‘രാഹുല്‍ ഗാന്ധി കടലില്‍ ചാടിയത് കേരളത്തിലെ ടൂറിസത്തിന് മുതല്‍ക്കൂട്ടായി’: പരിഹസിച്ച് മുഖ്യമന്ത്രി

രാഹുല്‍ ഗാന്ധിയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ബിജെപിയെ നേരിടേണ്ട പ്രദേശങ്ങളില്‍ രാഹുല്‍ ഗാന്ധിയെ കണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി നല്ല ടൂറിസ്റ്റാണ്. രാഹുല്‍ ഗാന്ധി കടലില്‍ ചാടിയത് കേരളത്തിലെ ടൂറിസത്തിന് മുതല്‍ക്കൂട്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

‘കോൺഗ്രസിൻറെ പ്രധാനപ്പെട്ട നേതാവാണ് രാഹുൽ ഗാന്ധി. ആ രാഹുൽഗാന്ധി കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന ഏതെങ്കിലും സ്ഥലത്ത് പോകുന്നുണ്ടോ? ഏതെങ്കിലും സംസ്ഥാനത്ത് പോകുന്നുണ്ടോ..? ഗോവയിൽ രാഹുൽഗാന്ധി എന്ത് റോളാണ് വഹിച്ചത്?. മണിപ്പൂർ ബീഹാർ കർണാടക മധ്യപ്രദേശ് ഇപ്പോൾ ഏറ്റവും ഒടുവിൽ പുതുച്ചേരി.. എന്താണ് ഇവിടങ്ങളിൽ ഒന്നും അദ്ദേഹത്തിൻറെ ഒരു സ്വരവും കേൾക്കാത്തത്..?

അതിനെതിരെ ഒന്നും പറയുന്നതായും കാണുന്നില്ല. എന്തുകൊണ്ടാണ് കോൺഗ്രസ് ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥലങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാനുള്ള പ്രവണത കോൺഗ്രസിൻറെ ദേശീയ നേതാവിന് ഉണ്ടാക്കുന്നത്. അതിന് ഉത്തരം നൽകണം.

അദ്ദേഹം നല്ല ടൂറിസ്റ്റ് ആണ്. ലോകത്തിൻറെ പല ഭാഗങ്ങളിൽ അദ്ദേഹം പോകാറുണ്ട്. ചില കടലുകൾ വളരെ ശാന്തമാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ടൂറിസ്റ്റുകൾ ബോട്ടുകളിൽ പോവുകയും കടലിൽ ചാടുകയും ചെയ്യാറുണ്ട്. ചിലപ്പോൾ നല്ല രീതിയിൽ കടലിൽ നീന്തി ശീലിച്ച ആളായിരിക്കാം. അതുകൊണ്ട് ഒരു ഗുണമുണ്ടായി. അങ്ങനെ നീന്താൻ ഉപയോഗിക്കുന്ന കടലുകൾ അല്ല കേരളത്തിലുള്ളത്. അതുകൊണ്ടുതന്നെ രാഹുൽഗാന്ധി കടലിൽ ചാടി എന്നുള്ളതുകൊണ്ട് കേരളത്തിലെ അതിലെ ടൂറിസം ഡിപ്പാർട്ട്മെൻിന് നല്ല മുതൽക്കൂട്ടായി. അതുകൊണ്ട് കേരളത്തിലെ കടലുകൾ ശാന്തമാണെന്ന ധാരണ പരക്കാൻ ഇടയായി.

പക്ഷേ വളരെ ശാന്തമല്ല കേരളത്തിലെ കടൽ. അങ്ങനെ തെറ്റിദ്ധരിക്കരുത്. കടലിൻറെ രീതി ശരിക്കും മനസ്സിലാക്കിയേ ചാടാൻ പാടുള്ളൂ.. എന്തായാലും രാഹുൽഗാന്ധിയ്ക്ക് അതൊക്കെ അറിയാമെന്നാണ് പറഞ്ഞത്. അതിൻറെ ഉള്ളുകളികൾ പുറത്തുവരികയും ചെയ്തു. എന്താണ് കിട്ടിയത് ചിലർ പുറത്ത് പറയുന്ന സ്ഥിതിയും ഉണ്ടായി. എന്തെല്ലാം നാടകങ്ങളാണ് നമ്മുടെ നാട്ടിൽ അരങ്ങേറുന്നത്.

ഞങ്ങളെ മറ്റൊരു രീതിയിൽ ചിത്രീകരിക്കാനാണ് ശ്രമം. അതുകൊണ്ടൊന്നും നാടിനെ തെറ്റിദ്ധരിപ്പിക്കാനോ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനോ സാധിക്കില്ല. കാരണം എൽഡിഎഫ് ജനങ്ങൾക്കൊപ്പം ആണ്.. ജനങ്ങൾ എൽഡിഎഫിനൊപ്പവും- മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News