറി, ധാന്യങ്ങള്‍, പഴം, മത്സ്യ വിഭവങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്ന പട്ടികയില്‍ എല്ലാ തരം മാംസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ദ്വീപിലെ മുഴുവന്‍ സ്കൂളിലേക്കുമായാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുതിയ ഉച്ചഭക്ഷണ മെനു തയ്യാറാക്കിയിട്ടുള്ളത്.

നേരത്തെ മെനുവില്‍ ഉള്‍പ്പെട്ടിരുന്ന ചിക്കനും മട്ടനും പുതിയ മെനുവില്‍ കാണാനില്ല. ഇത്തരത്തില്‍ കുട്ടികളുടെ ഭക്ഷണ കാര്യത്തിലുള്ള സര്‍ക്കാര്‍ ഇടപെടലിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ദ്വീപിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്.

വിദ്യാഭ്യാസ ഡയറക്ടറേറ്റ് വിളിച്ചു ചേർത്ത ജനപ്രതിനിധികള്‍ കൂടി പങ്കെടുത്ത യോഗത്തിലെ തീരുമാനം മറികടന്നാണ് ഭരണകൂടം മാംസ്യാഹാരം ഒഴിവാക്കിയതെന്നും സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ ചുമതല കൂടി ദ്വീപിനു പുറത്തുള്ള ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള ശ്രമം നടക്കുന്നതായും സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിച്ചു.

ലക്ഷദ്വീപിൽ ബീഫ് നിരോധനം ഏർപ്പെടുത്തുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ക‍ഴിഞ്ഞ ദിവസമാണ് കെ കെ രാഗേഷ് എം പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചത്.

ബീഫ് നോരോധനം ലക്ഷ്യമാക്കി കൊണ്ട് വന്ന ‘ലക്ഷദ്വീപ് അനിമൽ പ്രിസെർവഷൻ റെഗുലേഷൻ 2021 ‘ പിൻവലിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.

പ്രസ്തുത നിയമം ജനാധിപത്യ വിരുദ്ധവും ജന വിരുദ്ധമാണ് അതുകൊണ്ടുതന്നെ നീതിയും സ്വാതന്ത്രവും സമത്വവും ഉദ്‌ഘോഷിക്കുന്ന ഭരണഘടനയ്‌ക്കെതിരും ആണെന്നും കന്നുകാലി വളർത്തലും പാലുത്പാദനവും ജീവിതോപാധിയായി സ്വീകരിച്ചവർക്ക് ഇത് കടുത്ത ആഘാതം ആകുമെന്നും എംപി വ്യക്തമാക്കിയിരുന്നു.

രാജ്യത്തിൻറെ സാംസ്‌കാരിക വൈവിധ്യത്തെ ഇല്ലായ്മചെയ്യുവാൻ ആണ് ശ്രമമാണ് നടക്കുന്നതെന്നും ഒരിക്കൽ പോലും ബീഫ് നോരോധനം സംബന്ധിച്ച ആവശ്യം ഉയർന്നിട്ടില്ലാത്ത ലക്ഷദ്വീപിൽ ഇത്തരമൊരു നിയമം കൊണ്ടുവന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും എംപി അമിത് ഷായ്ക്ക് അയച്ച കത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News