‘ഉറപ്പാണ് എല്‍ഡിഎഫ്’ വികസനത്തിന്, ക്ഷേമത്തിന്, കരുതലിന്; തുടര്‍ഭരണത്തിന്റെ സന്ദേശം പങ്കുവച്ച് എല്‍ഡിഎഫിന്റെ പ്രചരണ വാചകം

തദ്ദേശതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുന്നണികളെല്ലാം തെരഞ്ഞടുപ്പ് പ്രചരണ പരുപാടികളിലേക്ക് കടക്കുകയാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുണര്‍ന്ന് നിമിഷങ്ങള്‍ക്കകം തെരഞ്ഞെടുപ്പ് പ്രാചരണ വാചകം പ്രകാശനം ചെയ്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുന്നേ നടക്കുകയാണ്.

പ്രതിപക്ഷം പടലപ്പിണക്കങ്ങളും ഗ്രൂപ്പ് വഴക്കും കാരണം തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും തുടക്കം കുറിക്കാന്‍ കഴിയാതിരിക്കുമ്പോഴാണ് തുടര്‍ഭരണമെന്ന ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ എല്‍ഡിഎഫ് നടന്നു തുടങ്ങുന്നത്.

ഉറപ്പാണ് എല്‍ഡിഎഫ് എന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേക്ക് കടക്കുമ്പോഴുള്ള ആത്മവിശ്വാസത്തിന്റെ അടയാളമാണ്.

അതിലുമുപരി ഏറെ അര്‍ഥതലങ്ങളുള്ളതാണ് എല്‍ഡിഎഫിന്റെ പ്രചാരണ മുദ്രാവാക്യം അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, പൊതുവിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി സമൂഹത്തിന്റെ നാനാമേഖലയിലും കേരളത്തിന്റെ ഉറപ്പാണ് എല്‍ഡിഎഫ് എന്ന സന്ദേശവും എല്‍ഡിഎഫിന്റെ മുദ്രാവാക്യം ജനങ്ങളിലേക്കെത്തിക്കുന്നു.

ഉറപ്പാണ് എല്‍ഡിഎഫ്

സംസ്ഥാന തരഞ്ഞെടുപ്പ് ചരിത്രത്തില്‍ എറ്റവുമധികം തുടര്‍ഭരണ സാധ്യത പ്രവചിക്കുന്ന ഒരു തെരഞ്ഞെടുപ്പില്‍ ഇത്തരത്തിലൊരു പ്രചരണ മുദ്രാവാക്യവുമായി എല്‍ഡിഎഫ് രംഗത്തുവരുന്നത് അണികള്‍ക്ക് പകര്‍ന്നുനല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും മുന്നണിയുടെ കെട്ടുറപ്പിലും ഉള്‍പ്പെടെ ഒരു തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ മുന്നണി നേതൃത്വത്തിന്‍റെ ആത്മവിശ്വാസത്തെകൂടിയാണ് ഈ പ്രചരണ വാചകം സൂചിപ്പിക്കുന്നത്.

എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന ക‍ഴിഞ്ഞ തവണത്തെ പ്രചരണവാചകത്തെ നെഞ്ചേറ്റിയ കേരളത്തോടും കേരള ജനതയോടും നീതിപുലര്‍ത്താന്‍ ക‍ഴിഞ്ഞു എന്നതിന്‍റെ ആത്മവിശ്വാസം കൂടിയാണ് പുതിയ പ്രചാരണ മുദ്രാവാക്യത്തിലൂടെ എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്നത്.

എല്ലാം ശരിയാകും എന്ന ആദ്യ മുദ്രാവാക്യത്തോട് ഓരോ നിമിഷവും നീതിപുലര്‍ത്തിയാണ് എല്‍ഡിഎഫ് ഭരണത്തെ മുന്നോട്ട് നയിച്ചത്. ഓരോ വര്‍ഷവും കേരളത്തിന് പരിചയമില്ലാത്ത വികസനത്തിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ ജനസമക്ഷം അവതരിപ്പിച്ച് പ്രചരണ സമയത്തെ വാഗ്ദാനങ്ങള്‍ക്ക് ഒരു മുന്നണിയെന്ന നിലയില്‍, ഭരണമെന്ന നിലയില്‍ എത്രമാത്രം വിലനല്‍കുന്നുവെന്നത് പൊതുജനത്തിന് അനുഭവഭേദ്യമാക്കുകയും ചെയ്തു ഇടതുപക്ഷം.

അതുവ‍ഴി പറയുന്ന വാഗ്ദനങ്ങല്‍ നടപ്പിലാക്കുമെന്നും പാലിക്കപ്പെടുമെന്നും തെരഞ്ഞെടുപ്പ് ഗിമ്മിക്കല്ലെന്നുമെന്നതിനുള്ള ഉറപ്പും ഇടതുപക്ഷം പൊതുജനത്തിന് നല്‍കുന്നുണ്ട്.

ഭരണത്തിലേറുമ്പോള്‍ എന്ത് പറഞ്ഞുവെന്നും അഞ്ചുവര്‍ഷക്കാലം ജനങ്ങല്‍ നല്‍കിയ അധികാരത്തോട് നീതിപുലര്‍ത്തി സാധാരണക്കാരന് എന്തെല്ലാം തിരിച്ചുനല്‍കിയെന്നുമുള്ള ചോദ്യത്തിന് നാടൊന്നിച്ച് നൂറ് മാര്‍ക്ക് നല്‍കിയ ഭരണമാണ് ഇടതുപക്ഷത്തിന്‍റേത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ ഈ നാട് പലപ്പോ‍ഴായി അത് വിളിച്ച് പറയുകയും ചെയ്തു.

