ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ബ്രിഗേഡ് മൈതാനിയില്‍ ഇന്ന് ഇടതുപക്ഷത്തിന്‍റെ മഹാറാലി

ഇടതുപക്ഷ മതേതര സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഞായറാഴ്ച ബ്രിഗേഡ് മൈതാനിയില്‍ ജനകീയ മഹാറാലി. ബിജെപിയെ ഒറ്റപ്പെടുത്തുക, തൃണമൂലിന്റെ അക്രമ വാഴ്ചയ്‌ക്ക് അറുതിവരുത്തുക എന്നീ മു​ദ്രാവാക്യമുയര്‍ത്തി ബം​ഗാളിന്റെ ​ന​ഗര​ഗ്രാമാന്തരങ്ങളില്‍നിന്ന്‌ ലക്ഷങ്ങള്‍ അണിനിരക്കും. ശനിയാഴ്ചമുതല്‍ കൊല്‍ക്കത്തയിലേക്ക് ജനപ്രവാഹം തുടങ്ങി. ഉത്തര ബംഗാളിൽനിന്നുള്ളവരാണ് ട്രെയിനുകളിലും മറ്റു വാഹനങ്ങളിലുമായി എത്തിയത്.

റാലി ചരിത്ര സംഭവമാക്കാനുള്ള ഒരുക്കമാണ് സംസ്ഥാനത്താകെ നടക്കുന്നത്. തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും വിദ്യാർഥികളും യുവജനങ്ങളും റാലി വിജയിപ്പിക്കാന്‍ രം​ഗത്തുണ്ട്. രൂക്ഷമായ അക്രമവും ഭീഷണിയും അവഗണിച്ചാണ് ജനകീയ പ്രതിരോധം തീർക്കാൻ ബ്രിഗേഡിലേക്ക്‌ ജനങ്ങളുടെ ഒഴുക്ക്.

ബിജെപിക്കും തൃണമൂലിനും താക്കീതായി ഇടതുപക്ഷ ജനാധിപത്യ കക്ഷികളുടെ ശക്തമായ പോരാട്ടത്തിനുള്ള സന്ദേശമാകും ബ്രിഗേഡ് നല്‍കുക. വർഷങ്ങളായി തൃണമൂലിനെ പിന്തുണച്ച ന്യൂനപക്ഷ വിഭാഗം മമതയുടെ ജനാധിപത്യവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് വൻതോതില്‍ റാലിയില്‍ അണിനിരക്കും.

ഇടതുമുന്നണിക്കും മറ്റ് ജനാധിപത്യ മതേതരകക്ഷികള്‍ക്കും ഒപ്പം മത ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ പ്രതിനിധാനംചെയ്യുന്ന ഇന്ത്യൻ സെക്യുലർ ഫ്രണ്ടും റാലിയില്‍ അണിചേരും. ന്യൂനപക്ഷ ജനവിഭാഗം ഒന്നാകെ റാലിയില്‍ അണിനിരന്ന് ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്ന് ഇന്ത്യ സെക്യുലർ ഫ്രണ്ട് ചെയർമാൻ അബ്ബാസ് സിദ്ദിക്കി ആഹ്വാനം ചെയ്തു.

ബം​ഗാളിനെ രക്ഷിക്കാനുള്ള പോരാട്ടമാണ് ഇടതുമുന്നണി നടത്തുന്നതെന്ന് റാലിയുടെ ഒരുക്കങ്ങളെക്കുറിച്ച് വിശദീകരിച്ച് ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here