
അസാമിൽ ബിജെപിക്ക് തിരിച്ചടിയായി ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് ബിജെപി ബന്ധം ഉപേക്ഷിച്ചു. അസമിൽ കോണ്ഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബി പി എഫ് വ്യക്തമാക്കി.
മുന്നണി പ്രവേശനം കോണ്ഗ്രസ് സ്വാഗതം ചെയ്തു. അതേ സമയം ഇത്തവണ തേജസ്വി യാദവിന്റെ ആർജെഡിയും കോണ്ഗ്രസ് സഖ്യത്തിൽ മത്സരിക്കും. അസമിൽ ബിജെപി നേതൃത്വം നൽകുന്ന വടക്ക് കിഴക്കൻ ജനാധിപത്യ മുന്നണിയുടെ ഭാഗമായിരുന്നു ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട് .
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ വിജയിച്ച പാർട്ടി ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് ബിജെപിക്ക് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാകും. ഐക്യത്തിനും സമാധാനത്തിനും വികസനത്തിനും വേണ്ടിയാണ് ബി പി എഫ് നിലകൊള്ളുന്നത് എന്ന് പാർട്ടി അധ്യക്ഷൻ ഹഗ്രാമ മോഹിലാരി പറഞ്ഞു.
ബിജെപിയുമായി ഒരു തരത്തിൽ ഉള്ള സൗഹൃദവും ഇനി ഉണ്ടാകില്ല എന്നും മോഹിലാരി കൂട്ടിച്ചേർത്തു. ബി പി എഫ് തീരുമാനത്തെ അസം കോണ്ഗ്രസ് അധ്യക്ഷൻ രിപുണ് ബോറ സ്വാഗതം ചെയ്തു.
ബിജെപിയെ അസമിൽ നിന്ന് പുറത്താക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ബി പി എഫിന്റെ സേവനം ഉപയോഗിക്കും എന്ന് അദ്ദേഹം അറിയിച്ചു. കോണ്ഗ്രസ് ഹൈക്കമന്റുമായും ബി പി എഫ് നേതാക്കൾ ചർച്ച നടത്തിയിരുന്നു.
മുൻ തിരഞ്ഞെടുപ്പുകളിലും അസമിൽ കോണ്ഗ്രസ്, ബി പി എഫ് സഖ്യം ഒരുമിച്ചു നിന്ന ചരിത്രം ഉണ്ട്. സീറ്റു ചർച്ച വരും ദിവസങ്ങളിൽ കോണ്ഗ്രസ് സഖ്യം പൂർത്തിയാക്കും. മൂന്ന് ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന അസമിൽ ആദ്യ ഘട്ട വോട്ടെടുപ്പ് മാര്ച്ച് 27 നാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here