നാട് അനുഭവിച്ചറിഞ്ഞ ഉറപ്പ്

അടിക്കടിയുള്ള പ്രകൃതി ദുരന്തങ്ങളില്‍ രാഷ്ട്രീയ വിരോധംവച്ചുള്ള കേന്ദ്രത്തിന്‍റെ സംസ്ഥാനത്തിനെതിരായ വിവേചനങ്ങളിലെല്ലാം അതിജീവിക്കാന്‍ ഒരു ഭരണവും രാഷ്ട്രീയ നേതൃത്വവും ഒപ്പമുണ്ടാവുമെന്ന് കേരളത്തിന്‍ പ്രവൃത്തിയിലൂടെ കാട്ടിക്കൊടുത്ത ഒരു മുന്നണി ഒരു ഭരണകൂടം ഇനിയും ഒപ്പമുണ്ടാവുമെന്ന് പറയുമ്പോള്‍ ചേര്‍ന്നുനില്‍ക്കാനും ഏറ്റുവിളിക്കാനുമല്ലാതെ മറ്റൊന്നിനും ആ ജനത മുതിരില്ലെന്നത് ജനങ്ങളില്‍ നിന്നും ഇടതുപക്ഷം പ്രതീക്ഷിക്കുന്ന ഉറപ്പാണ്.

രണ്ട് പ്രളയങ്ങള്‍, നിപ്പ, ഒഖി, എറ്റവും അവസാനം കൊവിഡ് ദുരിതങ്ങള്‍ ഒന്നൊ‍ഴിയാതെ വന്നപ്പോ‍ഴും തങ്ങളെ വിശ്വാസിക്കുന്ന ജനതയെ എങ്ങനെ സംരക്ഷിച്ച് നിര്‍ത്തണമെന്നും ഏത് പ്രതിസന്ധികളിലും തളര്‍ന്നുപോവാതെ ഒരു നാടിനെ എങ്ങനെ മുന്നോട്ട് നയിക്കാമെന്നും ലോകത്തിന് കാട്ടിക്കൊടുത്ത ഒരു ഭരണാധികാരിയും ഭരണ സംവിധാനവും വീണ്ടും വരണമെന്ന് ജനങ്ങളുടെ കൂടെ ആഗ്രഹവും പ്രതീക്ഷയുമാണ്.

ലോകം വിറങ്ങലിച്ച് നിന്ന കൊവിഡ്-19 കാലത്ത് ലോകം ശ്രദ്ധിച്ച ഭരണ നേതൃത്വവും മാതൃകകളും കേരളത്തിന്‍റേതാണെന്നത് എല്ലാ അതിര്‍വരമ്പുകള്‍ക്കുമപ്പുറം ഓരോ മലയാളിക്കും അഭിമാനമാണ്.

നാടിനും നാട്ടുകാര്‍ക്കും പരിചയമില്ലാത്ത നിപ്പ കാലത്ത് ഭരണാധികാരിയുടെ ഒരു പ്രിവിലേജുമില്ലാതെ ആരോഗ്യ സംവിധാനത്തോടും ആരോഗ്യപ്രവര്‍ത്തകരോടും ചേര്‍ന്ന് നിന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും ഏത് പ്രതിസന്ധി കാലത്തും കൂടെയുണ്ടാവും എന്ന രാഷ്ട്രീയ നേതൃത്വത്തിന്‍റെ വാക്കിന് എത്രമേല്‍ ആത്മാര്‍ഥതയുണ്ടെന്നും ഇന്നലെകളിലെ പ്രവര്‍ത്തനങ്ങളിലൂടെ ഈ നാടിന് ഇടതുപക്ഷം നല്‍കിയ ഉറപ്പിന്‍റെ കൂടെ അടയാളമാണ് ഈ പ്രചാരണ വാചകം.

കരുത്തുറ്റ നേതൃത്വമെന്ന ഉറപ്പ്

രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ ഏകാധിപത്യ പ്രവണതകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക പരിതസ്ഥിതിയില്‍ ജനാധിപത്യവും മതനിരപേക്ഷതയും ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് അധികാരത്തിന്‍റെ ഹുങ്ക് ഉപയോഗിച്ച് വര്‍ഗീയ രാഷ്ട്രീയം സാദാരണക്കാരന്‍റെ ജീവനും സ്വത്തിനും വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ എല്ലാ പ്രതിരോധത്തിന്‍റെയും മുന്‍പന്തിയില്‍ ശക്തമായൊരു നേതൃത്വം ശക്തനായൊരു നേതാവ് ഉണ്ടാവുമെന്ന് സാധാരണക്കാരന് നല്‍കുന്ന ഉറപ്പുകൂടിയാണ് ഈ പ്രചാരണ മുദ്രാവാക്യം സാധാരണക്കാരന് നല്‍കുന്നത്.

സിഎഎ സമര കാലത്തും കര്‍ഷക നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ കാലത്തും ഇത് നാട് അനുഭവിച്ചറിഞ്ഞതാണ്. ജനവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായതൊന്നും ഈ ഭരണ നേതൃത്വത്തിന് കീ‍ഴില്‍ കേരളത്തില്‍ നടക്കില്ല എന്നൊരുറപ്പുകൂടി പങ്കുവയ്ക്കുകയാണ് എല്‍ഡിഎഫ് പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ വാചകത്തിലൂടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here