കടല്‍ മാര്‍ഗം അയച്ച കാര്‍ഗോ കണ്ടെയ്‌നറുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നു; പ്രവാസികള്‍ പ്രതിസന്ധിയില്‍

ഗള്‍ഫ് നാടുകളില്‍നിന്നും പ്രവാസികള്‍ കടല്‍ മാര്‍ഗം അയച്ച കാര്‍ഗോ കണ്ടെയ്‌നറുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് കാര്‍ഗോ കമ്പനികളെയും പ്രവാസികളെയും പ്രതിസന്ധിയിലാക്കുന്നു. ക്രമക്കേടും വെട്ടിപ്പും തടയുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയതെന്നാണ് അധികൃതരരുടെ ഭാഷ്യം.എന്നാല്‍ മാസങ്ങളായി അയച്ച കാര്‍ഗോ ഇപ്പോഴും തുറമുഖങ്ങളില്‍ തന്നെ കെട്ടിക്കിടക്കുകയാണ്.

രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ നാട്ടിലേക്ക് പോകുന്ന സാധാരണക്കാരായ പ്രവാസികള്‍ അടക്കം മിക്കവരും നാട്ടിലേക്ക് സാധനങ്ങള്‍ അയക്കാന്‍ കാര്‍ഗോ കമ്പനികളെയാണ് ആശ്രയിക്കുന്നത്.

ഗള്‍ഫ് നാടുകളില്‍ നിന്നടക്കം അയച്ച നൂറുകണക്കിന് കണ്ടെയ്‌നറുകളാണ് മാസങ്ങളായി ക്ലിയറന്‍സിന് അനുമതി ലഭിക്കാതെ തുറമുഖങ്ങളില്‍ കെട്ടികിടക്കുന്നത്. ഉത്പന്നങ്ങള്‍ സ്വദേശങ്ങളിലേക്ക് അയച്ച പ്രവാസികളെപോലെ തന്നെ കാര്‍ഗോ കമ്പനികളും ഇതേത്തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

മാസങ്ങളോളം കെട്ടി കിടന്ന കണ്ടെയ്‌നറുകള്‍ക്ക് ഭീമമായ തുകയാണ് ഡമ്മറേജ് ഇനത്തില്‍ നല്‍കേണ്ടി വരികയെന്ന് ഗള്‍ഫിലെ കാര്‍ഗോ കമ്പനികള്‍ പറയുന്നു. വലിയ സാമ്പത്തിക നഷ്ടമാണ് തങ്ങള്‍ അഭിമുഖീകരിക്കുന്നതെന്നും എത്രയും വേഗം ഈ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാര്‍ഗോ കമ്പനി ഉടമകള്‍ പറഞ്ഞു.

വിദേശത്തുനിന്നും കണ്ടെയ്‌നറുകളിലൂടെ നികുതിവെട്ടിച്ച് വിദേശ നിര്‍മ്മിത സിഗരറ്റുകളും മറ്റു ഇലക്ട്രോണിക്ക് സാധനങ്ങളും അയക്കാന്‍ ശ്രമിച്ചത് കസ്റ്റംസ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണ ഏജന്‍സികളും കസ്റ്റംസ് വിഭാഗവും സംയുക്തമായി പരിശോധനകള്‍ നടത്തിവരുന്നത്.

എന്നാല്‍ ഇത്തരം പരിശോധനകള്‍ വേഗത്തിലാക്കണമെന്നും ഇതിനായി കുറ്റമറ്റ സംവിധാനങ്ങള്‍ ഒരുക്കാനെമെന്നുമാണ് കാര്‍ഗോ കമ്പനികളും പ്രവാസികളും ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News