കേന്ദ്ര സര്‍ക്കാരിന്‍റെ സ്വകാര്യവത്കരണ നയത്തിനെതിരെ പ്രതിഷേധവുമായി ബിഎംഎസും

കേന്ദ്ര സര്‍ക്കാരിന്‍റെ സ്വകാര്യവത്കരണ നയത്തിനെതിരെ പ്രതിഷേധവുമായി ബിഎംഎസും. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ നവംബര്‍ വരെ നീളുന്ന വിപുലമായ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ ബിഎംഎസ് തീരുമാനം. പ്രഖ്യാപനം സ്വകാര്യവത്കരണം തുടരുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ

തന്ത്രപ്രധാനമായ നാലുമേഖലകളിലൊഴികെ മറ്റ് എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും സ്വകാര്യവത്ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാ‍ഴാ‍ഴ്ച വ്യക്തമാക്കിയിരുന്നു. സ്വകാര്യ വത്കരണം വേഗത്തിലാക്കുമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകവെയാണ് ഭരാണാനുകൂല സംഘടനകളും എതിർപ്പ് തുറന്നു പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നതിനെതിരെ ബിജെപി അനുകൂല ട്രേഡ് യൂണിയനായ ബിഎംഎസ് മാസങ്ങള്‍ നീണ്ട സമര പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് മുതല്‍ നവംബര്‍ വരെ ആറ് ഘട്ടങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ബിഎംഎസ് തീരുമാനം. ഹൈദരാബാദില്‍ ചേര്‍ന്ന ബിഎംഎസിന്‍റെ പിഎസ് യു കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

ബിഎംഎസ് അധ്യക്ഷന്‍ എച്ച് ജെ പാണ്ഡ്യ, ജനറല്‍ സെക്രട്ടറി ബിനോയ് കുമാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം. വ്യവസായ കേന്ദ്രങ്ങളിലെ സെമിനാറുകളില്‍ ആരംഭിച്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് ഓഫീസുകള്‍ക്ക് മുന്നില്‍ നവംബറില്‍ വന്‍ തൊ‍ഴിലാളി റാലികളോടെ അവസാനിക്കും വിധമാണ് സമരത്തിന് രൂപം നല്‍കിയിരിക്കുന്നത്.

ആര്‍ എസ് എസ് അനുകൂല സ്വദേശി ജാഗരണ്‍ മഞ്ചും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. കാർഷിക നിയമങ്ങൾക്കെതിരായ സമര പരിപാടികളിൽ പരമ്പരാഗത ബിജെപി അനുകൂലികൾ അണി നിരന്നത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വത്കരണ വിഷയത്തിലും കേന്ദ്ര സർക്കാർ അനുകൂല കേന്ദ്രങ്ങളിൽ കടുത്ത പ്രതിഷേധം ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News