ആറ്റുകാല്‍ ദേവിക്ക് പൊങ്കാലയര്‍പ്പിച്ച് കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര. സ്വന്തം വീട്ടില്‍ പൊങ്കാലയര്‍പ്പിക്കുന്ന ചിത്രം ചിത്രതന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ആറ്റുകാലമ്മക്ക് പ്രണാമം എന്ന തലക്കെട്ടോടെയാണ് മലയാളികളുടെ പ്രിയ ഗായിക ആറ്റുകാല്‍ പൊങ്കാല സമര്‍പ്പിച്ചത്. ചിത്രയുടെ ഫേസ്ബുക്ക് പേജിനു കമന്റായി നിരവധിപ്പേരാണ് തങ്ങളുടെ പൊങ്കാല സമര്‍പ്പണച്ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആശംസകളുമായെത്തിയത്.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന തിരുവനന്തപുരം ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാല തുടങ്ങിയത്. ഉച്ചപൂജയ്ക്കുശേഷമായിരുന്നു നിവേദ്യം.
അനേകലക്ഷം സ്ത്രീകള്‍ അണിനിരക്കുന്ന പൊങ്കാല മഹോത്സവം ഇക്കുറി കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് ഭക്തരുടെ വീടുകളില്‍ തന്നെയായിരുന്നു നടത്തിയത്. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമായിരുന്നു ഇത്തവണ പൊങ്കാല. ഭക്തര്‍ക്ക് വീട്ടില്‍ തന്നെ ആചാരങ്ങളും ചിട്ടവട്ടങ്ങളും പാലിച്ച് അടുപ്പ് കൂട്ടി പൊങ്കാല നടത്താമെന്നായിരുന്നു നിര്‍ദേശം.
കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസമാണ് ആറ്റുകാല്‍ പൊങ്കാല. ക്ഷേത്രത്തില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീ ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിയുന്നതോടെയാണ് പൊങ്കാലയുടെ ചടങ്ങുകള്‍ക്ക് തുടക്കമായത്.
പൊങ്കാലയുടെ പ്രധാന ചടങ്ങായ കുത്തിയോട്ടം ഒഴിവാക്കാതെ ആചാരപ്രകാരം പണ്ടാര ഓട്ടം മാത്രമായി നടത്താനാണ് ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. ഞായറാഴ്ച നടക്കുന്ന കുരുതി തര്‍പ്പണത്തോടെയാണ് പൊങ്കാല മഹോത്സവത്തിന് സമാപനമാവും.
Get real time update about this post categories directly on your device, subscribe now.