പെണ്‍കുട്ടിയുടെ മുഖത്തെ അഭിമാനത്തോളം ആകര്‍ഷണീയമാണ് മന്ത്രിയുടെ മുഖത്തെ വാത്സല്യം ; തോമസ് ഐസക്കിനെ പ്രശംസിച്ച് എസ്.ശാരദക്കുട്ടി

ഏഴാം ക്ലാസുകാരി സ്‌നേഹയെന്ന പെണ്‍കുട്ടിയുടെ ഈ വരികള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി തോമസ് ഐസക് ഇക്കൊല്ലത്തെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. സ്‌നേഹയെ നേരില്‍ക്കണ്ട് ചേര്‍ത്തുപിടിച്ച ധനമന്ത്രി തോമസ് ഐസക്കിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് മലയാള നിരൂപകയും പരിഭാഷകയുമായ് എസ്.ശാരദക്കുട്ടി. ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിനെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനി ഷാള്‍ അണിയിച്ചു സ്വീകരിക്കുന്ന ഒരു വീഡിയോ ഇന്നലെ കണ്ടു.

മന്ത്രി വാത്സല്യത്തോടെ അവളുടെ മുഖം കൈകളില്‍ എടുക്കുകയും തോളത്ത് കൈ ചേര്‍ത്ത് അവള്‍ക്കൊപ്പം സമ്മേളന വേദിയിലേക്കു നടക്കുകയും ചെയ്യുന്നു. പെണ്‍കുട്ടിയുടെ മുഖത്തെ അഭിമാനത്തോളം ആകര്‍ഷണീയമാണ് മന്ത്രിയുടെ മുഖത്തെ വാത്സല്യമെന്ന് എസ്.ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ധനമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം കൂടി പങ്കുവെച്ചാണ് ശാരദക്കുട്ടി കുറിപ്പെഴുതിയിരിക്കുന്നത്.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിനെ ഒരു സ്കൂൾ വിദ്യാർഥിനി ഷാൾ അണിയിച്ചു സ്വീകരിക്കുന്ന ഒരു വീഡിയോ ഇന്നലെ കണ്ടു. മന്ത്രി വാത്സല്യത്തോടെ അവളുടെ മുഖം കൈകളിൽ എടുക്കുകയും തോളത്ത് കൈ ചേർത്ത് അവൾക്കൊപ്പം സമ്മേളന വേദിയിലേക്കു നടക്കുകയും ചെയ്യുന്നു. പെൺകുട്ടിയുടെ മുഖത്തെ അഭിമാനത്തോളം ആകർഷണീയമാണ് മന്ത്രിയുടെ മുഖത്തെ വാത്സല്യം . വീണ്ടും വീണ്ടും കണ്ടു ഞാനത് .
പാലക്കാട് കുഴൽമന്ദം സ്കൂളിലെ ഏഴാം ക്ലാസുകാരി സ്നേഹയാണ് ആ പെൺകുട്ടി . “നേരം പുലരുകയും
സൂര്യന് സര്വതേജസ്സോടെ ഉദിക്കുകയും
കനിവാര്ന്ന പൂക്കള് വിരിയുകയും
വെളിച്ചം ഭൂമിയെ സ്വര്ഗമാക്കുകയും ചെയ്യും .” എന്ന വരികളെഴുതിയ കുട്ടി .
ഈ വരികൾ ഉദ്ധരിച്ചാണ് ധനമന്ത്രി തോമസ് ഐസക് ഇക്കൊല്ലത്തെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. ബജറ്റ് പ്രസംഗത്തിൽ ഈ വരികൾ വന്നതോടെ സ്നേഹയും ഒപ്പം സ്കൂളും വേഗത്തിലാണ് വാർത്തകളിൽ നിറഞ്ഞത് . അഭിനന്ദിക്കാൻ തന്നെ വിളിച്ച ധനമന്ത്രിയോട് തന്റെ സ്കൂളിന് സ്വന്തമായി പുതിയ കെട്ടിടം വേണമെന്ന ആവശ്യം സ്നേഹ ഉന്നയിച്ചു. പരിഹരിക്കും എന്ന ഉറപ്പ് ധനമന്ത്രി നൽകി. നൽകിയ ഉറപ്പ് പാലിക്കുവാനെത്തിയ വേളയിലാണ് തോളിൽ കയ്യിട്ട് മന്ത്രി തോമസ് ഐസക്കിനൊപ്പം കുഞ്ഞു സ്നേഹ നടന്നത്. 
