ദുരൂഹതയുണര്‍ത്തി ‘ദ പ്രീസ്റ്റി’ന്റെ സെക്കന്റ് ടീസര്‍

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ‘ദ പ്രീസ്റ്റി’ന്റെ രണ്ടാമത്തെ ടീസര്‍ പുറത്ത്. ഒരു കുടുംബത്തില്‍ തന്നെ മൂന്ന് ആത്മഹത്യകളും അതിലെ ദുരൂഹതയും അന്വേഷിക്കാന്‍ എത്തുന്ന കുറ്റാന്വേഷകന്‍ ഫാദര്‍ ബെനഡിക്ട് ആയാണ് മമ്മൂട്ടി ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. മഞ്ജു വാര്യര്‍, സാനിയ ഇയ്യപ്പന്‍, ബേബി മോണിക്ക തുടങ്ങി ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം ടീസറില്‍ എത്തുന്നുണ്ട്.

നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 4ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ തിയേറ്ററുകളെ പ്രതിസന്ധിയിലാക്കവെ മലയാള സിനിമകളുടെ റിലീസ് നീട്ടി വച്ചിരിക്കുകയാണ്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

നിഖില വിമല്‍, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും, ബി. ഉണ്ണികൃഷ്ണനും, വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജോഫിന്‍ ടി. ചാക്കോയുടെത് തന്നെ കഥ. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പ്രൊജക്ട് ഡിസൈനര്‍-ബാദുഷ, ആര്‍ട്ട് ഡയറക്ടര്‍-സുജിത്ത് രാഘവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍-പ്രേംനാഥ്, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍-പ്രവീണ്‍ ചക്രപണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News