ശബരിമല വിഷയം പ്രചരണ വിഷയമാക്കുന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഗുണകരമല്ലെന്ന് കെപിഎ മജീദ്

ശബരിമല വിഷയം പ്രചരണ വിഷയമാക്കുന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഗുണകരമല്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്.

ഈ തെരഞ്ഞെടുപ്പിലെ പ്രധാന സവിശേഷതയായി മുസ്ലീം ലീഗ് കാണുന്നത് ബിജെപി അക്കൗണ്ട് തുറക്കാതിരിക്കുക എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അക്കൗണ്ട് തുറന്നാല്‍ ഉണ്ടാവുന്ന ഭവിഷ്യത്ത് എന്താണെന്നുള്ള കാര്യം നമ്മൾ ചർച്ച ചെയ്തതാണ്.

ബിജെപിയുടെ പ്രതിരോധം തടക്കുക എന്നുള്ളതാണ് ഇത്തവണത്തെ പ്രധാന ലക്ഷ്യം. ഇപ്പോ‍ഴത്തെ ഗവണ്‍മെന്‍റിന്‍റെ തുടര്‍ഭരണത്തെ തടുക്കുക എന്നുള്ളതാണ് രണ്ടാമത്തെ നിലപാട് എന്നും കെ പി എ മജീദ് പറഞ്ഞു.

‘തെരഞ്ഞെടുപ്പുകളെ ജനാധിപത്യരീതിയിൽ നേരിടണമെന്നതാണ് എന്‍റെ വ്യക്തിപരമായി അഭിപ്രായം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് രണ്ട് മുന്നണികൾ ആണെങ്കിലും 3 മുന്നണികൾ ആണെങ്കിലും പ്രകടനപത്രിക ജനങ്ങളുടെ മുന്നിൽവച്ച് വേണം മത്സരിക്കാന്‍. ഭരിക്കുന്ന മുന്നണിയാണെങ്കില്‍ ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ചു പറയണം. അങ്ങനെ ക്രിയാത്മകമായ രീതിയില്‍ തെരഞ്ഞെടുപ്പിനെ നേരിടണം. ആ രീതിയിലേക്ക് പ്രചാരണം മുന്നോട്ട് പോകണം എന്നുള്ളതാണ് എന്‍റെ അഭിപ്രായം. ഞാന്‍ എല്ലാ കാലത്തും അതില്‍ ഊന്നിയാണ് നില്‍ക്കുന്നത്’- കെ പി എ മജീദ് പറഞ്ഞു.

അല്ലാതെ മതപരമായോ വർഗ്ഗീയപരമായോ ജാതിപരമായോ കൊണ്ടുപോകുന്നത് ചിലപ്പോള്‍ ഈ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തേക്കാം. പക്ഷേ, ഭാവിയില്‍ കേരളത്തിന് വളരെ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന ഒരു പ്രചരണമാണ് ഉണ്ടാകുക. അതുകൊണ്ട് തന്നെ ലീഗ് അടക്കമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കുറേക്കൂടി ക്രിയാത്മകമായ രീതിയില്‍ ജനാധിപത്യ വീക്ഷണത്തോടെ ഈ തെരഞ്ഞെടുപ്പിനെ കാണണം എന്നും കെ പി എ മജീദ് കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ എല്ലാത്തിനും അപ്പുറമായിട്ടുള്ള ചര്‍ച്ചകളുണ്ടാവാം. അപ്പോള്‍ എല്ലാ പാർട്ടികളും വോട്ട് രാഷ്ട്രീയത്തിലേക്ക് പോവുകയാണ്. ഭവിഷ്യത്തുകളെക്കുറിച്ച് ഇന്ന് ആരും ആലോചിക്കുന്നില്ല. വർഗീയ പരമായ ചേരികൾ ഉണ്ടാക്കുക, വർഗീയ പരമായ പ്രശ്നങ്ങൾ ഉയർത്തി പിടിക്കുക, വിശ്വാസപരമായ കാര്യങ്ങളില്‍ ഇടപെടലുകള്‍ ഉണ്ടാകുക എന്നിവയെല്ലാം ഭാവിയിൽ ദോഷകരമാണ്. പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ സമീപിക്കുമ്പോൾ അവർ എന്താണ് ചെയ്യാൻ പോകുന്നത് എന്നുള്ളത് ജനങ്ങളെ അറിയിക്കണം എന്നതാണ് എന്‍റെ അഭിപ്രായം. ഭരണകക്ഷിയാണെങ്കിൽ ഞങ്ങൾ ഇന്ന കാര്യങ്ങൾ ചെയ്തു എന്നു പറഞ്ഞു വേണം ജനങ്ങളെ സമീപിക്കാൻ. അതിൽ ഊന്നിയുള്ള ഒരു തെരഞ്ഞെടുപ്പ് പ്രചരണ രീതിയാണ് അഭികാമ്യം എന്നാണ് ഞാന്‍ കരുതുന്നത്. കെ പി എ മജീദ് വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശന പ്രശ്നം ഈ തെരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാവിഷയം ആണോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വ്യത്യസ്ത അഭിപ്രായമാണ് ഉള്ളതെന്നും കെ പി എ മജീദ് വ്യക്തമാക്കി.

കെെര‍ളി ന്യൂസ് ഡയറക്ടര്‍ ഡോ. എൻ പി ചന്ദ്രശേഖരന്‍ അവതാരകനായുള്ള പത്ത്: 10 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ പി എ മജീദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here