സ്കൂളിന് പുതിയ കെട്ടിടം പണിയാൻ ഏഴു കോടി രൂപ അനുവദിക്കപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം ധനമന്ത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുവാനെത്തി. ആഹ്ലാദാരവങ്ങളോടെ മന്ത്രിയെയും സ്നേഹയേയും നാട്ടുകാർ ആദരിച്ചു.
. അവിടെ വെച്ച് സ്നേഹയ്ക്ക് ധനമന്ത്രി മറ്റൊരു സർപ്രൈസും നൽകി. സ്നേഹയ്ക്ക് സ്വന്തമായി ഒരു വീട്. ഓസ്ട്രേലിയയിലുള്ള ധനമന്ത്രിയുടെ സുഹൃത്തുക്കളാണ് വീടു പണിതു നൽകുന്നത്.
സൗമ്യവും ദീപ്തവുമായ ഇടപെടലിലൂടെ തോമസ് ഐസക്കിന്റെ സാന്നിധ്യം ശ്രദ്ധേയമായ മറ്റൊരു ചടങ്ങും ഇന്നലെത്തന്നെ കണ്ടു. തൃശ്ശൂരിൽ ഷാഹിനയുടെയും മറ്റു കൂട്ടുകാരികളുടെയും ഉത്സാഹത്തിൽ ആരംഭിച്ച SLOW എന്ന സാംസ്കാരിക ഇടത്തിന്റെ ഉദ്ഘാടന വേളയിലെ മന്ത്രിയുടെ പ്രസംഗമാണത്.
മോറല് എകോണമിയെ കുറിച്ച് ആറ്റിക്കുറുക്കിയ ചില ചിന്തകള് പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗം. അതിങ്ങനെയാണ്.
‘അഞ്ചുതെങ്ങിലോ ആലപ്പുഴയിലോ വൈക്കത്തോ വൈപ്പിനിലോ ഉള്ള കയര്ത്തൊഴിലാളികള് വ്യത്യസ്തങ്ങളായ കയറാണ് പിരിക്കാറുള്ളത്. പണിയില്ലാതിരുന്നാല് പോലും അവരാരും അപ്പുറത്തെ കയറിനങ്ങളില് കൈവക്കില്ല. നൈപുണ്യമില്ലാത്തതിനാലല്ല, മറിച്ച് ജീവിതത്തില് അവര് പിന്തുടരുന്ന ഒരു തൊഴില് സദാചാരമാണത്. അത് അവരുടെ ജീവിതമൂല്യങ്ങളുടെ പ്രതിഫലനം തന്നെയാണ്. അതൊരുപക്ഷെ ഒരു വിജയമാതൃകയല്ലായിരിക്കാം. പക്ഷെ അത് നല്കുന്ന ചില പാഠങ്ങളുണ്ട് .
വ്യക്തിപരമായതെന്തും രാഷ്ട്രീയം കൂടിയാണെന്ന് പറയുന്ന പോലെത്തന്നെ രാഷ്ട്രീയമാതെന്തും വ്യക്തിപരവുമാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ചെറിയ പ്രഭാഷണം അവസാനിപ്പിച്ചത്’. ( ഷാഹിനയുടെ post ൽ നിന്ന് എടുത്തത് ) .
സഖാവ് തോമസ് ഐസക്കിനോടുള്ള സ്നേഹ ബഹുമാനങ്ങൾ ഓരോ കൂടിക്കാഴ്ചയിലും എനിക്ക് വർധിച്ചു വരാറുണ്ട്.
അപാരമായ സംവേദനക്ഷമതയാണ് ഈ മനുഷ്യന്. ആ ജനസ്വാധീനത്തിന് അടിസ്ഥാനം കർമ്മ പ്രക്രിയകൾ തന്നെ. ജനകീയതക്കു വേണ്ടിയുള്ള തികച്ചും സ്വാഭാവികമായ തിരച്ചിലുണ്ട് അദ്ദേഹത്തിന്റെ ചലനങ്ങളിലും ഭാവങ്ങളിലും തുറന്ന ചിരിയിലും . ജനസമ്മതിയുടെ വിശ്വാസത്തിലും വിനയത്തിലും നിന്നുറവെടുക്കുന്ന ഒരു കരുതലാണത്.
എസ്.ശാരദക്കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News